Sorry, you need to enable JavaScript to visit this website.

യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിൽ  ശശി തരൂരാണ് ശരി  

യൂണിവേഴ്‌സിറ്റി കോളേജിലെ ഏറ്റവും പുതിയ സംഭവങ്ങളുടെ തുടക്ക ദിനത്തിൽ (കഴിഞ്ഞ വെള്ളിയാഴ്ച) സെക്രട്ടറിയേറ്റിന് മുന്നിലേക്ക് വരുന്ന ഒരു ജാഥ  ആരും പ്രത്യേകം ശ്രദ്ധിച്ചു പോകുമായിരുന്നു. കൊല്ലുന്നേ, കൊല്ലുന്നേ, തില്ലിത്തല്ലി കൊല്ലുന്നേ എന്ന് മനസ്സിൽ തട്ടി വിളിച്ചു നീങ്ങിയ വിദ്യാർഥിക്കൂട്ടം എസ്.എഫ്.ഐ യിലെ  മറ്റൊരു പക്ഷത്തിന്റെതായിരുന്നുവെന്ന് ഇപ്പോൾ കേരളത്തിനറിയാം.  അഖിൽ എന്നൊരു സഹപ്രവർത്തകനെ ഇടനെഞ്ച് നോക്കി കുത്തിയത് സ്വന്തം സഖാക്കൾ തന്നെയായിരുന്നു. രോഷത്തിന്റെയും പ്രതിഷേധത്തിന്റെയും ശക്തിയിൽ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നിറങ്ങിയ എസ്.എഫ്.ഐ പ്രവർത്തകരുടെ മുഖഭാവത്തിലും, മുദ്രാവാക്യത്തിലും അത് പ്രതിഫലിക്കുക സ്വാഭാവികം. എന്തോ തീരുമാനിച്ചുറച്ചുള്ള പോക്കായിരുന്നു അവരുടേത്.  പട്ടാപ്പകലായിരുന്നു കുത്ത്. 
തെളിവ് കൺവെട്ടത്തായപ്പോൾ പ്രതിരോധത്തിലായിപ്പോയത് ഭരിക്കുന്ന പാർട്ടി മാത്രമല്ല, ആ പാർട്ടി യുടെ വിദ്യാർഥി സംഘടനക്ക് ഒരു തരം നൊസ്റ്റാൾജിയ കലർന്ന മാനസികാവസ്ഥയിൽ ഹൃദയ പിന്തുണ നൽകുന്നവരുമാണ്.  ഹോ എസ്.എഫ്.ഐ ക്കാലം, എ.ഐ.എസ്.എഫ് കാലം, കെ.എസ്.യുക്കാലം, എം.എസ്.എഫ് ഘട്ടം അതെന്തൊരു നല്ല കാലമായിരുന്നു എന്നൊക്കെ വെറുതെ സെന്റിയടിക്കുന്നത് വാർധക്യത്തോടടുത്ത വരുടെയും, വൃദ്ധ സമൂഹത്തിന്റെയും ചാപല്യം മാത്രമായിരുന്നുവെന്ന് ഇപ്പോഴെങ്കിലും സെന്റി സംഘവും തിരിച്ചറിയുന്നുണ്ടാവാം.  അത്തരത്തിലുള്ള പ്രതികരണങ്ങൾ പാർട്ടിക്ക് പ്രതിരോധം തീർക്കുന്ന സൈബർ സഖാക്കളിൽ നിന്ന് തന്നെ വന്നു തുടങ്ങിയിട്ടുണ്ട്. ഉദാഹരണം സോഷ്യൽ മീഡിയയിൽ സി.പി.എമ്മിനെയും പിണറായി വിജയനെയുമെല്ലാം സ്വന്തം  തടിയും അടിസ്ഥാന വിശ്വാസവും  കേടാക്കാതെ പിന്തുണക്കുന്ന കിരൺ തോമസിന്റെ ഇനി പറയുന്ന പോസ്റ്റ്:    അമിത കാൽപനികവൽക്കരണം ഒഴിവാക്കിയാൽ തീരുന്ന പ്രശ്‌നമേ എസ്.എഫ്.ഐക്ക് ഉള്ളൂ.  ബി.എക്കും  എം.