Sorry, you need to enable JavaScript to visit this website.

എന്നിട്ടും  എസ്.എഫ്.ഐയെ  ന്യായീകരിക്കുന്നവർ

യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമസംഭവങ്ങളെ ന്യായീകരിക്കാൻ പതിവുപോലെ നിരവധി പേർ രംഗത്തുണ്ട്. വർഷങ്ങൾക്കുമുമ്പ് നിരവധി പേരെ കെ. എസ്‌യുക്കാർ കൊന്നുകളഞ്ഞിട്ടുണ്ട്, എം ജി കോളേജിൽ എ ബി വി പി എന്താണ് ചെയ്യുന്നത്, എല്ലാം മാധ്യമ സൃഷ്ടിയാണ് എന്നിങ്ങനെ പോകുന്നു ഒരു വിഭാഗത്തിന്റെ ന്യായീകരണം. മറ്റൊരു വിഭാഗമാകട്ടെ ഇതല്ല എന്റെ എസ് എഫ് ഐ, എന്നെ ഞാനാക്കിയത് എസ് എഫ് ഐയാണ്, ഇത് ഒറ്റപ്പെട്ട സംഭവമാണ് എന്നു പറഞ്ഞ് കൈ കഴുകുന്നു. ഉന്നത വർഗത്തിലെ വിദ്യാർത്ഥികൾ സ്വാശ്രയ കോളേജുകളിൽ പോകാതെ സർക്കാർ കോളേജുകളിൽ വരികയും എസ് എഫ് ഐയിൽ കയറിപ്പറ്റുകയും ചെയ്തതാണ് മൂലകാരണമെന്നു കണ്ടെത്തിയ ബുദ്ധിജീവികളും കുറവല്ല. എസ് എഫ് ഐയുടെ ജനാധിപത്യ വിരുദ്ധതയെ സ്പർശിക്കാൻ ഇവരൊന്നും തയാറില്ല എന്നതാണ് ഏറ്റവും കൗതുകകരം. ഇവരെയെല്ലാം മറികടന്ന് സംഭവത്തെ ശക്തമായി അപലപിക്കുന്നു എന്നു ഭാവിച്ച് രംഗത്തു വന്നിട്ടുള്ള ചില സാംസ്‌കാരിക നായകരും അതേക്കുറിച്ചു പറയാൻ തയാറില്ല. സാക്ഷാൽ സുനിൽ പി ഇളയിടത്തിന്റേയും അശോകൻ ചരുവിലിന്റേയും മറ്റും പ്രതികരണങ്ങൾ ഇതിനുദാഹരണമാണ്.
യൂണിവേഴ്‌സിറ്റി കോളേജിലടക്കം കേരളത്തിലെ എത്രയോ കോളേജുകളിൽ മറ്റു സംഘടനകൾക്കോ വ്യക്തികൾക്കോ പ്രവർത്തന സ്വാതന്ത്ര്യം പോലും അനുവദിക്കാത്ത ജനാധിപത്യ ധ്വംസനം നടക്കുമ്പോഴൊന്നും പ്രതികരിക്കാത്ത ഇവർ ഒരു എസ് എഫ് ഐ പ്രവർത്തകനു തന്നെ കുത്തേറ്റപ്പോഴും അതിനെതിരെ വിദ്യാർത്ഥിനികളും എസ് എഫ് ഐ പ്രവർത്തകരമടക്കമുള്ളവർ തെരുവിലിറങ്ങുകയും ചെയ്തപ്പോഴാണ് രംഗത്തു വരുന്നത്. എസ് എഫ് ഐ കൊടിയിലെഴുതിയിട്ടുള്ള സ്വാതന്ത്ര്യവും ജനാധിപത്യവും അവർ തന്നെ തങ്ങൾക്കു നിഷേധിക്കുന്നു എന്നും പാട്ടുപാടാനോ മറ്റുള്ളവരോട് മിണ്ടാനോ പോലും നേതാക്കളുടെ അനുമതി വേണമെന്നും അനുസരിക്കാത്തവരെ കൈകൈര്യം ചെയ്യാൻ ഇടിമുറിയുണ്ടെന്നും അവർ വിളിച്ചു പറഞ്ഞപ്പോഴാണ് ഇവർ വാ തുറന്നത്. എന്നാലിതു തന്നെ എത്രയോ കാലമായി അവിടെ നടക്കുന്നു എന്നറിയാത്തവർ ആരാണുള്ളത്? ഏതാനും ദിവസം മുമ്പ് ഇക്കാര്യം തന്നെ പറഞ്ഞല്ലേ ഒരു പെൺകുട്ടി അവിടെ നിന്ന് ടി സി വാങ്ങി രക്ഷപ്പെട്ടത്? അപ്പോഴൊന്നും ഒരക്ഷരം മിണ്ടാത്ത ഇളയിടവും ചെരുവിലും മറ്റും ഇപ്പോൾ രംഗത്തു വരുന്നത് എസ് എഫ് ഐയെ വിമർശിക്കാനല്ല, രക്ഷിക്കാനാണെന്നു വ്യക്തം. അല്ലെങ്കിൽ മറ്റു സംഘടനകളുടേയും വ്യക്തികളുടേയും പ്രവർത്തന സ്വാതന്ത്ര്യത്തേയും ജനാധിപത്യാവകാശങ്ങളേയും കുറിച്ചവർ പറയുമായിരുന്നു. 
യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിറ്റ് പിരിച്ചുവിടാനും അവിടെ അരങ്ങേറിയ സംഘർഷത്തിന്റെ പേരിൽ കേരളീയ സമൂഹത്തോട് മാപ്പു പറയാനും എസ്. എഫ്. ഐ നേതൃത്വം തയാറായത് നന്നായെന്നാണ് ഇളയിടം പറയുന്നത്. കേട്ടാൽ ശരിയെന്നു തോന്നുന്ന അഭിപ്രായം. എന്നാൽ പുതിയ യൂണിറ്റ് വന്നാൽ മാത്രം പോരാ, വിദ്യാർത്ഥികളുടെ ജനാധിപത്യാവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന് എന്തേ അദ്ദേഹം പറയുന്നില്ല?  ഇടതുപക്ഷത്തിന്റെ സംഘടനാ ശരീരത്തിലും രാഷ്ട്രീയ പ്രയോഗത്തിലും ജനാധിപത്യവും അടിസ്ഥാന രാഷ്ടീയവും നഷ്ടപ്പെടുന്നതിന്റെ വികൃതമായ രൂപമാണ് യൂണിവേഴ്‌സിറ്റി കോളേജിൽ കണ്ടതെന്നു പറയുമ്പോൾ ഉടനെ കൂട്ടിച്ചേർക്കേണ്ടത് അവ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയല്ലേ...?  സംവാദ സന്നദ്ധത, പുതിയ ആശയ - വൈജ്ഞാനിക ലോകങ്ങളുമായി വിനിമയത്തിനുള്ള ശേഷി, ആണൂറ്റത്തിന്റെ അശ്ലീലം കലർന്ന ശരീര ഭാഷയെയും സംഘടനാരൂപങ്ങളെയും മറികടക്കുന്ന രാഷ്ട്രീയം, ജനാധിപത്യ വിവേകം എന്നിവയ്ക്കായി ബോധപൂർവം പണിപ്പെടുന്നതിലൂടെ മാത്രമേ ഇടതുപക്ഷ രാഷ്ട്രീയത്തിന് ഈ മൗലിക പ്രശ്‌നം പരിഹരിക്കാനാവൂ  എന്ന് അലസ മട്ടിൽ പറയുമ്പോഴും അതിന്റെ ആദ്യ പടി സംസ്ഥാനത്തെ ചെങ്കോട്ടകളെന്നു പേരിട്ടിട്ടുള്ള കലാലയങ്ങളിൽ എല്ലാവർക്കും പ്രവർത്തിക്കാനുള്ള ജനാധിപത്യാവകാശം ഉറപ്പു വരുത്തലാണെന്നു പറയാത്തിടത്തോളം ഇളയിടത്തിന്റെ ലക്ഷ്യം എസ് എഫ് ഐയെ ന്യായീകരിക്കലാണ് വ്യക്തം. 
