Sorry, you need to enable JavaScript to visit this website.

സഞ്ജീവ് ഭട്ട് ഒരു പ്രതീകമാണ്  

2014 ൽ നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി അവരോധിതനായി ദിവസങ്ങൾ പിന്നിട്ടപ്പോൾ പൂനെയിൽ ഷെയ്ഖ് മുഹ്‌സിൻ സാദിഖ് എന്ന ഒരു ഐ.ടി പ്രൊഫഷണൽ സംഘ്പരിവാർ ആക്രമികളാൽ കൊല്ലപ്പെടുന്നു. അന്ന് വാട്‌സാപ്പിൽ പ്രചരിച്ച ഒരു സന്ദേശമായിരുന്നു 'ഒരു വിക്കറ്റ് വീണു'എന്നത്.  2019 ൽ രണ്ടാം തവണ അധികാരത്തിലേറി ഏതാനും ആഴ്ചകൾ പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ ക്രൂരതകൾക്കെതിരിൽ നിലകൊണ്ട ഒരു മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. കോടതി വ്യവഹാരങ്ങൾക്കപ്പുറത്തേക്ക് നീളുന്ന ഫാസിസത്തിന്റെ നികൃഷ്ട കരങ്ങൾ സുതരാം വ്യക്തമാക്കുന്ന ഒരധ്യായമാണ് ഈ ജൂൺ 20 ന് ജാംനഗർ സെഷൻസ് കോടതി ജഡജി ഡി.എം വൈസ്യയുടെ വിധി.
കേസിനാസ്പദമായ സംഭവം നടക്കുന്നത് 1990 ഒക്ടോബർ 30 നാണ്. അന്നത്തെ പ്രധാനമന്ത്രി വി.പി.സിംഗ് മണ്ഡൽ കമ്മീഷൻ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ അതിനെ മറികടക്കാൻ അദ്വാനിയുടെ നേതൃത്വത്തിൽ ബിജെപി അയോധ്യയിലേക്ക് രഥയാത്ര സംഘടിപ്പിച്ചു. ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിൽനിന്ന് 1990 സെപ്റ്റംബർ 25 ന് ആരംഭിച്ച രഥയാത്ര ബിഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് ഒക്ടോബർ 23 ന് അദ്വാനിയെ ബിഹാറിൽ അറസ്റ്റ് ചെയ്യുന്നതോടു കൂടി അവസാനിച്ചു. എങ്കിലും ഹർത്താലും ബന്ദും കലാപങ്ങളും പിന്നെയും തുടർന്നു. നൂറുകണക്കിന് മുസ്‌ലിംകൾ കൊല്ലപ്പെട്ടു.  ഒക്ടോബർ 24 ന് തന്നെ ജാംനഗർ ജില്ലയിൽ വിവിധയിടങ്ങളിൽ വർഗീയ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഒക്ടോബർ 30 ന് വി.എച്ച്.പി ഭാരത് ബന്ദിനാഹ്വാനം ചെയ്തു. ജാംനഗർ ജില്ലയിൽപെട്ട ജാംജോധ്പുർ ടൗണിൽ ബന്ദ് വർഗീയ സംഘർഷമായി മാറിയപ്പോൾ ലോക്കൽ പോലീസ് 134 പേരെ അറസ്റ്റ് ചെയ്തു. അങ്ങനെ അറസ്റ്റ് ചെയ്യപ്പെട്ടതിൽ ഒരാളായിരുന്നു പ്രഭുദാസ് വൈഷ്‌നാനി. ഈ സംഭവം കഴിഞ്ഞ് പതിനെട്ടാം ദിവസം പ്രഭുദാസ് മരിച്ചു. മരിച്ചയാളുടെ സഹോദരൻ കൊടുത്ത കേസിനാണ്  29 വർഷങ്ങൾക്ക് ശേഷം ഐ.പി.സി 302 പ്രകാരം നരഹത്യക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്.
