Sorry, you need to enable JavaScript to visit this website.

സംഗീത നാടക അക്കാദമി നാടക അവാർഡ് മാളിക്ക്

മാളിയുടെ സംവിധായകൻ നിഖിൽ

തൃശൂർ - കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച സംസ്ഥാന അമേച്വർ നാടകമത്സരത്തിൽ തൃശൂർ അടാട്ട് പഞ്ചമി തീയറ്റേഴ്‌സിന്റെ മാളി മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. അമ്പതിനായിരം രൂപയും പ്രശംസാപത്രവും ശിൽപവുമാണ് പുരസ്‌കാരം.
മാളിയുടെ സംവിധായകൻ നിഖിൽ ദാസാണ് മികച്ച സംവിധായകൻ. ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവും ശിൽപവുമാണ് അവാർഡ്.
ചേരള ചരിതം എന്ന നാടകത്തിലെ 'ചാഞ്ചൻ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കെ.ആർ.ഹരിദാസ് 
മികച്ച നടനായും മാളിയിലെ മഹിഷി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സി.എം.മേഘ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. 15,000 രൂപയും ശിൽപവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.
മാളി എന്ന നാടകത്തിന്റെ രചന നിർവ്വഹിച്ച നിഖിൽദാസ്, സാഗർ സത്യൻ എന്നിവർ മികച്ച രചനയ്ക്കുള്ള പുരസ്‌കാരത്തിന് അർഹരായി. 20,000 രൂപയും ശിൽപ്പവും പ്രശംസാപത്രവുമാണ് അവാർഡ്.
പാലക്കാട് കോങ്ങാട് നാടകസംഘത്തിന്റെ ചേരള ചരിതം മികച്ച രണ്ടാമത്തെ നാടകമായി. ഈ നാടകത്തിന്റെ സംവിധായകൻ കെ.വി.സജിത്താണ് മികച്ച രണ്ടാമത്തെ സംവിധായകൻ. ഈ നാടകത്തിലെ അഭിനയത്തിന് സി.കെ.ഹരിദാസൻ രണ്ടാമത്തെ മികച്ച നടനായി. മൂന്നാംകുന്ന് എന്ന നാടകത്തിലെ വയറ്റാട്ടിയെ അവതരിപ്പിച്ച അജിത നമ്പ്യാരാണ് മികച്ച രണ്ടാമത്തെ നടി. 
മികച്ച രണ്ടാമത്തെ രചനയ്ക്കുള്ള പുരസ്‌കാരം മൂന്നാം കുന്ന് എന്ന നാടകത്തിന്റെ രചന നിർവ്വഹിച്ച രമേശ് കാവിലിന് ലഭിച്ചു. 
അമേച്വർ നാടകമത്സരത്തിനായി 59 രചനകളാണ് അക്കാദമിയിൽ ലഭിച്ചത്.  കണ്ണൂർ ജില്ലയിലെ കണ്ണപുരത്തും എറണാകുളം ജില്ലയിലെ ആലുവയിലുമായി നടന്ന മേഖല മത്സരങ്ങളിൽ നിന്ന് വിധിനിർണ്ണയത്തിലൂടെ യോഗ്യത നേടിയ 6 നാടകങ്ങളാണ് തൃശൂരിൽ നടന്ന സംസ്ഥാനമത്സരത്തിൽ പങ്കെടുത്തത്. പ്രശസ്ത നാടക പ്രവർത്തകരായ സുവീരൻ, മഞ്ജുളൻ, അമൽരാജ് എന്നിവരായിരുന്നു സംസ്ഥാന മത്സരത്തിന്റെ ജൂറി അംഗങ്ങൾ.


 

Latest News