Sorry, you need to enable JavaScript to visit this website.

നിളയുടെ രക്ഷ, ഒരു  സംസ്‌കൃതിയുടെ സുരക്ഷ

മലബാറിന്റെ അതിർ വരമ്പാണ് നിളാനദി. മധ്യകേരളത്തിൽ നിന്ന് മലബാറിലേക്കുള്ള കവാടമായി നിളാനദിക്ക് കുറകെയുള്ള കുറ്റിപ്പുറം പാലത്തെ കാണാം. കേരളത്തിന്റെ ഭാഷാപരവും സാംസ്‌കാരികവും സാമൂഹികവുമായ അടിത്തറ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചതാണ് നിളയുടെ തീരങ്ങൾ. ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛനായാലും കവി പി.കുഞ്ഞിരാമൻ നായരായാലൂം ഭാരതപ്പുഴയുടെ സവിശേഷമായ സാംസ്‌കാരികത്തനിമയുടെ ഭിന്നഭാവങ്ങളായാണ് നമുക്ക് മുന്നിൽ നിൽക്കുന്നത്.
കേരളത്തിലെ മറ്റേതൊരു നദിയെയും പോലെ ഭാരതപ്പുഴയും പതിറ്റാണ്ടുകളായി നാശത്തിന്റെ ബഹുമുഖമായ വെല്ലുവിളികളെ അഭിമുഖികരിച്ചുവരികയാണ്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രകൃത്യാലുള്ള നാശങ്ങൾക്ക് പുറമെ മനുഷ്യ നിർമിതമായ ഒട്ടേറെ ആക്രമണങ്ങൾക്കും നിളാനദി ഇരയായിക്കൊണ്ടിരിക്കുന്നു. പുഴയുടെ ദൈന്യഭാവം സാഹിത്യത്തിലും പ്രസംഗവേദികളിലും ഏറെ ഉയർന്നു കേൾക്കുന്നുണ്ട്. നിളാ സംരക്ഷണത്തിന് വേണ്ടി പുഴയോരത്തെയും അന്യദേശങ്ങളിലെയും പ്രകൃതി സ്‌നേഹികൾ കൂട്ടായ്മകളും സെമിനാറുകളും ശുചീകരണ പ്രവർത്തനങ്ങളും നടത്തുന്നു. എന്നാൽ പഴയ നിളയെ മലയാളിക്ക് തിരിച്ചുകിട്ടാൻ ഒരു പ്രയത്‌നങ്ങൾക്കും കഴിയുന്നില്ലെന്നതാണ് യാഥാർഥ്യം. 
ഭാരതപ്പുഴയുടെ സംരക്ഷണം ലക്ഷ്യമിട്ട് മെട്രോമാൻ ഇ.ശ്രീധരൻ തുടങ്ങിവെച്ച ഒരു മുന്നേറ്റം ഈ സാഹചര്യത്തിൽ സമൂഹത്തിന്റെ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള ഒന്നാണ്. ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴ എന്ന പേരിൽ കഴിഞ്ഞ ദിവസം ഭാരതപ്പുഴയോരത്തെ തൃത്താല ഗ്രാമത്തിൽ ഒത്തുചേർന്ന പ്രകൃതി സ്‌നേഹികളുടെ കൂട്ടായ്മ നിളയുടെ സംരക്ഷണത്തിൽ ഒരു പുതിയ കാൽവെപ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് മുമ്പും പല തരത്തിലുള്ള കൂട്ടായ്മകളും ഈ ആവശ്യത്തിനായി പിറവിയെടുത്തിരുന്നെങ്കിലും അതൊന്നും ലക്ഷ്യത്തിലേക്കെത്തിയിരുന്നില്ല. എന്നാൽ പദ്ധതി ആസൂത്രണത്തിൽ അനിതരസാധാരണമായ മികവും സാമൂഹികമായ പ്രതിബന്ധതയും പുലർത്തുന്ന ഇ.ശ്രീധരന്റെ മുന്നോട്ടു വരവ് നിളയോര വാസികൾക്ക് പ്രത്യേകിച്ചും മലയാളികൾക്ക് പൊതുവെയും പ്രതീക്ഷ നൽകുന്നുണ്ട്. ഇക്കാര്യത്തിൽ ഇ.ശ്രീധരന് പിന്തുണയുമായി സംസ്ഥാന മുൻ ഡി.ജി.പി ഹോർമിസ് തകരനെ പോലുള്ള പ്രമുഖരും പാലക്കാട് ജില്ലയിലെ ജനപ്രതിനിധികളും രംഗത്തുണ്ടെന്നതും പ്രതീക്ഷകളെ കൂടുതൽ ഉയർത്തുന്നു.


