Sorry, you need to enable JavaScript to visit this website.

മതവിദ്വേഷം പ്രചരിപ്പിച്ച കേസിൽ പെൺകുട്ടി ഖുർആൻ വിതരണം ചെയ്യണമെന്ന് ഇന്ത്യൻ കോടതി

റാഞ്ചി- മതവിദ്വേഷം പ്രചരിപ്പിച്ച വിദ്യാർഥിനിക്ക് റാഞ്ചി കോടതിയുടെ അത്യപൂർവ്വ ശിക്ഷ. മുസ്്‌ലിംകൾക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ച പെൺകുട്ടിയോട് അഞ്ച് ഖുർആൻ വിതരണം ചെയ്യാനാണ് കോടതി നിർദേശിച്ചത്. പ്രദേശത്തെ അഞ്ചുമൻ ഇസ്്‌ലാമിയ ഇസ്ലാമിയ കമ്മിറ്റിക്ക് ഒരു ഖുർആനും അടുത്തുള്ള സ്‌കൂളിലേക്കും കോളേജിലേക്കും നാലും പതിപ്പുകൾ നൽകാനാണ് കോടതി നിർദ്ദേശം.  ഒന്നാം വർഷ ബിരുദ വിദ്യാർഥിയായ റിച്ച ഭാരതി എന്ന 19 കാരിയോടാണ് കോടതി ഖുർ ആൻ വാങ്ങി വിതരണം ചെയ്യാൻ നിർദേശിച്ചത്. റാഞ്ചി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മനീഷ് കുമാറാണ് വിധി പുറപ്പെടുവിച്ചത്.
ശനിയാഴ്ചയാണ് സോഷ്യൽമീഡിയയിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചതിന് റിച്ചയെ പിതോറിയ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ സന്ദേശങ്ങൾ മുസ്്‌ലിം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും പൊലീസ് കണ്ടെത്തി. റിച്ചയുടെ അറസ്റ്റിനെതിരെ ഹൈന്ദവ സംഘടനകൾ രംഗത്തുവന്നിരുന്നു. ഇരുമതവിഭാഗങ്ങളിലെയും നേതാക്കൾ സമ്മതിച്ചതിനെ തുടർന്നാണ് റിച്ചക്ക് കോടതി ജാമ്യം നൽകിയത്.
കോടതി നൽകിയ 15 ദിവസത്തിനുള്ളിൽ നിർദേശം നടപ്പാക്കാമെന്ന് റിച്ചയുടെ അഭിഭാഷകൻ റാം പ്രവേഷ് കോടതിക്ക് ഉറപ്പു നൽകി. അതേസമയം വിധി വന്നതിന് ശേഷം സോഷ്യൽ മീഡിയയിൽ ഹിന്ദുത്വവാദികൾ പ്രതിഷേധവുമായി രംഗത്തെത്തി. വിധി വിചിത്രമാണെന്നാണ് വാദം. അതേസമയം, ജാമ്യവ്യവസ്ഥ പാലിക്കില്ലെന്നും വിദ്യാർഥിനി വ്യക്തമാക്കി. 
 

Latest News