Monday , January   27, 2020
Monday , January   27, 2020

കാലം മാറി, മദീന സിയാറയും മാറി

ജിദ്ദയിൽ ബ്രേക്ക് ഫാസ്റ്റ് കഴിച്ച് പുറപ്പെട്ടാൽ മദീനയിലെ ആവശ്യങ്ങൾ നിറവേറ്റി ലഞ്ചിന് ജിദ്ദയിൽതന്നെ തിരിച്ചെത്താവുന്ന വിധത്തിലാണ് സ്പാനിഷ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഹറമൈൻ ഹൈ സ്പീഡ് ട്രെയിനുകൾ മക്കയ്ക്കും മദീനയക്കുമിടയിൽ പറക്കുന്നത്. 

ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ പുണ്യ നഗരിയായ മദീനയിലെത്തിയ തീർഥാടകർ ചുറ്റുവട്ടത്തെ കാഴ്ചകൾ കാണാൻ ആശ്രയിച്ചിരുന്നത് മസ്ജിദു നബവിയുടെ പരിസരത്ത് കേന്ദ്രീകരിച്ച് സർവീസ് നടത്തിയിരുന്ന സ്വദേശികളുടെ ടൊയോട്ട ക്രെസിഡ കാറുകളെയായിരുന്നു. വാഹനമോടിക്കുന്ന ആൾ തന്നെ ടൂറിസ്റ്റ് ഗൈഡുമായി മാറും. പത്ത് റിയാൽ ചെലവിൽ ഒന്നോ, രണ്ടോ മണിക്കൂറിനകം തിരിച്ച് ഹറമിന് മുമ്പിൽ യാത്രികരെ കൊണ്ടിറക്കും. ലോകത്തെങ്ങുമുള്ള ടൂറിസ്റ്റ് ഗൈഡുകൾ യാത്ര അവസാനിക്കുന്നിടത്ത് ടിപ്പ് പ്രതീക്ഷിക്കുമെന്നതാണ് രീതി. മദീനയിലെ ഡ്രൈവർ കം-ഗൈഡിന് അതൊന്നും ആവശ്യമില്ല. പ്രവാചക നഗരയിലെത്തുന്നവർക്ക് ഏറെ സൗകര്യപ്രദമായിരുന്നു ഈ സർവീസുകൾ. ഇതിന് പുറമെ മലയാളി ഗ്രൂപ്പുകളിലെത്തുന്ന മദീന സിയാറ സംഘങ്ങളിലെ  ഉസ്താദുമാരും മദീനയിലെ പ്രധാന സ്‌പോട്ടുകളെല്ലാം കാണിച്ചു കൊടുക്കുന്നുണ്ട്. 


സൗദി അറേബ്യ അതിവേഗം മാറുകയാണ്. വിഷൻ 2030 ന്റെ ഭാഗമായി നൂതന സംരംഭങ്ങളാണ് രാജ്യമെങ്ങും ഉയർന്നു വരുന്നത്. ഹജ്-ഉംറ തീർഥാടകർക്ക് പഴയത് പോലെ ആറും ഏഴും മണിക്കൂറുകൾ എക്‌സ്പ്രസ് ഹൈവേയിൽ കഷ്ടപ്പെട്ട് യാത്ര ചെയ്യാതെയും പുണ്യ നഗരങ്ങൾക്കിടയിൽ യാത്ര ചെയ്യാമെന്നായി. ജിദ്ദയിൽ ബ്രേക്ക് ഫാസ്റ്റ് കഴിച്ച് പുറപ്പെട്ടാൽ മദീനയിലെ ആവശ്യങ്ങൾ നിറവേറ്റി ലഞ്ചിന് തിരിച്ചെത്താവുന്ന വിധത്തിലാണ് സ്പാനിഷ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഹറമൈൻ ഹൈ സ്പീഡ് ട്രെയിനുകൾ മക്കയ്ക്കും മദീനയക്കുമിടയിൽ പറക്കുന്നത്. 


