Sorry, you need to enable JavaScript to visit this website.

കശാപ്പുശാലകളുടെ നിരീക്ഷണത്തിന് അത്യാധുനിക കൺട്രോൾ റൂം

ബലി കൂപ്പണ് 490 റിയാൽ

മക്ക - മിനാ അൽമുഅയ്‌സിമിലെ കശാപ്പുശാലകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിന് അത്യാധുനിക കൺട്രോൾ റൂം സജ്ജീകരിച്ചു. 500 ലേറെ ഡിജിറ്റൽ ക്യാമറകളെ കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ബലി മാംസം പ്രയോജനപ്പെടുത്തുന്നതിനുള്ള സൗദി അറേബ്യയുടെ പദ്ധതി നവീകരിക്കുന്നതിനുള്ള ശ്രമങ്ങൾക്കനുസൃതമായി നിരീക്ഷണം ശക്തമാക്കുന്നതിനും ഫീൽഡ് സൂപ്പർവൈസർമാരെ കൺട്രോൾ റൂമുമായി ബന്ധിപ്പിക്കുന്നതിനുമാണ് പുതിയ സംവിധാനമെന്ന് പദ്ധതി സൂപ്പർവൈസർ റഹീമി അഹ്മദ് റഹീമി വെളിപ്പെടുത്തി. സാങ്കേതിക വിദഗ്ധരും സൂപ്പർവൈസർമാരുമാണ് കൺട്രോൾ റൂം പ്രവർത്തിപ്പിക്കുക. ഇസ്‌ലാമിക ശരീഅത്ത് അനുശാസിക്കും പ്രകാരമാണ് ബലി കർമം നിർവഹിക്കുന്നതെന്നും മുഴുവൻ ആരോഗ്യ, പരിസ്ഥിതി, ശരീഅത്ത് വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നും കൺട്രോൾ റൂം വഴി നിരീക്ഷിച്ച് ഉറപ്പു വരുത്തും. വീഴ്ചകൾ ശ്രദ്ധയിൽ പെട്ടാലുടൻ ഫീൽഡ് സൂപ്പർവൈസർമാരെ ബന്ധപ്പെട്ട് എത്രയും വേഗം പരിഹരിക്കും. 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷത്തെ ഹജിന് ബലികർമം നിർവഹിക്കുന്നതിന് ആഗ്രഹിക്കുന്നവർ അടയ്‌ക്കേണ്ട തുക 490 റിയാലായി നിശ്ചയിച്ചിട്ടുണ്ട്. ആടിനെ ബലിയറുക്കുന്നതിനുള്ള കൂപ്പൺ നിരക്കാണിത്. ബലി മാംസം പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ വെബ്‌സൈറ്റ് വഴിയും സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ വഴിയും ബലികൂപ്പണുകൾ വാങ്ങാം. ബലി കൂപ്പൺ വിതരണത്തിന് നിരവധി ഏജൻസികളുമായും സ്ഥാപനങ്ങളുമായും കരാറുകൾ ഒപ്പുവെച്ചിട്ടുണ്ട്. സൗദി പോസ്റ്റ്, സൗദി ടെലികോം കമ്പനി, അൽറാജ്ഹി ബാങ്ക്, പിൽഗ്രിംസ് ഗിഫ്റ്റ് സൊസൈറ്റി, നമാ ചാരിറ്റബിൾ സൊസൈറ്റി എന്നിവ വഴി ബലി കൂപ്പണുകൾ വിപണനം ചെയ്യും. ഇ-ട്രാക്ക് വഴിയും തീർഥാടകർക്ക് ബലി കൂപ്പണുകൾ വാങ്ങാവുന്നതാണ്. വിശുദ്ധ ഹറമിനും മസ്ജിദുന്നബവിക്കും സമീപങ്ങളിലും പുണ്യസ്ഥലങ്ങളിലുമുള്ള ഔട്ട്‌ലറ്റുകൾ വഴിയും ബലി കൂപ്പണുകൾ ലഭിക്കുമെന്ന് റഹീമി പറഞ്ഞു. 
ബലി മാംസം പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നതിന്റെ ചുമതല ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് ഗ്രൂപ്പിനാണ്. ബലി മാംസം പ്രയോജനപ്പെടുത്തുന്നതിനുള്ള സൗദി അറേബ്യയുടെ പദ്ധതിക്കു കീഴിൽ പുണ്യസ്ഥലങ്ങളിൽ എട്ടു കശാപ്പുശാലകളാണുള്ളത്. പദ്ധതിക്കു കീഴിൽ കശാപ്പുകാരും ശുചീകരണ തൊഴിലാളികളും സാങ്കേതിക വിദഗ്ധരും ഓഫീസ് ജീവനക്കാരും അടക്കം നാൽപതിനായിരത്തിലേറെ പേർ ഹജ് കാലത്ത് സേവമനുഷ്ഠിക്കാറുണ്ട്. ബലി മാംസം മക്കയിലും സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിലും പാവങ്ങൾക്കിടയിൽ വിതരണം ചെയ്യുകയാണ് പതിവ്. അവശേഷിക്കുന്ന ബലി മാംസം ശീതീകരിച്ച് മുപ്പതോളം ലോക രാജ്യങ്ങളിലേക്ക് അയക്കുന്നു. 

Tags

Latest News