Sorry, you need to enable JavaScript to visit this website.

എൻ.ഐ.എക്ക് കൂടുതൽ അധികാരം; ബില്ലിനെ എതിർക്കാൻ കേരളത്തിൽനിന്ന് ആരിഫ് മാത്രം

ന്യൂദൽഹി- ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) കൂടുതൽ അധികാരം നൽകുന്ന ഭേദഗതി ബിൽ ലോക്‌സഭയിൽ വോട്ടിനിട്ടപ്പോൾ ബില്ലിനെ എതിർത്ത് വോട്ടു ചെയ്തത് കേരളത്തിൽനിന്ന് എം.എ ആരിഫ് മാത്രം. ന്യൂനപക്ഷ വിഭാഗങ്ങളെ വേട്ടയാടുന്ന തരത്തിൽ ബിൽ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് കാട്ടി ബില്ലിനെ വിമർശിച്ച കേരളത്തിൽ നിന്നടക്കമുള്ള കോൺഗ്രസ്, മുസ്‌ലിം ലീഗ്, ഡി.എം.കെ എം.പിമാർ വോട്ടെടുപ്പ് സമയത്ത് വിട്ടുനിന്നു.
ആറിനെതിരെ 278 വോട്ടുകൾക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സ്വപ്‌ന ബിൽ പാസായത്. ആരിഫിനു പുറമേ എ.ഐ.എം.ഐ.എം എം.പിമാരായ അസദുദ്ദീൻ ഉവൈസി, ഇംതിയാസ് ജലീൽ, സി.പി.ഐ.എം അംഗങ്ങളായ എം.എ ആരിഫ്, പി.ആർ നടരാജൻ, സി.പി.ഐയുടെ കെ. സുബ്ബരായൻ, നാഷണൽ കോൺഫറൻസിന്റെ ഹസ്‌നൈൻ മസൂദി എന്നിവരാണ് ബില്ലിനെ എതിർത്ത് വോട്ടു ചെയ്തത്.
സർക്കാർ കൊണ്ടുവരുന്ന ഭേദഗതി ബില്ലുകളിൽ സാധാരണ വോട്ടെടുപ്പ് നടക്കാറില്ലെങ്കിലും അസദുദ്ദീൻ ഉവൈസി ആവശ്യപ്പെട്ടതു പ്രകാരമാണ് വോട്ടെടുപ്പിന് അമിത് ഷാ സമ്മതിച്ചത്. വോട്ടെടുപ്പ് നടന്നാൽ ആരൊക്കെ ഭീകരതയ്‌ക്കെതിരെ നിലപാടെടുക്കുന്നു, ആരൊക്കെ ഒപ്പം നിൽക്കുന്നു എന്ന് വ്യക്തമാകുമെന്ന് പറഞ്ഞായിരുന്നു അമിത് ഷാ വോട്ടെടുപ്പിന് തയ്യാറായത്. ഇതോടെയാണ് ഡി.എം.കെയും കോൺഗ്രസും തൃണമൂൽ കോൺഗ്രസുമടക്കമുള്ള പാർട്ടികൾ ബില്ലിനെ അനുകൂലിച്ചത്.

ബിൽ ഭേദഗതി സംബന്ധിച്ച ചർച്ചയിൽ വിയോജിപ്പ് അറിയിച്ച മുസ്‌ലിം ലീഗ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. പൗരന്മാരുടെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുംവിധം സുരക്ഷാ ഏജൻസികൾക്ക് കൂടുതൽ അധികാരം നൽകുന്നതിനോട് യോജിപ്പില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. കേന്ദ്രസർക്കാറിന്റെ ഉപകരണം മാത്രമായി എൻ.ഐ.എ മാറിയെന്ന് ഇ.ടി മുഹമ്മദ് ബഷീർ വിമർശിച്ചു. ന്യൂനപക്ഷങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതാണ് ഭേദഗതിയെന്ന് എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു.

എൻ.ഐ.എയ്ക്ക് ഇതുവരെ സംഘടനകളെ നിരോധിക്കാനും സ്വത്തു വകകൾ കണ്ടുകെട്ടാനുമാണ് അധികാരമുണ്ടായിരുന്നത്. ഇപ്പോൾ ഭേദഗതിയിലൂടെ വ്യക്തികളുടെ കാര്യത്തിലും എൻ.ഐ.എക്ക് സമാനമായ അധികാരം ലഭിയ്ക്കും. സൈബർ െ്രെകമുകൾ, മനുഷ്യക്കടത്ത്, വിദേശ രാജ്യങ്ങളിലെ ഭീകരവാദ കേസുകൾ എന്നിവ നേരിട്ട് അന്വേഷിക്കാനും എൻ.ഐ.എയ്ക്ക് അധികാരമുണ്ടാവും. ഒരു സമുദായത്തെ അകാരണമായി വേട്ടയാടാനാണ് നിയമം വഴിയൊരുക്കുകയെന്ന് ഡി.എം.കെ നേതാവ് എ. രാജ കുറ്റപ്പെടുത്തി. മനുഷ്യാവകാശങ്ങൾക്കു നേർക്കുള്ള കടന്നു കയറ്റമാണ് പുതിയ ഭേദഗതിയെന്ന് കോൺഗ്രസ് എം.പി മനീഷ് തിവാരി കുറ്റപ്പെടുത്തി.

