സുപ്രീം കോടതി തീരുമാനം നാളെ; എല്ലാ കണ്ണുകളും കര്‍ണാടക സ്പീക്കറില്‍

ബംഗളൂരു/ ന്യൂദല്‍ഹി- കര്‍ണാടക സ്പീക്കര്‍ വിമത എം.എല്‍.എമാരുടെ രാജി സ്വീകരിക്കുന്നില്ലെന്ന ഹരജിയില്‍ സുപ്രീം കോടതി നാളെ വിധി പറയാനിരിക്കെ എല്ലാ കണ്ണുകളും സ്പീക്കറില്‍.
വിമത എം.എല്‍.എമാര്‍ നല്‍കിയ ഹരിജിയില്‍ സുപ്രീം കോടതി ബുധനാഴ്ച വിധി പറയും.
ഭരണഘടനാനുസൃതമായാണ് തന്റെ കടമകള്‍ നിര്‍വഹിക്കുന്നതെന്ന് സ്പീക്കര്‍ രമേശ് കുമാര്‍ പ്രതികരിച്ചു. സുപ്രീം കോടതി ഉത്തരവ് പഠിച്ച ശേഷം അനന്തര നടപടികള്‍ കൈക്കൊള്ളും. ആരേയും വെല്ലുവിളിക്കുകയല്ലെന്നും കടമ നിര്‍വഹിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കോലാര്‍ ജില്ലയില്‍ വാര്‍ത്താലേഖകരെ കണ്ട അദ്ദേഹം പറഞ്ഞു. സ്പീക്കറെന്ന നിലയില്‍ എല്ലാ കാര്യങ്ങളിലും പ്രതികരിക്കാന്‍ തനിക്ക് പിരിമിതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിശദമായ വാദം കേള്‍ക്കലിനു ശേഷമാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കേസ് വിധി പറയാന്‍ മാറ്റിയത്.
അയോഗ്യതയില്‍നിന്നു രക്ഷപ്പെടാനാണ് എം.എല്‍.എമാര്‍ രാജിക്കത്തു നല്‍കിയതെന്ന് കര്‍ണാടക സ്പീക്കര്‍ക്കു വേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വിയും മന്ത്രിമാരാകാനാണ് രാജിയെന്നു കര്‍ണാടക മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ രാജീവ് ധവാനും വാദത്തിനിടെ ചൂണ്ടിക്കാട്ടി. ഒരാള്‍ രാജിവെക്കാന്‍ തീരുമാനിച്ചാല്‍ സ്പീക്കര്‍ക്ക് എങ്ങനെയാണ് തടയാനാവുകയെന്ന് രാജിവെച്ച എം.എല്‍.എമാര്‍ക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി ചോദിച്ചു.

 

Latest News