ഇക്കാര്യത്തിൽ ചെരുവിലിന്റെ നിലപാടും വ്യത്യസ്തമല്ല. എസ്.എഫ്.ഐ എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നവരിൽ അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ഉണ്ടായത്, കേവലം ഒരു കോളേജിനകത്തെ പ്രശ്‌നമായോ കുട്ടികൾക്കിടയിലെ സ്വാഭാവികമായ തർക്കമായോ ഇതിനെ ചുരുക്കി കാണാനാവില്ല, നിലവിലെ എസ്.എഫ്.ഐ സംസ്ഥാന നേതൃത്വത്തിന് ഇതിന്റെ ധാർമിക ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാവില്ല എന്നു പറയുന്ന ചെരുവിൽ തുടർന്ന് പറയുന്നത് എസ്.എഫ്.ഐയുടെ സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്ക് ഒരു വക നിയന്ത്രണവുമില്ലാത്ത ഒരു അരാഷ്ട്രീയ ക്രിമിനൽ സംഘം 'യൂണിറ്റ് കമ്മിറ്റി' എന്ന പേരിൽ കോളേജിലെ എസ്.എഫ്.ഐ നേതൃത്വത്തിൽ കടന്നുപറ്റിയിരിക്കുന്നു എന്നാണ്. ഒരിക്കലുമല്ല. അവരുടെയെല്ലാം അനുഗ്രഹാശംസകളോടെയാണ് എസ് എഫ് ഐ അവിടെ പ്രവർത്തിക്കുന്നതെന്ന കാര്യത്തിൽ സാമാന്യ ബുദ്ധിയുള്ള ആർക്ക് സംശയമുണ്ട്? യഥാർത്ഥ പ്രശ്‌നത്തെ അഭിമുഖീകരിക്കാതെ, സംഭവത്തിന്റെ ഉത്തരവാദിത്തം അഞ്ചോ ആറോ പേരിലൊതുക്കാനുള്ള നേതൃത്വത്തിന്റെ ശ്രമങ്ങൾക്ക് വെള്ള പൂശുകയാണ് ചെരുവിലിന്റെ ലക്ഷ്യം. അധികാരത്തിന്റെ പിൻബലത്തോടെ മനുവാദി ഫാസിസ്റ്റ് ഭീകരത രാജ്യത്തെ കടന്നാക്രമിച്ചു കൊണ്ടിരിക്കുന്ന കാലത്ത് ഒരു ജനാധിപത്യ പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പ്രസക്തി വളരെ വലുതാണ് എന്നദ്ദേഹം പറയുമ്പോൾ അതിന്റെ ആദ്യ പടി സംസ്ഥാനത്താകെ എസ് എഫ് ഐ വെച്ചുപുലർത്തുന്ന ജനാധിപത്യ വിരുദ്ധ - ചെങ്കോട്ട രാഷ്ട്രീയം അവസാനിപ്പിക്കണമെന്നു തന്നെയല്ലേ? അതു പറയാൻ അദ്ദേഹം തയാറുണ്ടോ? 
