Sorry, you need to enable JavaScript to visit this website.

ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ നിയമം കൊണ്ടുവരാൻ രാജസ്ഥാൻ സർക്കാർ; എതിർപ്പുമായി ബി.ജെ.പി

ജയ്പൂർ- ആൾക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും തടയാൻ രാജസ്ഥാൻ സർക്കാർ നിയമം കൊണ്ടുവരുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. അതേസമയം, അക്രമണങ്ങൾക്കെതിരെ നിലവിൽ ശക്തമായ നിയമമുണ്ടെന്നും പുതിയത് ആവശ്യമില്ലെന്നും ബി.ജെ.പി. ആൾക്കൂട്ട ആക്രമണങ്ങൾ വർധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തിയ മുഖ്യമന്ത്രി അശോക് ഗെഹ്്‌ലോട്ട് ആൾക്കൂട്ട ആക്രമണം പോലുള്ള സംഭവങ്ങൾ എല്ലാവരേയും അസ്വസ്ഥരാക്കുന്നുവെന്ന് വ്യക്തമാക്കി. ഇരുപതും മുപ്പതും ആളുകൾ ചേർന്ന് ഒരു മനുഷ്യനെ തല്ലിക്കൊല്ലുന്നത് ദൗർഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങൾക്ക് സമൂഹത്തിൽ യാതൊരു സ്ഥാനവുമില്ല. ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നവരെ ശിക്ഷിക്കാൻ കർശന നിയമം കൊണ്ടുവരേണ്ടത് നമ്മുടെ ആവശ്യമാണ്.' അദ്ദേഹം പറഞ്ഞു.

ആൾക്കൂട്ട ആക്രമണ സംഭവങ്ങളിൽ വേദന തോന്നുന്നുവെന്ന് പ്രതിപക്ഷവും പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ നിയമം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞത്. എന്നാൽ, ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ നിയമം കൊണ്ടുവരാനുള്ള തീരുമാനത്തെ ബി.ജെ.പി എതിർത്തു. ആൾക്കൂട്ട ആക്രമണങ്ങളുടെ ഭാഗമാകുന്നവർക്കെതിരെ ഇതിനകം തന്നെ കേസെടുക്കുകയും അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും നിയമം വളരെ ശക്തമാണെന്നും രാജസ്ഥാൻ ബി.ജെ.പി വൈസ് പ്രസിഡന്റ് ഗ്യാൻദേവ് അഹൂജ പറഞ്ഞു.
 

Latest News