Sorry, you need to enable JavaScript to visit this website.

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: അന്വേഷണ ഉദ്യോഗസ്ഥന്റെ ഫോൺ ബന്ധങ്ങൾ പരിശോധിക്കണം -സതീശൻ പാച്ചേനി 

കണ്ണൂർ - പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയെക്കുറിച്ചന്വേഷിക്കുന്ന പ്രത്യേക സംഘ തലവൻ ഡിവൈ.എസ്.പി കൃഷ്ണദാസിന്റെ എല്ലാ ഫോൺ ബന്ധങ്ങളും പരിശോധിക്കണമെന്ന് ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു. കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പാച്ചേനി. 
ഡിവൈ.എസ്.പി കൃഷ്ണദാസ് അന്വേഷണ ഉദ്യോഗസ്ഥന്റെ ചുമതലയല്ല ഇപ്പോൾ നിർവഹിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥൻ കാത്തു സൂക്ഷിക്കുന്നതും അനുവർത്തിക്കേണ്ടതുമായ നിയമപരമായ ചുമതലകളിൽ നിന്നും വ്യതിചലിച്ച്, മരണപ്പെട്ട സാജന്റെ കുടുംബത്തെ അപമാനിക്കാൻ ക്വട്ടേഷൻ എടുത്തതു പോലെയാണ് അദ്ദേഹം പെരുമാറുന്നത്. സാജന്റ ആത്മഹത്യക്കു കാരണക്കാരിയായ ആന്തൂർ നഗരസഭ ചെയർപേഴ്‌സൺ ഉൾപ്പെടെയുള്ളവരുടെ കൂലിക്കാരനായി അധഃപതിച്ച്, കേസന്വേഷണത്തിന്റെ മറവിൽ പാപ്പരാസികളെ പോലും നാണിപ്പിക്കുന്ന വിധത്തിൽ ഗൂഢ താൽപര്യത്തിൽ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണ് ഇദ്ദേഹം. ഈ കേസിന്റെ അന്വേഷണച്ചുമതല ഏറ്റെടുത്തതിന്റെ തലേ ദിവസം മുതൽ ഇന്നു വരെയുള്ള ഇദ്ദേഹത്തിന്റെ ഫോൺ രേഖകൾ പരിശോധിക്കണം. കേസന്വേഷണത്തിന്റെ മറ പിടിച്ച് ഇദ്ദേഹം വിളിച്ചതും ഇദ്ദേഹത്തെ വിളിച്ചതുമായ എല്ലാ കോൾ ഡീറ്റെയ്ൽസും ഉന്നത പോലീസ് ഓഫീസർമാർ പരിശോധിക്കണം -പാച്ചേനി ആവശ്യപ്പെട്ടു. 
സാജന്റെ കുടുംബാംഗങ്ങളുടെയും സ്ഥാപനത്തിലെ ജീവനക്കാരുടെയും അതിൽ ചിലരുടെ മൊഴി അഞ്ചു പ്രാവശ്യത്തിലും കൂടുതലും തവണ ശേഖരിച്ച് ദുരുദ്ദേശ്യത്തോടെ ഇല്ലാക്കഥകൾ പ്രചരിപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി നേതൃത്വം നൽകുകയാണ്. സാജന്റെ മക്കൾ പറഞ്ഞു എന്ന പേരിൽ പൊതു സമൂഹത്തിന്റെ മുന്നിൽ അവതരിപ്പിക്കാൻ വ്യാജ റിപ്പോർട്ട് നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിന് ഡിവൈ.എസ്.പി നേതൃത്വം നൽകുന്നു എന്ന് ഇദ്ദേഹത്തിന്റെ ഫോൺ രേഖകൾ സൈബർ സെൽ പരിശോധിച്ചാൽ വ്യക്തമാവും. കർത്തവ്യ നിർവഹണത്തിൽ ദുരദ്ദേശ്യപരമായി പ്രവർത്തിക്കുകയും അന്തസ്സില്ലായ്മ കാണിക്കുകയും ചെയ്ത ഈ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണം -പാച്ചേനി ആവശ്യപ്പെട്ടു. 
സാജന്റെ കുടുംബവുമായി ഹൃദയബന്ധമുള്ള സി.പി.എം നേതാവ് പി.ജയരാജനും കൺവെൻഷൻ സെന്ററിനു പ്രവർത്തനാനുമതി നൽകുന്നതിനു മന്ത്രിക്കു കത്തു നൽകിയ ജെയിംസ് മാത്യു എം.എൽ.എയും ഈ വിഷയത്തിൽ കാണിക്കുന്ന മൗനം അവസാനിപ്പിക്കണം. സാജനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നേരിട്ടറിയാവുന്ന പി.ജയരാജൻ, എന്തുകൊണ്ടാണ് പ്രിയ സുഹൃത്ത് സാജന്റെ ഭാര്യയെ പൊതു സമൂഹത്തിനു മുന്നിൽ അധികാര കേന്ദ്രങ്ങളുടെ സഹായത്തോടെ അപമാനിക്കുമ്പോൾ പോലും പ്രതികരിക്കാത്തത്. ആന്തൂരിലെ പാർട്ടി ലോക്കൽ കമ്മിറ്റിയും തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയും ജില്ലാ സെക്രട്ടറിയേറ്റും തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ധർമ്മശാലയിലെ പൊതു യോഗത്തിൽ നഗരസഭാ അധ്യക്ഷയ്ക്കു തെറ്റുപറ്റി എന്നു പരസ്യമായി പറഞ്ഞ ജയരാജൻ, സംസ്ഥാന സമിതിയുടെ തീരുമാനത്തിനു പിന്നാലെ സാജന്റെ ഭാര്യയെ അപമാനിച്ചിട്ടും പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
 

Latest News