1990 ൽ സഞ്ജീവ് ഭട്ട് ജാംനഗർ ജില്ലയിൽ അഡീഷണൽ പോലീസ് സൂപ്രണ്ടാണ്. ജാംനഗർ സിറ്റി, ജാംനഗർ റൂറൽ, കമ്പാളിയ എന്നീ മൂന്ന് പോലീസ് യൂണിറ്റുകൾ ഉൾപ്പെട്ടതാണ് ജാംനഗർ ജില്ല. കമ്പാളിയയിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഒക്ടോബർ 16 നും ജാംനഗർ സിറ്റി ഡെപ്യൂട്ടി സൂപ്രണ്ട് ഒക്ടോബർ 24 നും (കലാപമാരംഭിച്ച ദിവസം) അവധിയിൽ പ്രവേശിക്കുകയും ജാംനഗർ ജില്ലയുടെ മൊത്തം ചുമതല ഭട്ടിന്റെ ചുമലിൽ വരികയും ചെയ്തു. 
ബന്ദ് ദിവസം രാവിലെയാണ് ജാംജോധ്പുർ ടൗൺ പോലീസ് കലാപകാരികളെ അറസ്റ്റ് ചെയ്യുന്നത്. ഉച്ചയോടെ ഭട്ട് ഈ പോലീസ് സ്‌റ്റേഷൻ സന്ദർശിച്ചു. അദ്ദേഹം ആളുകളെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കാൻ നിർദേശം കൊടുത്തു. അത് പ്രകാരം ഒക്ടോബർ 31 ന് തന്നെ ലോക്കൽ പോലീസ് 134 പ്രതികളെയും മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കുകയും അവർക്കെല്ലാം ജാമ്യം ലഭിക്കുകയും ചെയ്തു. ഭട്ട് ഒരാളെയും അറസ്റ്റ് ചെയ്തിട്ടില്ല. ചോദ്യം ചെയ്തിട്ടില്ല. മർദിച്ചിട്ടില്ല. അങ്ങനെയൊരു പരാതി ഒരാളും കൊടുത്തിട്ടുമില്ല. അറസ്റ്റ് നടന്ന് പതിനാലാം ദിവസമാണ് കരൾ രോഗം കാരണം പ്രഭുദാസ് ഹോസ്പിറ്റലിൽ പോകുന്നതും പതിനെട്ടാം ദിവസം ഹോസ്പിറ്റലിൽ വെച്ചു തന്നെ  മരണമടയുന്നതും.
കേസിൽ 300 സാക്ഷികളുണ്ടെന്നാണ് പറയുന്നത്. എന്നാൽ മുപ്പത്തിമൂന്ന് പേരെ മാത്രമാണ് വിചാരണ ചെയ്തത്. ഈ സാക്ഷികളെയോ കേസന്വേഷിച്ച പോലീസുദ്യോഗസ്ഥരെയോ ക്രോസ് വിസ്താരം നടത്താനോ ഹോസ്പിറ്റലിലെ റിപ്പോർട്ട് ഹാജരാക്കാനോ ഒന്നും കോടതി അനുമതി നൽകിയില്ല. കേസിനാസ്പദമായ രേഖകൾ ലഭ്യമാക്കാൻ ആവശ്യപ്പെട്ടിട്ട് കോടതിയോ സർക്കാരോ ഹാജരാക്കിയില്ല. എല്ലാം നശിപ്പിക്കപ്പെട്ടു എന്നായിരുന്നു മറുപടി. മരിച്ചയാളുടെ ഫോറൻസിക് റിപ്പോർട്ട് തയാറാക്കിയ ഡോക്ടറെ വിസ്തരിക്കാൻ അനുവദിക്കണമെന്ന് അപേക്ഷിച്ചപ്പോൾ ഉച്ചക്ക് 12.30 ന് കോടതി ഉത്തരവിടുകയാണ്, 1990 ൽ റിപ്പോർട്ട് തയാറാക്കിയ, ഇന്ന് ഹൈദരാബാദിൽ താമസിക്കുന്ന, ഡോ. റെഡ്ഡി ഉച്ചക്ക് മൂന്ന് മണിക്ക് കോടതിയിൽ ഹാജരാകട്ടെയെന്ന്!  