ഭാരതപ്പുഴ നേരിടുന്ന പ്രശ്‌നങ്ങളെ വിശദമായി പഠിച്ച് അവ പരിഹരിക്കുന്നതിന് ഘട്ടംഘട്ടമായുള്ള പ്രവർത്തനങ്ങളാണ് കൂട്ടായ്മയുടെ ആദ്യയോഗത്തിൽ ചർച്ച ചെയ്തത്. നിളയുടെ സംരക്ഷണത്തിനായി ഔദ്യോഗിക സ്വഭാവമുള്ള ഒരു അതോറിറ്റി രൂപീകരിക്കാനാണ് യോഗത്തിൽ പ്രധാന നിർദേശമുണ്ടായത്. അതോടൊപ്പം പുഴയെ നശിപ്പിക്കുന്ന പ്രവർത്തനങ്ങളെ കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള നീക്കങ്ങൾ ആരംഭിക്കാനും നിർദേശമുണ്ട്. 
ഭാരതപ്പുഴ നേരിടുന്നത് വിവിധ തരത്തിലുള്ള ഭീഷണികളാണ്. പുഴയുടെ ഘടനയിൽ കാലാകാലങ്ങളിൽ വരുന്ന സ്വാഭാവിക മാറ്റത്തിന് പുറമെ മനുഷ്യ നിർമിതമായ നാശം പുഴയെ ഇല്ലാതാക്കുന്നു. ഒരു കാലത്ത് കൊല്ലത്തിൽ രണ്ടു തവണ ഇരുകരയും നിറഞ്ഞൊഴുകിയിരുന്ന പുഴയാണ് നിള. വേനലിലും സമുദ്ധമായി വെള്ളം കെട്ടിനിൽക്കുകയും ഒഴുകിപ്പോകുകയും ചെയ്തിരുന്ന നിളയിൽ ഇന്ന് വേനൽ എത്തും മുമ്പേ വരൾച്ചയാണ്.
അശാസ്ത്രീയമായ മണൽ വാരലിൽ നിന്നാണ് പുഴയുടെ നാശം തുടങ്ങിയത്. മൂന്നു പതിറ്റാണ്ട് മുമ്പ് പഞ്ചാരമണൽ നിറഞ്ഞുകിടന്ന പുഴയിൽ ഇന്ന് ചെളിനിറഞ്ഞ മണലാണുള്ളത്. മണൽ ഇല്ലാതായതോടെ ചെളിയടിയുകയും വൻമരങ്ങൾ വരെ പുഴയിൽ വളരാൻ തുടങ്ങുകയും ചെയ്തു. ചിലയിടങ്ങളിലെല്ലാം നിള ഓർമിപ്പിക്കുന്നത് പുഴയെയല്ല, മറിച്ച് മരുഭൂമിയെയാണ്. വലിയ പുൽക്കാടുകൾ വളർന്ന്, സൗന്ദര്യം വാർന്ന് മരുപറമ്പായി മലയാളിയുടെ പ്രിയപ്പെട്ട പുഴമാറി. 1980 കളിൽ മലയാള സിനിമയിൽ പ്രകൃതി സൗന്ദര്യത്തിന്റെ നേർചിത്രങ്ങളായി തെളിഞ്ഞിരുന്ന ഷൊർണൂരിലെയും ഒറ്റപ്പാലത്തെയും നിളാനദി കണ്ണീർ വാർക്കുന്ന ദുരന്ത നായികയായാണ് ഇന്ന് നമുക്ക് മുന്നിൽ നിൽക്കുന്നത്.
മണൽ വാരലിനെ തുടർന്ന് പുഴയിൽ വെള്ളം നിൽക്കാതായതോടെയാണ് നാശം വർധിച്ചത്. വെള്ളത്തെ ശേഖരിച്ച് വെക്കാൻ മണലില്ലാതായതോടെ ചെളിനിറഞ്ഞ അടിത്തട്ടിലൂടെ വെള്ളം അതിവേഗം കടലിലേക്ക് ഒഴുകിപ്പോയി. മഴയിലുണ്ടായ കുറവ് മൂലം വെള്ളം കുറഞ്ഞതും നാശത്തിന്റെ തോത് വർധിപ്പിച്ചു. മണൽ വാരലിന് അടുത്ത കാലത്തുണ്ടായ ശക്തമായ നിയന്ത്രണം ഒരു പരിധി വരെ ഈ പ്രശ്‌നത്തിന് പരിഹാരമാകുന്നുണ്ട്. എന്നാൽ ഇതിനകം തന്നെ പുൽക്കാടുകൾ നിറഞ്ഞ് വികൃതമായ പുഴയെ പഴയ സൗന്ദര്യത്തിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഇത്തരം പുൽക്കാടുകളാകട്ടെ, ഇന്ന് മാലിന്യം തള്ളാനുള്ള രഹസ്യ കേന്ദ്രങ്ങളും സാമൂഹ്യ വിരുദ്ധർക്ക് തമ്പടിക്കാനുള്ള താവളങ്ങളുമാണ്. 