2017 ൽ യൂണിവേഴ്‌സിറ്റി കോളേജിൽ തന്നെ ഒരുമിച്ചിരുന്ന് നാടകം കണ്ടിരുന്ന സൂര്യഗായത്രി, ജാനകി എന്നീ പെൺകുട്ടികളേയും അവരുടെ സുഹൃത്തായ ജിജീഷിനേയും സദാചാര പോലീസിന്റെ വേഷത്തിൽ എസ് എഫ് ഐ പ്രവർത്തകർ മർദിച്ചപ്പോഴോ മുകളിൽ സൂചിപ്പിച്ച പോലെ പഠനമുപേക്ഷിച്ച് പെൺകുട്ടി പോയപ്പോഴോ മഹാരാജാസിൽ ദളിത് വിദ്യാർത്ഥികൾക്കെതിരെ അക്രമങ്ങൾ നടന്നപ്പോഴോ കേരള വർമ്മയിൽ പ്രവർത്തിക്കാൻ ശ്രമിച്ച ഐസ പ്രവർത്തകരെ കയ്യേറ്റം ചെയ്തപ്പോഴോ കാലടി സംസ്‌കൃത സർവകലാശാലയിൽ ദീപാഞ്ജലി എന്ന ദളിത് ഗവേഷക വിദ്യാർത്ഥിനിയെ ജാതിയധിക്ഷേപത്തിനും തെറിയഭിഷേകങ്ങൾക്കും ഇരയാക്കിയപ്പോഴോ അതിനെതിരെ  ദളിത് വിദ്യാർത്ഥിനികൾ സമരത്തിനിറങ്ങിയപ്പോഴോ  മടപ്പള്ളി ഗവണ്മെന്റ് കോളേജിലെ സൽവ അബ്ദുൽ ഖാദർ തനിക്ക് കോളേജിലെ എസ് എഫ് ഐയിൽ നിന്ന് നേരിടേണ്ടി വന്ന അതിക്രമങ്ങൾ വിവരിച്ചപ്പോഴോ തലശ്ശേരി പാലയാട് ലീഗൽ സ്റ്റഡീസ് കാമ്പസിലെ സോഫി എന്ന വിദ്യാർത്ഥിനിയുടെ പല്ലിടിച്ചിളക്കിയപ്പോഴോ  കോട്ടയം നാട്ടകം ഗവണ്മെന്റ് കോളേജിലെ ആതിരയും ആത്മജയും അക്രമിക്കപ്പെട്ടപ്പോഴോ മഹാരാജാസിൽ രോഹിത് വെമുല അനുസ്മരണം നടത്തിയവർക്കുപോലും മർദനമേറ്റപ്പോഴോ രോഹിത് വെമുലയെ കുറിച്ച് ഏറെ സംസാരിക്കുമ്പോഴും വെമുലയുടെ സംഘടനയായ എ എസ് എയിൽ പ്രവർത്തിച്ചതിന് എം ജി സർവ്വകലാശാലയിലെ വിവേക് കുമാർ എന്ന വിദ്യാർത്ഥിയെ മർദിച്ചപ്പോഴോ അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് പലയിടത്തും വെച്ച് ഫ്രട്ടേണിറ്റിയുടെ യാത്രയെ അക്രമിച്ചപ്പോഴോ ഒന്നും ഇവരാരും പ്രതിഷേധിച്ചിട്ടില്ല. 
ഇപ്പോൾ നടന്നത് ഒറ്റപ്പെട്ട സംഭവമാകുന്നതും സംഘടനയിൽ കയറിക്കൂടിയ സാമൂഹ്യ വിരുദ്ധർ ചെയ്യുന്നതാകുന്നതും ഞങ്ങളുെട എസ് എഫ് ഐ ഇതല്ലാതാകുന്നതും എങ്ങനെയാണ്? യഥാർത്ഥ പ്രശ്‌നത്തെ അഭിമുഖീകരിക്കാതെ എസ് എഫ് ഐയെ ന്യായീകരിക്കൽ തന്നെയാണ് ഇളയിടവും ചെരുവിലുമടക്കമുള്ളവരുടെ ലക്ഷ്യം എന്നു മനസ്സിലാക്കാൻ സാമാന്യ ബോധം മാത്രം മതി. 

Latest News