തികഞ്ഞ നീതിനിഷേധമാണ് ന്യായാസനത്തിൽനിന്ന് സംഭവിച്ചിരിക്കുന്നത്. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ പറയുന്നത് കഴിഞ്ഞ പതിനാറ് വർഷത്തിനുള്ളിൽ 180 കസ്റ്റഡി മരണങ്ങൾ ഗുജറാത്തിൽ മാത്രം ഉണ്ടായിട്ടുണ്ട്. അതിന്റെ പേരിൽ ഒരൊറ്റ പോലീസുദ്യോഗസ്ഥനെയും ഇതുവരെ ശിക്ഷിച്ചിട്ടില്ല. തെളിവുകളില്ലെന്ന കാരണത്താൽ അക്കാലത്ത് തന്നെ ഈ കേസ് തള്ളിയിരുന്നു. സംസ്ഥാന ഗവൺമെന്റാകട്ടെ, സഞ്ജീവ് ഭട്ടിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നിഷേധിക്കുകയും ചെയ്തു. അതായത്, 2011 വരെ സഞ്ജീവ് ഭട്ടെന്ന ഐ.പി.എസ് ഉദ്യോഗസ്ഥനെ സംസ്ഥാന ഗവൺമെന്റ് യഥാവിധം സംരക്ഷിച്ചുപോന്നു. ഗോദ്രയും അനുബന്ധ വംശഹത്യയും അന്വേഷിക്കുന്ന നാനാവതി കമ്മീഷനു മുന്നിൽ 2011 ൽ നരേന്ദ്ര മോഡിക്കെതിരെ ചില വെളിപ്പെടുത്തലുകൾ നടത്തുന്നതോടു കൂടിയാണ് അദ്ദേഹം മോഡിയുടെ കണ്ണിലെ കരടാകുന്നത്. പിന്നീട് അദ്ദേഹത്തെ പൂട്ടുകയെന്ന ലക്ഷ്യവുമായി മുന്നോട്ട് പോവുകയായിരുന്നു. മോഡി പ്രധാനമന്ത്രിയായതോടു കൂടി ഭട്ടിനെതിരെയുള്ള ആക്രമണത്തിന് മൂർച്ച കൂടി.
1997 മുതൽ ഗുജറാത്ത് ഭരിച്ചിരുന്ന ബിജെപി മുഖ്യമന്ത്രി കേശുഭായി പട്ടേലിന്റെ മുഖ്യ എതിരാളിയായിരുന്ന നരേന്ദ്ര മോഡി അക്കാലത്ത് ഗുജറാത്തിൽ അനഭിമതനായിരുന്നു. എന്നാൽ 1999, 2000, 2001 കാലത്ത് ഗുജറാത്തിനെ പ്രകൃതി ദുരന്തങ്ങൾ ഒന്നൊന്നായി പിടിച്ചുകുലുക്കിയപ്പോൾ ദുരന്തങ്ങളുടെ ശ്രീമാൻ (മിസ്റ്റർ ഡിസാസ്റ്റർ) എന്ന അപരനാമത്തിന് വിധേയനായ, വയോവൃദ്ധനായ കേശുഭായിക്ക് പകരക്കാരനായി എൽ.കെ. അദ്വാനിയുടെ ആശീർവാദത്തോടെ ദൽഹിയിൽനിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു നരേന്ദ്ര മോഡിയെ. 
സന്തത സഹചാരിയായിരുന്ന പ്രവീൺ തൊഗാഡിയയുടെയും വിശ്വഹിന്ദു പരിഷത്തിന്റെയും പൂർണ പിന്തുണയുമുണ്ടായിരുന്നു. അതുവരേക്കും ഇന്ത്യൻ രാഷ്ട്രീയത്തിൽ അപ്രധാനിയായിരുന്ന ഒരു വ്യക്തി കുൽസിതമായ രാഷ്ട്രീയ തന്ത്രങ്ങളിലൂടെ ശക്തനാവുകയായിരുന്നു. അന്ന് സഞ്ജീവ് ഭട്ട് മോഡിയുടെ സുരക്ഷാ ചുമതലയുള്ള ഇന്റലിജൻസ് ബ്യൂറോയുടെ തലവനായിരുന്നു. അതുവഴി മോഡിയുടെ നീക്കങ്ങളൊക്കെ കൃത്യമായി മനസ്സിലാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. 
ഗോദ്ര സംഭവത്തിൽ കൊല്ലപ്പെട്ട 59 പേരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ 130 കിലോമീറ്റർ അകലെയുള്ള അഹമ്മദാബാദിലേക്ക് വിലാപയാത്രയായി കൊണ്ടുവന്നതും അതിന്റെ പിറ്റേ ദിവസം മുതൽ വി.എച്ച്.പി ആഹ്വാനം ചെയ്ത ബന്ദിന്റെ മറവിൽ അരങ്ങേറിയ വംശഹത്യയും മോഡിയുടെയും തൊഗാഡിയയുടെയും ആസൂത്രണമായിരുന്നുവെന്നും ഭട്ടിന് ബോധ്യമുണ്ടായിരുന്നു. എങ്കിലും ഒരു സിവിൽ സർവന്റ് എന്ന നിലക്ക് പരസ്യമായി മോഡിയെയോ സർക്കാരിനെയോ വിമർശിക്കാൻ അദ്ദേഹം തയാറായില്ല. ഗുജറാത്ത്  വംശഹത്യ അന്വേഷിക്കുന്ന നാനാവതി കമ്മീഷന് മുന്നിൽ തെളിവ് കൊടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെങ്കിലും, കമ്മീഷൻ അദ്ദേഹത്തെ വിളിപ്പിച്ചിരുന്നില്ല. 