ഭാരതപ്പുഴയുടെ സംരക്ഷണക്കാര്യത്തിൽ പ്രാദേശികമായ കൂട്ടായ്മകൾക്ക് വിജയം കാണാൻ കഴിഞ്ഞിട്ടില്ലെന്നതാണ് ദുഃഖകരം. പുഴയുടെ സൗന്ദര്യവൽക്കരണത്തിന് പുഴയോരത്തെ പഞ്ചായത്തുകൾ ചേർന്ന് ക്രിയാത്മകമായ പദ്ധതികൾ ഇനിയും ആലോചിച്ചിട്ടില്ല. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ പുഴയോര പഞ്ചായത്തുകളുടെ കൂട്ടായ്മയിലൂടെ ഈ പ്രശ്‌നം ഒരു പരിധി വരെ പരിഹരിക്കാവുന്നതാണ്. ഓരോ പഞ്ചായത്തും സ്വന്തം മേഖലയിൽ ഉൾപ്പെടുന്ന പുഴയുടെ ഭാഗങ്ങൾ പുൽക്കാടുകൾ നശിപ്പിച്ച് വൃത്തിയാക്കുകയും തുടർ സംരക്ഷണം ഏറ്റെടുക്കുകയും ചെയ്യുകയാണ് ആവശ്യം. ഇതിനായി രാഷ്ട്രീയം മറന്നുള്ള മുന്നേറ്റമാണ് വേണ്ടത്. ഇ.ശ്രീധരനെ പോലുള്ള മികവുറ്റവർ പുഴക്ക് വേണ്ടി പ്രവർത്തിക്കാൻ മുന്നോട്ടു വരുമ്പോൾ പ്രാദേശിക പഞ്ചായത്തുകളുടെ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. പുഴ സംരക്ഷണത്തിന്റെ പേരിൽ ഫണ്ട് വിനിയോഗിക്കാനും തട്ടിയെടുക്കാനുമുള്ള ശ്രമങ്ങളല്ല വേണ്ടത്. പുഴയിലെ സമ്പത്ത് സാമ്പത്തിക നേട്ടങ്ങൾക്കായി ചൂഷണം ചെയ്ത പഴയ കാലം ഇനിയും തിരിച്ചുവരരുത്. ഇക്കാര്യം ഉറപ്പു വരുത്താൻ ഗ്രാമപഞ്ചായത്ത് ഭരണ സമിതികളുടെയും പുഴ ഉൾക്കൊള്ളുന്ന വാർഡുകളിലെ മെമ്പർമാരുടെയും ഭാഗത്തു നിന്ന് ആത്മാർത്ഥമായ സമീപനമാണ് ഉണ്ടാകേണ്ടത്.
വേനൽക്കാലം വരുന്നതോടെ പുഴ വരളും. പുൽക്കാടുകൾ ഉണങ്ങും. അവയെ വേരോടെ പെയ്‌തെറിയേണ്ട സമയമാണിത്. ഇക്കാര്യം പഞ്ചായത്ത് ഭരണ സമിതികൾക്ക് നേതൃത്വം നൽകുന്നവർക്ക് അറിയാഞ്ഞിട്ടല്ല. ഓരോ വേനലിലും അവർ നോക്കു കുത്തികളായി നിന്ന് പുഴയുടെ ശോചനീയാവസ്ഥയെ കുറിച്ച് പ്രസംഗിച്ച് വേദി വിടും. വേനലിൽ വാടുന്ന പുൽക്കാടുകൾ അടുത്ത മഴക്കാലത്ത് കൂടുതൽ വളരും. നമ്മുടെ പ്രകൃതിസ്‌നേഹത്തിനും പുഴ സംരക്ഷണത്തിനും വേണ്ടിയുള്ള മുറവിളികൾക്ക് നേരെ പരിഹാസം ചൊരിഞ്ഞ് അവ കൂടുതൽ ഉയരത്തിൽ വളരും. പുഴയുടെ സ്വാഭാവിക രൂപം തിരിച്ചു കിട്ടിയാൽ ജലപ്രവാഹം വർധിക്കുകയും മാലിന്യ നിക്ഷേപം കുറയുകയും ചെയ്യുമെന്ന് ശാസ്ത്രീയ പഠനങ്ങളിൽ കണ്ടെത്തിയതാണ്. നിളാ നദിക്കും കേരളത്തിലെ മറ്റെല്ലാ നദികൾക്കും അതിന്റെ സ്വന്തം രൂപം തിരിച്ചുകിട്ടാൻ മലയാളികൾ ശ്രമിക്കേണ്ടതുണ്ട്. ജനങ്ങൾ നശിപ്പിച്ച പുഴയുടെ സൗന്ദര്യം അതിന് വീണ്ടെടുത്തു കൊടുക്കേണ്ടത് അവർ തന്നെയാണ്. ഇതായിരിക്കട്ടെ ഫ്രണ്ട്‌സ് ഓഫ് ഭരതപ്പുഴയെന്ന കൂട്ടായ്മ പരത്തുന്ന സന്ദേശം.

Latest News