എ ക്കും ഒക്കെ പഠിക്കുന്ന പിള്ളേർ വിപ്ലവം ഉണ്ടാക്കുമെന്ന തെറ്റിദ്ധാരണ പൊതുസമൂഹവും മാറ്റേണ്ടതുണ്ട്. ആ പ്രായത്തിൽ ഉള്ള പിള്ളേർ പരസ്പരം തമ്മിൽത്തല്ലിയെന്നിരിക്കും. പക്ഷേ കാൽപനിക  എസ്.എഫ്.ഐ  ആയി ഹിസ്‌റ്റോറിക്കലി മാർക്കറ്റ് ചെയ്യപ്പെട്ടതിന്റെ ബാധ്യതയാണ് എസ്.എഫ്.ഐക്ക്  ഉള്ളത്. പ്രായത്തിന്റെ പക്വതയില്ലായ്മയുടെ പ്രശ്‌നമാണ് എന്നും വിദ്യാർഥി സംഘടനകൾക്ക് ഉള്ളത്. അതുകൊണ്ട് അമിത കാൽപനികതക്ക് ആഴം കുറവാണെന്ന സത്യം മനസ്സിലാക്കി എസ്.എഫ്.ഐ  യെ റീബ്രാന്റ് ചെയ്യുകയാണ് വേണ്ടത്.
മറ്റെല്ലാ ഗൃഹാതുര വാസികളുടെയും  നിലപാടിനെതിരാണ് കിരൺ പറയുന്ന കാര്യങ്ങൾ. വിദ്യാർഥി സംഘടനകൾ പാലാണ്, തേനാണ്, പഞ്ചാര കരിമ്പാണ് എന്ന സ്തുതിഗീതങ്ങൾ  ഓരോ കാലത്തുമുള്ള വിപ്ലവ നാട്യക്കാരായ  കവിതാഭിനയക്കാർക്ക്   വീഡിയോ വിൽക്കാൻ കൊള്ളാം. തരപ്പെട്ടാൽ വല്ല അക്കാദമി അംഗത്വവും ഒത്തുവന്നാൽ അത്തരക്കാർക്ക് അതും ലാഭം. അല്ലാതെ ഇവരുടെ ആദർശാഭിനയവും കാൽപനികവൽക്കരണവുമൊന്നും യാഥാർഥ്യമേ അല്ല.  നന്മതിന്മകൾ തിരിച്ചറിയാത്ത, അത്തരമൊന്ന് സ്വന്തം വളർത്ത് പരിസരത്തോ, പാർട്ടി വിദ്യാഭ്യാസ വേദിയിലോ ഒരിക്കൽ പോലും കേട്ടിട്ടില്ലാത്തവരുടെ സംഘം ഒത്തുചേരുന്ന യിടത്ത് ഇതൊക്കെയല്ലാതെ മറ്റെന്ത് നടക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്?  ഇവർക്കെല്ലാം ഇങ്ങനെയേ ആവാൻ പറ്റൂ.  കടലാസ് നന്നാക്കാനായി ഇപ്പോൾ കാണിക്കുന്നതെല്ലാം നാടകമായി മാത്രം കണ്ടാൽ മതി.  രംഗം ശാന്തമാകുമ്പോൾ എല്ലാം പഴയ പടിയാകും.  യൂണിവേഴ്‌സിറ്റി കോളേജ് തിരുവനന്തപുരത്തിന്റെ അലങ്കാരമായി ഇന്നു ള്ള സ്ഥലത്ത് തന്നെ വേണമെന്നത് നഗരത്തിന്റെ നിഷ്‌ക്കകളങ്കമായ കാൽപനികത  കലർന്ന ആഗ്രഹമായിരുന്നു  എല്ലാ കാലത്തും. അത്തരം  നിഷ്‌കളങ്ക വികാരമാണ് എല്ലാവരും മുതലെടുക്കുന്നത്.  ആ അവസ്ഥക്കും മാറ്റം വരുത്തണമെന്ന് സ്ഥലം എം.പി.ശശി തരൂർ ഇന്നലെ ക്രൂരനായിട്ടുണ്ട്. യൂണിവേഴ്‌സിറ്റി കോളേജ്  കെട്ടിട സമുച്ചയം ഹൈക്കോടതി ബെഞ്ചിന് വിട്ടുകൊടുക്കണമെന്നാണ് തരൂർ നിർദേശിച്ചത്. തരൂരിന്റെ വാക്കുകൾ ഇങ്ങനെ '' അക്രമ രാഷ്ട്രീയം ആര് നടത്തിയാലും തെറ്റാണ്. കണ്ണൂരിലേതു പോലെ തിരുവനന്തപുരത്തും സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയം വ്യാപിക്കുന്നത് അംഗീകരിക്കാനാവില്ല. 