ഇപ്പോൾ മണിക്കൂറിൽ ഇരുന്നൂറ് കിലോ മീറ്ററിൽ യാത്ര ചെയ്യുന്ന ട്രെയിനുകൾക്ക് ഇനിയും കൂടുതൽ വേഗത്തിൽ സഞ്ചരിക്കാനാവും. ഇംഗഌഷിലും അറബിയിലും ആശയ വിനിമയം നടത്താൻ കഴിയുന്ന വിദഗ്ധ പരിശീലനം സിദ്ധിച്ച ജീവനക്കാർ ഹറമൈൻ റെയിൽവേയുടെ നേട്ടമാണ്. മദീന സ്റ്റേഷനിലെത്തുന്നവർക്ക് പെട്ടെന്ന് ഹറമിലെത്താൻ പാകത്തിൽ റെയിൽവേയുടെ വക അഞ്ച് റിയാൽ നിരക്കിൽ ട്രെയിൻ സർവീസുമുണ്ട്. 
മദീനയിലെത്തുന്ന തീർഥാടകരുടെ കാര്യം അധികൃതർ പരിഗണിച്ചുവെന്നതിന് തെളിവാണ് ഇപ്പോൾ റോഡുകളിൽ കറങ്ങി നടക്കുന്ന  ഡബിൾ ഡക്കർ ബസുകൾ. പ്രവാചക നഗരിയിലെ പന്ത്രണ്ട് ചരിത്രപ്രധാനമായ കേന്ദ്രങ്ങളിലേക്കാണ് ഈ ബസുകൾ യാത്ര ചെയ്യുന്നത്. ജന്നത്തുൽ ബഖീഅ്, ഉഹ്ദ് യുദ്ധക്കളം, ഖിബ്‌ലത്തൈൻ പള്ളി, ഖണ്ഡഖ് യുദ്ധവേദി, കുബ പള്ളി എന്നിവയും സന്ദർശിക്കുന്ന കേന്ദ്രങ്ങളിലുൾപ്പെടുന്നു. ഒരു മണിക്കൂറെടുത്താണ് യാത്ര.

ടിക്കറ്റുകൾക്ക് 24 മണിക്കൂർ വാലിഡിറ്റിയുണ്ട്. പ്രഭാതം മുതൽ രാത്രി വരെ മുടങ്ങാതെ സർവീസുകളും. ഇരട്ട തട്ടുള്ള ബസുകളിൽ എട്ട് ഭാഷകളിൽ ടൂറിസ്റ്റ് ഗൈഡ് സർവീസുമുണ്ട്. അറബിക്, ഇംഗഌഷ്, ഫ്രഞ്ച്, ഉർദു, ടർക്കിഷ്, ഇന്തോനേഷ്യൻ, പേർഷ്യൻ, മലായ എന്നിവയാണ് ഭാഷകൾ. ടൂർ ഗൈഡിന്റെ വിവിധ ഭാഷകളിലെ സംഭാഷണത്തിൽ പ്രവാചക ജീവിതത്തെ പ്രതിപാദിക്കുന്നുണ്ട്. മദീന അൽ മുനവ്വറ വികസന അതോറിറ്റിയാണ് ഡബിൾ ഡക്കർ ബസുകൾ ഏർപ്പെടുത്തിയത്. മസ്ജിദുന്നബവിയ്ക്ക് മുമ്പിൽ നിന്ന് പുറപ്പെടുന്ന ബസുകൾ പ്രധാന ഷോപ്പിംഗ് മാളുകളിലും പ്രമുഖ ഹോട്ടലുകളിലും നിർത്തുന്നു. അതോറ്റിറ്റിയുടെ ടൂറിസ്റ്റ് ബസുകൾ പോലെ സൗകര്യപ്രദമാണ് ഓരോ പോയന്റുകളിലേക്കും സർവീസ് നടത്തുന്ന ഹറമൈൻ റെയിൽവേയുടെ ബസും. 
ഖന്തഖ് ഫൈവ് റിയാൽ വൺവേ എന്ന് ഇംഗഌഷിൽ മാത്രം ബോർഡ് എഴുതിയ ബസും മദീനയിലെ വീഥികളിൽ കറങ്ങുന്നുണ്ട്. ലോകത്തിന്റെ നാനാഭാഗത്തു നിന്നുമെത്തിയ തീർഥാടകരായ സഞ്ചാരികൾക്ക് അനുഗ്രഹമെന്നത് പോലെ സൗദി അറേബ്യയുടെ സമ്പദ്ഘടനയുടെ കുതിപ്പിനും ടൂറിസം രംഗത്തിന്റെ മുന്നേറ്റം വിലപ്പെട്ട സംഭാവനയർപ്പിക്കുകയാണ്.

Latest News