കാലാവധി തീര്‍ന്ന ഉല്‍പന്നങ്ങള്‍; സൗദിയില്‍ ഇന്ത്യക്കാരന് തടവും പിഴയും, ശിക്ഷക്കുശേഷം നാടുകടത്തും

ദമാം - കാലാവധി തീര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ വില്‍പനക്ക് സൂക്ഷിച്ച കേസില്‍ ഇന്ത്യക്കാരന് ദമാം അഡ്മിനിസ്‌ട്രേറ്റീവ് കോടതി പിഴ ചുമത്തി. മൊത്ത, ചില്ലറ വ്യാപാര മേഖലയില്‍ ദമാമില്‍ പ്രവര്‍ത്തിക്കുന്ന അല്‍മദീന ഇംപോര്‍ട്ട് ആന്റ് ട്രേഡിംഗ് കമ്പനിക്കും സ്ഥാപന നടത്തിപ്പ് ചുമതല വഹിച്ചിരുന്ന ഇന്ത്യക്കാരനും കോടതി രണ്ടു ലക്ഷം റിയാലാണ് പിഴ ചുമത്തിയത്.


ഇന്ത്യക്കാരന്‍ മുഹമ്മദ് ഇല്‍യാസിസിന് ഒരു മാസം തടവും വിധിച്ചിട്ടുണ്ട്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും പുതിയ തൊഴില്‍ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്താനുംകോടതി ഉത്തരവിട്ടു. സ്ഥാപനം രണ്ടു മാസത്തേക്ക് അടപ്പിക്കും.


വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥര്‍ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ വില്‍പനക്കു വേണ്ടി സൂക്ഷിച്ച കാലാവധി തീര്‍ന്ന പാല്‍ക്കട്ടി, ജ്യൂസ് ശേഖരം കണ്ടെത്തുകയായിരുന്നു. ഇവ പിടിച്ചെടുത്ത് നശിപ്പിക്കുന്നതിനും കോടതി  ഉത്തരവിട്ടു.

 

Latest News