യൂണിവേഴ്‌സിറ്റി കോളേജ് മാറ്റി സ്ഥാപിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിട്ടുളളതാണ്. കോളേജ് നിൽക്കുന്നിടത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കാനായിരുന്നു പദ്ധതി. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് യൂണിവേഴ്‌സിറ്റി കോളേജിന്റെ കെട്ടിടം പുതിയ ഹൈക്കോടതി ബെഞ്ചിന് നൽകണമെന്ന് ആവശ്യപ്പെട്ടത്. 'പുതിയ സാഹചര്യത്തിൽ ആരും പിന്തുണച്ചു പോകുന്ന അഭിപ്രായം. തൽപര കക്ഷികൾ പക്ഷേ ഈ നിർദേശം കേൾക്കാൻ പോലും തയാറാകുമെന്ന് തോന്നുന്നില്ല.  മാറ്റാൻ തീരുമാനിച്ചു നോക്കണം അപ്പോൾ വരും സെന്റി സംഘം.  നോക്കുക,   സ്വിച്ചിട്ട മട്ടിലല്ലേ യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിൽ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് സാനു മുതൽ എല്ലാവരും പ്രതികരണമറിയിച്ചത്. കമ്മിറ്റി പിരിച്ചുവിടൽ, ഇതല്ല എസ്.എഫ്.ഐ, ഇങ്ങനെയല്ല എന്റെ എസ്.എഫ്.ഐ എന്ന ആത്മാർഥതയില്ലാത്ത വർത്തമാനം പറച്ചിലുകൾ- എല്ലാം   വല്ലാതെ പെട്ടുപോയതിന്റെ ജാള്യം മറക്കാനല്ലാതെ മറ്റൊന്നിനുമല്ല. സ്വന്തം പാളയത്തിൽ നിന്ന് തന്നെ ഇങ്ങനെയൊന്നുണ്ടാകുമെന്ന് അവരാരും പ്രതീക്ഷിച്ചതല്ല. ടി.പി.ചന്ദ്രശേഖരൻ വധത്തിന് ശേഷമുണ്ടായ പ്രതികരണങ്ങൾ ഈ ഘട്ടത്തിൽ ഓർക്കുന്നത് നന്നായിരിക്കും. പാർട്ടിക്കാരും അനുഭാവികളുമായ നല്ലൊരു പങ്ക് ആളുകൾ അന്ന് ടി.പി പക്ഷം നിന്നു. പിന്നീടവരെല്ലാം ഒന്നിച്ചു മാറി. എന്ത് ടി.പി ഏത് ടി.പി എന്ന് പിന്നീടെപ്പോഴോ അവരെല്ലാം ഒന്നാന്തരം പാർട്ടി പക്ഷമാ കുന്നതാണ് കേരളം  പിന്നീട് കണ്ടത്. അത് തന്നെ യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിലും സംഭവിക്കും. ആത്മാർഥതയില്ലാത്ത വാക്കുകളും ബഹളങ്ങളും രാഷ്ട്രീയ അടവുനയം മാത്രമാണ്. കോളേജ് മാറ്റം എന്ന തരൂർ നിർദേശമെങ്കിലും നടപ്പായാൽ അത്രയും നല്ലത്. ഇതാണ് അതിന് പറ്റിയ അവസരം. അതാര് ചെയ്യും?

Latest News