എന്നാൽ, കലാപത്തിൽ ഇരുന്നൂറോളം ആളുകളെ പച്ചക്ക് ചുട്ടുകൊന്ന 'ഗുൽബർഗ് സൊസൈറ്റി' കൂട്ടക്കൊലയിൽ ആരെയും പ്രതി ചേർക്കാതെ കേസ് അവസാനിക്കുമെന്നായപ്പോൾ ആ സംഭവത്തിൽ കൊല്ലപ്പെട്ട മുൻ കോൺഗ്രസ് എം.പി. ഇഹ്‌സാൻ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രിയും ടീസ്റ്റ സെറ്റിൽവാദും ചേർന്ന് 2007ൽ ഗുജറാത്ത് ഹൈക്കോടതിയിൽ ഒരു പരാതി കൊടുത്തു, കലാപത്തിന് പ്രേരിപ്പിച്ചത് നരേന്ദ്ര മോഡിയാണെന്നും അത് അന്വേഷിക്കണമെന്നും അപേക്ഷിച്ചുകൊണ്ട്. സാക്ഷികളായി ഐ.പി.എസ് ഓഫീസർമാരായ സഞ്ജീവ് ഭട്ട്, രാഹുൽ ശർമ്മ, ആർ.ബി. ശ്രീകുമാർ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ഈ പരാതി തള്ളുകയും സാകിയ ജാഫ്രി സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. ഹരജി പരിഗണിച്ച സുപ്രീം കോടതി ഒരു സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിക്കാൻ ഗുജറാത്ത് സർക്കാരിനോടാവശ്യപ്പെട്ടു. അതു പ്രകാരമാണ് മുൻ സിബിഐ ചീഫ് ആർ.കെ. രാഘവന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ ഗുജറാത്ത് ഗവൺമെന്റ് 2008 ൽ നിയമിക്കുന്നത്. ഈ കമ്മീഷന്റെ തെളിവെടുപ്പിനിടെയാണ് ആദ്യമായി സഞ്ജീവ് ഭട്ട് 'വില്ലനാ'യി കടന്നുവരുന്നത്; മോഡിക്കെതിരെ തെളിവുമായി. 
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട സത്യങ്ങൾ ഒരിക്കലും നിയമത്തിന്റെ മുന്നിൽ വിജയിക്കാനുള്ളതായിരുന്നില്ലല്ലോ. കലാപം നടത്തിയ ഒരു ഭരണകൂടം നിയോഗിച്ച കമ്മീഷനുകളും ഇൻവെസ്റ്റിഗേഷൻ സംഘങ്ങളും അതേ ഭരണകൂടത്തിനാണ് അവരുടെ കണ്ടെത്തലുകൾ സമർപ്പിക്കുന്നത്. അതൊരിക്കലും യുക്തിസഹമല്ല. ഉദാഹരണത്തിന് ഗുൽബർഗ് കേസെടുക്കാം. ഇഹ്‌സാൻ ജാഫ്രി എന്ന കോൺഗ്രസിന്റെ മുൻ എം.പി വളരെ സാത്വികനായ ഒരു വ്യക്തിയായിരുന്നു. ഒരു കവിയും അങ്ങേയറ്റം മനുഷ്യ സ്‌നേഹിയുമായിരുന്നു. ഇന്ത്യ കണ്ട ആദ്യത്തെ ഭീകരമായ കലാപം 1969 ൽ അഹമ്മദാബാദിൽ നടക്കുമ്പോൾ അദ്ദേഹം അതിലൊരു ഇരയായിരുന്നു. ആയിരത്തോളം മുസ്‌ലിംകൾ കൊല്ലപ്പെട്ടിട്ടും എനിക്ക് എന്റെ ജനതയിൽ പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല എന്നും പറഞ്ഞ് കുടുംബത്തെയും കൂട്ടി അദ്ദേഹം വീണ്ടും അഹമ്മദാബാദിലേക്ക് തന്നെ വരികയാണ്. 