Sorry, you need to enable JavaScript to visit this website.

രാവും പകലും ഷോപ്പിംഗ്; ചെറുകിട, ഇടത്തരം മേഖലകളില്‍ വ്യാപാരം വര്‍ധിക്കും

ജിദ്ദ-സൗദിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും റെസ്‌റ്റോറന്റുകള്‍ക്കും 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കന്‍ മന്ത്രിസഭ നല്‍കിയ അനുമതിക്ക് പരക്കെ സ്വാഗതം. ഇതിന്റെ ഭാഗമായി നമസ്‌കാര സമയങ്ങളിലും കടകള്‍ അടക്കേണ്ടിവരില്ലെന്ന റിപ്പോര്‍ട്ട് അധികൃതര്‍ നിഷേധിച്ചു. നമസ്‌കാര സമയങ്ങളില്‍ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കന്‍ അനുവദിക്കണമെന്ന് പല കോണുകളില്‍നിന്ന് ഉയര്‍ന്ന ആവശ്യം അംഗീകരിക്കപ്പെടുമെന്നായിരുന്നു സ്ഥിരീകരണമില്ലാത്ത റിപ്പോര്‍ട്ട്.


വാർത്തകൾ തത്സമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക


തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കടകള്‍ 24 മണിക്കൂറും തുറക്കാമെന്ന തീരുമാനം കൈക്കൊണ്ടത്.
തീരുമാനത്തെ മന്ത്രിമാരും വിവിധ തുറകളിലുള്ള ബിസിനസുകാരും സ്വാഗതം ചെയ്തു. ചെറുകിട, ഇടത്തരം മേഖലയില്‍ 14 മുതല്‍ 16 ശതമാനം വരെ ബിസിനസ് വര്‍ധിക്കുന്നതിനും പുതിയ സ്ഥാപനങ്ങളുടെ എണ്ണം അഞ്ചു മുതല്‍ ആറു ശതമാനം വരെ ഉയരുന്നതിനും ഇത് സഹായകമാകമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
റെസ്റ്റോറന്റ് മേഖലയില്‍ 11 ശതമാനം വരെയും വിനോദ മേഖലയില്‍ ഒമ്പതു ശതമാനം വരെയും ബിസിനസ് വര്‍ധിക്കുന്നതിനും പ്രതിവര്‍ഷ ഉപഭോക്തൃ ധനവിനിയോഗം പതിനായിരം കോടി റിയാല്‍ വരെയായി ഉയരുന്നതിനും തീരുമാനം സഹായകമാകും.
24 മണിക്കൂറും ഉല്‍പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നത് മൊത്തം ആഭ്യന്തരോല്‍പാദനം ഉയരുന്നതിനും തൊഴിലില്ലായ്മ നിരക്ക് കുറയുന്നതിനും പീക് ടൈമില്‍ തിരക്ക് കുറക്കുന്നതിനും സഹായകമാകുമെന്നുമാണ് മറ്റൊരു നിരീക്ഷണം.
വ്യാപാര കേന്ദ്രങ്ങളിലെയും റോഡുകളിലെയും തിരക്ക് കുറക്കുന്നതിന് സഹായകമാകുന്ന പുതിയ തീരുമാനത്തെ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ ഏറെ ആഹ്ലാദത്തോടെ സ്വാഗതം ചെയ്തു. വനിതകള്‍ക്കുള്ള ഡ്രൈവിംഗ് അനുമതി തീരുമാനത്തെ പോലെ തന്നെ സാമൂഹിക ജീവിതത്തില്‍ വലിയ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്ന തീരുമാനമാണിതെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു.

 

Latest News