Sorry, you need to enable JavaScript to visit this website.

ആശ്രിത ലെവി പ്രാബല്യത്തിൽ

റിയാദ്- വിദേശ തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്കുള്ള ആശ്രിത ലെവി ഇന്നു മുതൽ പ്രാബല്യത്തിൽ വന്നതായി സൗദി ധനകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആശ്രിത വിസയിലുള്ളവർക്ക് ഈ വർഷം 100 റിയാൽ വീതമാണ് പ്രതിമാസ ലെവിയായി അടയ്‌ക്കേണ്ടത്. ഇഖാമ പുതുക്കുമ്പോൾ ഒരു വർഷത്തേക്ക് സ്‌പോൺസർഷിപ്പിൽ കഴിയുന്ന കുടുംബാംഗങ്ങൾക്ക് ഓരോരുത്തർക്കും 1200 റിയാൽ എന്ന തോതിലാണ് ഓരോ വിദേശിയും ലെവി അടയ്‌ക്കേണ്ടതെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അൽജദ്ആൻ നേരത്തെ പ്രസ്താവിച്ചിരുന്നു. അതേസമയം, ഇക്കാര്യത്തിൽ ധന വകുപ്പിന്റെയോ തൊഴിൽ, ജവാസാത്ത് വകുപ്പുകളുടെയോ ഔദ്യോഗിക പ്രസ്താവനകളൊന്നും ഇന്നലെ പുറത്തിറങ്ങിയില്ല.ആശ്രിത ലെവി 2018 ജൂലൈ മുതൽ പ്രതിമാസം 200 റിയാലായും 2019 ജൂലൈ മുതൽ 300 റിയാലായും 2020 ജൂലൈ മുതൽ 400 റിയാലായും വർധിക്കും. ഇതു പ്രകാരം 2018 ൽ ആശ്രിതരിൽ ഓരോരുത്തർക്കും അടുത്ത വർഷം 2400 റിയാലും 2019 ൽ 3600 റിയാലും 2020 ൽ 4800 റിയാലും ഓരോ വിദേശിയും ഇഖാമ പുതുക്കുമ്പോൾ അടയ്‌ക്കേണ്ടിവരും. 
സൗദിവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും പൊതുവരുമാനം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്കുള്ള ലെവിയും ഉയർത്തുന്നുണ്ട്. നിലവിൽ സ്വകാര്യ സ്ഥാപനങ്ങളിലെ സൗദി ജീവനക്കാരുടെ എണ്ണത്തേക്കാൾ കൂടുതലുള്ള വിദേശികൾക്ക് പ്രതിമാസം 200 റിയാൽ വീതമാണ് ലെവി അടയ്‌ക്കേണ്ടത്. ഇതനുസരിച്ച് 50 ശതമാനവും അതിൽ കൂടുതലും സൗദിവൽക്കരണം പാലിച്ച സ്വകാര്യ സ്ഥാപനങ്ങൾ വിദേശ തൊഴിലാളികൾക്ക് ലെവി അടയ്‌ക്കേണ്ടതില്ല. ജനുവരി ഒന്നു മുതൽ സ്വകാര്യ മേഖലയിലെ മുഴുവൻ വിദേശ തൊഴിലാളികൾക്കും ലെവി ബാധകമാക്കുന്നതിനാണ് തീരുമാനം.
2018 ജനുവരി ഒന്നു മുതൽ സൗദി ജീവനക്കാരേക്കാൾ കൂടുതലുള്ള വിദേശ തൊഴിലാളികൾക്ക് പ്രതിമാസം 400 റിയാലും 2019 ജനുവരി ഒന്നു മുതൽ 600 റിയാലും 2020 ജനുവരി ഒന്നു മുതൽ 800 റിയാലും ലെവി അടയ്‌ക്കേണ്ടിവരും. സൗദി ജീവനക്കാരുടെ എണ്ണത്തേക്കാൾ കുറവുള്ള വിദേശികൾക്ക് 2018 ൽ പ്രതിമാസം 300 റിയാലും 2019 ൽ പ്രതിമാസം 500 റിയാലും 2020 ജനുവരി ഒന്നു മുതൽ പ്രതിമാസം 700 റിയാലുമാണ് ലെവി നൽകേണ്ടത്. കമ്മിയും മിച്ചവുമില്ലാത്ത സന്തുലിത ബജറ്റ് എന്ന ലക്ഷ്യം നേടുന്ന ദിശയിലുള്ള പ്രധാന ചുവടുവെപ്പാണ് വിദേശികൾക്കുള്ള ലെവി. 2020 ഓടെ വരവും ചെലവും സന്തുലിതമാക്കി മാറ്റുകയെന്ന ലക്ഷ്യം നേടുന്നതിനാണ് ഗവൺമെന്റ് മേൽ നികുതികൾ ഈടാക്കുന്നത്. 
ആശ്രിത ലെവിയും വിദേശ തൊഴിലാളികൾക്കുള്ള ലെവിയും ഉയർത്തുന്ന തീരുമാനം  ഗവൺമെന്റ് ഉപേക്ഷിക്കാൻ സാധ്യതയുണ്ടെന്ന് പലരും പ്രതീക്ഷിച്ചെങ്കിലും അത് അസ്ഥാനത്തായി.
 
 

Latest News