Sorry, you need to enable JavaScript to visit this website.

സാജന്റെ ഭാര്യക്ക് പിന്തുണയുമായി കെ.കെ. രമ 

കണ്ണൂർ - സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം വേട്ടയാടപ്പെടുന്ന പ്രവാസി വ്യവസായി സാജന്റെ ഭാര്യ ബീനയ്ക്കു പിന്തുണയുമായി ആർ.എം.പി നേതാവ് കെ.കെ. രമ. ഫേസ്ബുക് കുറിപ്പിലൂടെയാണ് രമ പിന്തുണ അറിയിച്ചത്. 
''നിങ്ങളുടെ മനഃസാന്നിധ്യം തകർത്ത് കേസ് ദുർബലപ്പെടുത്തി സ്വന്തം നേതാക്കളെ രക്ഷിച്ചെടുക്കാനുള്ള, ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം വ്യക്തിഹത്യ. തളരരുത്. സാജനു നീതി ലഭിക്കണം. നിങ്ങൾ മാത്രം ആശ്രയമായ ആ കുഞ്ഞുങ്ങൾക്കു കരുത്തും തണലുമാവണം. അതിനിടയിൽ നിങ്ങൾ വീണുപോയാൽ ജയിക്കുന്നത് നിങ്ങളുടെ ജീവിതം തകർത്തവർ തന്നെയാണ്. താങ്കളെ ആത്മാഹുതിയുടെ മൗനത്തിലേക്കു തള്ളിവിട്ട് സ്വസ്ഥമായി വാഴാമെന്ന് വ്യാമോഹിക്കുന്നവർക്കു മുന്നിൽ ജീവിക്കാനുള്ള ധീരത കൈവെടിയരുത്. ഇക്കാര്യത്തിൽ ജനാധിപത്യ കേരളം ബീനക്കൊപ്പമുണ്ടെന്നും'' രമ ഫേസ്ബുക്കിൽ കുറിച്ചു. 
അതിനിടെ പ്രത്യേക സംഘത്തിന്റെ അന്വേഷണം വഴി തെറ്റുന്നുവെന്ന ആരോപണം ശക്തമായ സാഹചര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ കൃഷ്ണദാസ് ജില്ലാ പോലീസ് മേധാവിയെ കണ്ട് ചർച്ച നടത്തി. പ്രത്യേക സംഘത്തിന്റെ അന്വേഷണ വിവരങ്ങൾ ചോരുന്നുവെന്നാണ് ചർച്ചയിൽ ചൂണ്ടിക്കാട്ടിയതെന്നാണ് സൂചന. കേസന്വേഷണം സംബന്ധിച്ച ചെറിയ വിവരം പോലും ചില മാധ്യമങ്ങൾക്കും സി.പി.എം പ്രവർത്തകർക്കും ചോർന്നു കിട്ടിയെന്നും ഇത് മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വാർത്തയാവുകയും ചെയ്തു. ഇതിനെതിരെ സാജന്റെ കുടുംബം രംഗത്തു വന്നതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ ജില്ലാ പോലീസ് മേധാവിയെ സന്ദർശിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്റെ ഫോൺ കോളുകൾ പരിശോധിക്കണമെന്നും അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഡി.സി.സി പ്രസിഡണ്ട് ആവശ്യപ്പെട്ടിരുന്നു.
നാർകോട്ടിക്‌സ് ഡിവൈ.എസ്.പി കൃഷ്ണദാസ് തലവനായ പ്രത്യേക സംഘത്തിൽ വളപട്ടണം സി.ഐ കൃഷ്ണൻ, എസ്.ഐ വിജേഷ്, വളപട്ടണം സ്റ്റേഷനിലെ പോലീസുകാർ എന്നിവരാണ് ഉള്ളത്. സാജന്റെ കുടുംബ സുഹൃത്ത് മൻസൂറിനെയടക്കം ചോദ്യം ചെയ്തതിന്റെ വിവരങ്ങളാണ് ചോർന്നത്. 
ഇതാണ് സാജന്റെ കുടുംബത്തിനെതിരെ സി.പി.എം നിയന്ത്രണത്തിലുള്ള സമൂഹ മാധ്യമങ്ങളിലും പാർട്ടി മുഖപത്രത്തിലും അപകീർത്തികരമായ വാർത്തകളായി വന്നത്. ഇതിനെതിരെ സാജന്റെ ഭാര്യ ശക്തമായി പ്രതികരിച്ചിരുന്നു. കുടുംബം ഒന്നാകെ ജീവനൊടുക്കുമെന്നും മുന്നറിയിപ്പു നൽകിയിരുന്നു. 
ഈ പ്രതികരണം സി.പി.എം അനുഭാവി കുടുംബങ്ങൡലടക്കം വലിയ ചലനങ്ങൾ സൃഷ്ടിക്കുകയും സമൂഹത്തിൽ പൊതുവെ അന്വേഷണ സംഘത്തിനെതിരെ പ്രതികരണം ഉയരുകയും ചെയ്തതോടെയാണ് ഇത്തരം ആരോപണങ്ങളിൽ നിന്നും പിന്തിരിയാൻ തുടങ്ങിയത്. കൺവെൻഷൻ സെന്ററിനു അനുമതി ലഭിക്കാത്തതാണ് സാജന്റെ ആത്മഹത്യക്കു കാരണമെന്നും മറിച്ചുള്ള ഒരു തെളിവും ലഭിച്ചില്ലെന്നുമാണ് ഇപ്പോൾ അന്വേഷണ സംഘം പറയുന്നത്.
 

Latest News