Sorry, you need to enable JavaScript to visit this website.

വിമാനം നിലം തൊട്ടത് 10 മിനുട്ട് കൂടി മാത്രം പറക്കാനുള്ള ഇന്ധനവുമായി; ദുരന്തം വഴിമാറിയത് തലനാരിഴക്ക്

ന്യൂദൽഹി- മുബൈ-ദില്ലി വിമാനം നിലത്തിറങ്ങിയപ്പോൾ പത്ത് മിനുട്ട് കൂടി പറക്കാനുള്ള ഇന്ധനം മാത്രമായി ശേഷിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി. എയർ വിസ്‌താരയുടെ മുബൈ-ദില്ലി വിമാനമാണ് അത്യന്തം അപകടകരമായ സ്ഥിതിയിൽ യാത്ര നടത്തിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇന്ധനം അപകടകരമായ അവസ്ഥയിൽ വിമാനം ലാൻഡ് ചെയ്‌തത്‌. ഇന്ധന നില അപകടരമായി കുറഞ്ഞതിനെ തുടർന്ന് അപായ സന്ദേശം നൽകിയ പൈലറ്റിനെ മാറ്റി നിർത്തുകയും ചെയ്തിട്ടുണ്ട് . പൈലറ്റിനെ റെഗുലേറ്ററി നിർദേശ പ്രകാരം ജോലിയിൽ നിന്നും ഒഴിവാക്കിയതായി എയർ വിസ്‌താര മുതിർന്ന ഓഫീസർ പറഞ്ഞു. യു കെ 994 വിമാനം പറത്തിയ പൈലറ്റിനെ ഒഴിവാക്കാനായി ഡയറക്റ്ററേറ്റ് ഓഫ് സിവിൽ ഏവിയേഷൻ ആണ് തീരുമാനം കൈകൊണ്ടത്. സംഭവത്തിൽ വസ്തുതകൾ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും വിമാന പൈലറ്റുമായും കമ്പനി അധികൃതരുമായും ഉടൻ തന്നെ സംയുക്ത യോഗം ചേരുമെന്നും അധികൃതർ പറഞ്ഞു. 
                 വിമാനം നിലത്തിറങ്ങുമ്പോൾ വെറും പത്ത് മിനുട്ട് കൂടി പറക്കാനുള്ള ഇന്ധനം മാത്രമായിരുന്നു ബാക്കിയുള്ളത്. 153 യാത്രക്കാരുമായി പറന്ന വിമാനം ഇത്തരമൊരു ഘട്ടത്തിലെത്തിയത് ഗൗരവമേറിയതാണ്. വിമാനവും ലാൻഡ് ചെയ്യുന്ന വേളയിൽ 300 കിലോ ഇന്ധനം മാത്രമാണുണ്ടായിരുന്നത്. സാധാരണ രീതിയിൽ മുബൈ-ദില്ലി സെക്റ്ററിൽ പറക്കുന്ന എയർ ബസ് എ 320 വിമാനങ്ങൾ ആവശ്യത്തിലധികം ഇന്ധനവുമായാണ് പറക്കാറുള്ളത്. 60 മിനുട്ട് കൂടി അധികം പറക്കാനുള്ള ഇന്ധനം കൂടി സുരക്ഷയുടെ ഭാഗമായി കരുതാറുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ മറ്റു വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയാണെങ്കിൽ ഉപയോഗിക്കാൻ വേണ്ടിയാണിത്. എന്നാൽ മുംബൈ-ദില്ലി വിമാനം ഇത് പാലിക്കാതെയാണ് സർവ്വീസ് നടത്തിയത് .
          ദില്ലിയിലെ കാലാവസ്ഥ മോശമായതിനെ തുടർന്ന് ലക്‌നൗവിലേക്ക് വിമാനം വഴി തിരിച്ചു വിട്ടിരുന്നു. പക്ഷെ, ലക്‌നൗ ആകാശത്തും പെട്ടെന്ന് കാഴ്ച്ച കുറഞ്ഞു വരികയും സുരക്ഷിത ലാൻഡിങ് സാധ്യമല്ലെന്ന നിലയിൽ കാലാവസ്ഥ മാറി മറിയുകയും ചെയ്‌തു. തുടർന്നു കാൺപൂർ, പ്രയാഗ്രാജ് വിമാനത്താവളങ്ങളിലെക്ക് തിരിച്ചു വിടാൻ പൈലറ്റ് തീരുമാനിച്ചു. ഇതിനിടെ ലക്‌നൗ വിമാനത്താവള കാലാവസ്ഥ മെച്ചപ്പെട്ടെന്നും അവിടേക്ക് ഇറക്കാനും എയർ ട്രാഫിക് കൺട്രോൾ നിർദേശം നൽകുകയുമായിരുന്നു. ഇതിനിടെയാണ് വിമാന ഇന്ധനം അപകടകരമായ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പൈലറ്റ് അപായ സന്ദേശം നൽകിയത്. യഥാ സമയത്ത് വിമാനം ഇറങ്ങാൻ അവസരം ലഭിച്ചിരുന്നില്ലെങ്കിൽ വൻ അപകടമാണ് ഉണ്ടാകേണ്ടിയിരിടുന്നത്. എന്നാൽ, എയർ വിസ്‌താരയിൽ ആവശ്യത്തിലധികം ഇന്ധനം കരുതിയിട്ടുണ്ടെന്നാണ് വിമാന കമ്പനിയുടെ വാദം.  
 

Latest News