2002 ഫെബ്രുവരി 28 ന് രാവിലെ കലാപമാരംഭിച്ചപ്പോൾ ഗുൽബർഗ് കോളനിയിലെ 29 ബംഗ്ലാവുകളിൽനിന്നും പത്തിലധികം അപ്പാർട്ടുമെന്റുകളിൽനിന്നും മുസ്‌ലിംകൾ ജീവനും കൊണ്ട് ഓടിയണഞ്ഞത് ജാഫ്രിയുടെ വീട്ടിലേക്കായിരുന്നു -മുന്നൂറോളം പേർ. അതിലേറെയും കുട്ടികളും സ്ത്രീകളും. ജാഫ്രിയുടെ വീട്ടിൽനിന്നും ഒരു കിലോമീറ്ററിനുള്ളിലാണ് പോലീസ് സ്‌റ്റേഷൻ; രണ്ട് കിലോമീറ്ററിനുള്ളിലാണ് അഹമ്മദാബാദ് പോലീസ് ആസ്ഥാനം. സിറ്റി പോലീസ് കമ്മീഷണർ പി.സി. പാണ്ഡെ ഉച്ചക്ക് മുമ്പേ ജാഫ്രിയെ വീട്ടിൽ വന്ന് കാണുകയും പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് ഉറപ്പുകൊടുക്കുകയും ചെയ്തതാണ്. 
രാവിലെ പത്ത് മണി മുതൽ ആയിരക്കണക്കായ ആയുധധാരികളായ ജനക്കൂട്ടം പുറത്ത് ആക്രോശിച്ചുകൊണ്ടിരുന്നു. ജാഫ്രി മുഖ്യമന്ത്രിയെയും പോലീസ് ഓഫീസർമാരെയും മറ്റു രാഷ്ട്രീയക്കാരെയും നിരന്തരം വിളിക്കുന്നുണ്ടായിരുന്നു. എന്നാൽ, രക്ഷിക്കാൻ ആരും വന്നില്ല. ഉച്ച കഴിഞ്ഞപ്പഴേക്ക് ജനക്കൂട്ടം കോളനിക്കുള്ളിലേക്ക് കയറി വീടുകൾക്ക് തീവെച്ചു. ആരും സഹായിക്കില്ലെന്ന് ഉറപ്പായപ്പോൾ ഇഹ്‌സാൻ ജാഫ്രി കലാപകാരികളെ സമീപിച്ച് തന്നെ കൊന്നിട്ട് സ്ത്രീകളെയും കുട്ടികളെയും വെറുതെ വിടാൻ അഭ്യർത്ഥിച്ചു. അദ്ദേഹത്തിന്റെ ശരീരത്തെ അവർ കഷ്ണം കഷ്ണമാക്കി മുറിച്ചെടുത്ത് തീയിലേക്കെറിഞ്ഞു. പിന്നീട് 169 പേരെ അതേ സ്ഥലത്തുവെച്ചും നാൽപതോളം പേരെ പലയിടത്ത് വെച്ചും കൊന്നു. കൊല്ലപ്പെട്ടവരുടെയും ബലാത്സംഗം ചെയ്യപ്പെട്ടവരുടെയും ശരീരങ്ങൾ അഗ്നി വിഴുങ്ങി. ഒരു പകൽ മുഴുവൻ ഇത്രയും ക്രൂരതകൾ നടന്നിട്ടും ഗുൽബർഗ് കോളനിയിലേക്ക് ഒരു പോലീസുകാരനും തിരിഞ്ഞുനോക്കിയില്ല. ഈ സംഭവത്തിന്റെ അന്വേഷണത്തിൽ നാനാവതി കമ്മീഷൻ കുറ്റപ്പെടുത്തിയത് കൊല്ലപ്പെട്ട ഇഹ്‌സാൻ ജഫ്രിയെയാണ്. അദ്ദേഹം തോക്കുമായി ഹിന്ദുക്കളുടെ ഇടയിലേക്ക് ചെന്ന് പ്രകോപനമുണ്ടാക്കിയതുകൊണ്ടാണ് ഗുൽബർഗ് കൂട്ടക്കൊല സംഭവിച്ചത്!  