അതേസമയം, എൻഐഎ നിയമം മതത്തിന്റെ അടിസ്ഥാനത്തിൽ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. എന്നാൽ, കുറ്റാരോപിതന്റെ മതം നോക്കാതെ ഭീകരവാദം അടിച്ചമർത്തുമെന്നും അമിത് ഷാ പറഞ്ഞു. ലോക്‌സഭയിൽ എൻഐഎ ഭേദഗതി ബില്ലിൻമേൽ നടന്ന ചർച്ചയിൽ മറുപടി നൽകവേയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. യുപിഎ സർക്കാർ പോട്ട നിയമം പിൻവലിച്ചത് വോട്ട് ബാങ്കിനെ ലക്ഷ്യമിട്ടാണ്. അതിന് ശേഷം ഭീകരാക്രണങ്ങൾ വർധിക്കുന്നതാണ് കണ്ടത്. മുംബൈ ആക്രണത്തിന് ശേഷം എൻഐഎ നിയമം കൊണ്ടുവരാൻ യുപിഎ സർക്കാർ നിർബന്ധിതമാകുകയായിരുന്നു എന്നും അമിത്ഷാ പറഞ്ഞു. 
ബില്ല് പാസാകാൻ എല്ലാ പാർട്ടികളും സഹകരിക്കണം. സഭയ്ക്കുള്ളിൽ ഇക്കാര്യത്തിൽ വേർതിരിവുണ്ടായാൽ അത് പുറത്തേക്ക് തെറ്റായ സന്ദേശം പരത്താനിടയാകും. മാത്രമല്ല, ഭീകരവാദികൾ അവരുടെ വാദങ്ങളിൽ കൂടുതൽ കരുത്താർജിക്കുകയും ചെയ്യുമെന്നും അമിത് ഷാ മുന്നറിയിപ്പു നൽകി. ഭീകരവാദികൾക്കും ലോകത്തിനും ഒരു സന്ദേശം നൽകാൻ എൻഐഎ ബില്ലിന്റെ കാര്യത്തിൽ പാർലമെന്റ് ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. 
    എൻഐഎ ഭേദഗതി നിയമം രാഷ്ട്രീയ പ്രതികാരത്തിന് ദുരപയോഗിക്കപ്പെടുമെന്ന് പ്രതിപക്ഷം ശക്താമായ ആരോപണം ചർച്ചയ്ക്കിടെ ഉന്നയിച്ചിരുന്നു. ബില്ലിൻമേൽ നടന്ന ചർച്ചയ്ക്കിടെ ഒരു വേള കുപിതനായ അമിത്ഷായും അസദുദീൻ ഒവൈസിയും തമ്മിൽ വാക്കേറ്റവും ഉണ്ടായി. ഭരണപക്ഷ അംഗങ്ങൾ സംസാരിക്കുന്നതിനിടെ ഇടയ്ക്ക് കയറി സംസാരിച്ചത് ചോദ്യം ചെയ്ത അമിത്ഷാ പ്രതിപക്ഷ നിരയിലേക്ക് നോക്കി കുപിതനായാണ് സംസാരിച്ചത്. വിരൽ ചൂണ്ടി സംസാരിച്ച് പേടിപ്പിക്കാനൊന്നും നോക്കേണ്ടെന്ന് ഒവൈസിയും പറഞ്ഞു. നിങ്ങളുടെ ഉള്ളിൽ പേടി ഉണ്ടെങ്കിലും പിന്നെ ഞങ്ങൾ എന്തു ചെയ്യാനാണ് എന്നായിരുന്നു അമിത് ഷായുടെ മറുപടി. 
അതിവേഗ വിചാരണകൾക്കായി എൻഐഎക്ക് കോടതികൾ വരുമെന്നും അമിത്ഷാ പറഞ്ഞു. ബില്ലിലെ ഇന്ത്യയുടെ താത്പര്യങ്ങളെ ബാധിക്കുന്ന എന്ന പരാമർശത്തിന് വിശദീകരണം വേണമെന്ന് അസദുദീൻ ഒവൈസി ആവശ്യപ്പെട്ടു. ഭീകരവാദത്തിന്റെ പേരിൽ നിരപരാധികൾ രാജ്യത്ത് നിരന്തരം വേട്ടയാടപ്പെടുകയാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. തീവ്രവാദത്തിന്റെ പേരിൽ ഇരുപത് വർഷത്തോളം ജയിൽവാസം അനുഭവിച്ചശേഷം നിരപരാധിയാണെന്ന് കണ്ടെത്തി വെറുതെ വിടുന്നതാണ് ഇന്ത്യൻ ക്രിമിനൽ നിയമസംഹിത. ഇരുപത് വർഷം തടവുശിക്ഷ അനുഭവിച്ച നിരപരാധിക്ക് ഒരു നഷ്ടപരിഹാരവും ലഭിക്കുന്നില്ല. ഇത് കനത്ത നീതി നിഷേധമാണ്. പോട്ട, ടാഡ നിയമങ്ങളുടെ ദുരുപയോഗം തിരിച്ചറിഞ്ഞാണ് രണ്ട് നിയമങ്ങളും ഇല്ലാതാക്കിയത്. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ഉണ്ടായിട്ടുള്ള അരക്ഷിതാവസ്ഥ വർദ്ധിപ്പിക്കാനേ ഇത്തരം നിയമ നിർമാണങ്ങൾ ഉപകരിക്കൂ എന്നും പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.
    
 

Latest News