ഇതേ നിലപാട് തന്നെയാണ് സർദാപുര, ഓടെ, നരോദ ഗാവോൺ, നരോദ പാട്ടിയ, ദീപ്‌ല ദർവാസ, ബെസ്റ്റ് ബേക്കറി എന്നീ കേസുകളിലും കമ്മീഷൻ ആവർത്തിച്ചത്. ഭട്ടിന്റെ ഡ്രൈവർ പന്തൊഴികെ ബാക്കി സാക്ഷികളൊക്കെ അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥന്മാരായിരുന്നു. അവരാരും അദ്ദേഹത്തെ പിന്തുണച്ചില്ല. തികച്ചും സ്വാഭാവികം. (പിന്നീട് പന്തും കൂറുമാറി, ഭട്ടിനെതിരെ ക്രിമിനൽ കുറ്റത്തിന് കേസും ഫയൽ ചെയ്തു.)  ഇതൊരു ഭട്ടിന്റെ കേസ് മാത്രമല്ല. മോഡി - അമിത്ഷാ കൂട്ടുകെട്ട് ഗുജറാത്ത് ഭരിച്ച 2002 മുതൽ 2014 വരെയുള്ള കാലം കിരാത വാഴ്ചയുടെ ഇരുണ്ട കാലമായിരുന്നു. രാഷ്ട്രീയ വിരോധത്തിന്റെ പേരിലും മറ്റുമായി ഒരുപാട് നിരപരാധികളെ 2002 - 2007 കാലഘട്ടങ്ങളിൽ 'എൻകൗണ്ടർ' (ഏറ്റുമുട്ടൽ) എന്ന ഓമനപ്പേരിട്ട് ഗുജറാത്തിൽ കൊന്നുതള്ളിയിട്ടുണ്ട്. സൊഹ്‌റാബുദ്ദീൻ, കൗസർബി, പ്രാണേഷ് കുമാർ, ഇസ്രത് ജഹാൻ, പ്രജാപതി, സാദിഖ് ജമാൽ...
2018 നവംബർ 5 മുതൽ ഭട്ട് കസ്റ്റഡിയിലാണ്. 1996 ൽ രാജസ്ഥാൻ അതിർത്തി പ്രദേശത്ത് ബനാസ്‌കന്ത ജില്ലയിൽ എസ്.പി ആയിരിക്കേ സുമേർ സിങ് എന്നു പേരായ ഒരു വക്കീലിനെ മയക്കുമരുന്ന് കൈവശംവെച്ച കേസിൽ പിടികൂടുകയുണ്ടായി. സുമേർ പിന്നീട് ഭട്ടിനും മറ്റു പോലീസുകാർക്കെതിരെയും ഗൂഢാലോചനാ കുറ്റത്തിന് കൊടുത്ത പരാതിയിലാണ് 22 വർഷങ്ങൾക്ക് ശേഷം കസ്റ്റഡിയിൽ വെച്ചിരിക്കുന്നത്. അതും നീണ്ട പത്തു മാസക്കാലം. കസ്റ്റഡിയിൽ അദ്ദേഹം എവിടെയാണെന്ന വിവരം പോലും പുറംലോകമറിഞ്ഞിരുന്നില്ല.  സൻജീവ് ഭട്ട് മനഃസാക്ഷിയുള്ള അപൂർവം പോലീസ് ഓഫീസർമാരിൽ ഒരാളാണ്. അതിനദ്ദേഹത്തിന് ഒരുപാട് വില നൽകേണ്ടിയും വന്നു. ഗുജറാത്തിൽ നീതി കിട്ടാതെ അലയുന്ന ഒരുപാട് സ്ത്രീകളുണ്ട്. അതിലൊരാളായ ഇഹ്‌സാൻ ജാഫ്രിയുടെ മകൾ നിഷ്‌റിൻ ഹുസൈൻ സഞ്ജീവ് ഭട്ടിന്റെ പത്‌നി ശ്വേതാ ഭട്ടിനോട് ചോദിച്ചു, 'ഇത് ഇന്ത്യയാണ്; നിങ്ങൾ വിചാരിക്കുന്നുണ്ടോ ജനങ്ങൾ അനുതാപം കാണിക്കുമെന്ന്?' ആ ചോദ്യം അലയടിച്ച് നമ്മുടെയൊക്കെ കാതുകളിൽ എത്തുന്നുണ്ട്.
 

Latest News