Sorry, you need to enable JavaScript to visit this website.

പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം റിയാദിലേക്ക് രക്ഷപ്പെട്ട കൊല്ലം സ്വദേശി ഇന്റര്‍പോള്‍ പിടിയില്‍; ചൊവ്വാഴ്ച നാട്ടിലെത്തിക്കും

പോക്‌സോ കേസ് പ്രതിയെ കൊണ്ടുപോകാന്‍ റിയാദിലെത്തിയ കൊല്ലം പോലീസ് കമീഷണര്‍ മെറിന്‍ ജോസഫ.്

റിയാദ്- അവധിക്കു പോയപ്പോള്‍ 13 വയസ്സായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം റിയാദിലേക്ക് മടങ്ങിയ കൊല്ലം ഓച്ചിറ സ്വദേശി സുനില്‍കുമാര്‍ ഭദ്രനെ (39) ഇന്റര്‍പോള്‍ പിടികൂടി. മൂന്നാഴ്ച മുമ്പ്  കസ്റ്റഡിയിലെടുത്ത പ്രതിയെ ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. റിയാദിലെത്തിയ കൊല്ലം പോലീസ് കമീഷണര്‍ മെറിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പോക്‌സോ ചുമത്തിയ പ്രതിയെ കൊണ്ടുപോകുന്നത്.
 
2017 ലാണ് കേസിനാസ്പദമായ സംഭവം. ദീര്‍ഘകാലമായി റിയാദില്‍ പ്രവാസിയായ സുനില്‍ കുമാര്‍ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി പട്ടികജാതി വിഭാഗക്കാരിയാണ്. കുട്ടിയുടെ പിതൃസഹോരന്റെ സുഹൃത്തായിരുന്നു പ്രതി. സ്ഥിരം മദ്യപനായ ഇളയച്ഛന്‍ വഴിയാണ് പെണ്‍കുട്ടിയുടെ വീടുമായി ഇയാള്‍ ബന്ധം സ്ഥാപിക്കുന്നത്. പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം  സഹപാഠികള്‍ വഴി സ്‌കൂളിലെ അധ്യാപിക അറിയുകയും അവര്‍ ചൈല്‍ഡ് ലൈന് വിവരം കൈമാറുകയുമായിരുന്നു. ചൈല്‍ഡ് ലൈന്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചതായി വ്യക്തമായി.

അന്വേഷണം നടക്കുമ്പോഴാണ് പ്രതി അവധി കഴിഞ്ഞ് റിയാദിലേക്ക് മടങ്ങിയത്. കുട്ടിയെ പിന്നീട് കൊല്ലം കരിക്കോട്ടുള്ള മഹിളാമന്ദിരത്തിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. ഇവിടെ വെച്ച് ഈ കുട്ടിയും അന്തേവാസിയായ മറ്റൊരു കുട്ടിയും ജീവനൊടുക്കി. മഹിളാമന്ദരിത്തിലെ ദുരനുഭവമായിരുന്നു കാരണം. ഇതിന് ഉത്തരവാദികളായ മഹിളാമന്ദിരത്തിലെ ജീവനക്കാര്‍ ജയിലിലാണ്.

റിയാദില്‍ കഴിയുന്ന സുനില്‍ കുമാറിനെ നാട്ടിലെത്തിക്കാന്‍ ഒന്നര വര്‍ഷമായി നടത്തിവന്ന ശ്രമങ്ങള്‍ വിജയിക്കാതായതോടെയാണ് ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. റിയാദില്‍ നിന്ന് പിടികൂടിയ പ്രതിയെ അല്‍ഹൈര്‍ ജയിലിലാണ് പാര്‍പ്പിച്ചത്.

തീവ്രവാദം, കൊലപാതകം തുടങ്ങിയ കേസുകളിലെ പ്രതികളെ ഇന്റര്‍പോള്‍ പിടികൂടി ഇതിനു മുമ്പും ഇന്ത്യക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ പോക്‌സോ കേസില്‍ ആദ്യമായാണ് അറസ്റ്റും കൈമാറ്റവും. 2010 ല്‍  പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിംഗിന്റെ സൗദി സന്ദര്‍ശന വേളയിലാണ് ഇരുരാജ്യങ്ങള്‍ തമ്മില്‍ കുറ്റവാളികളുടെ കൈമാറ്റത്തിന് ധാരണയുണ്ടായത്. ഇന്ത്യയും സൗദി അറേബ്യയും കരാറുണ്ടാക്കിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ പോലീസ് ഓഫീസര്‍ ഇത്തരമൊരു ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. റാന്നി സ്വദേശിനിയാണ് മെറിന്‍ ജോസഫ്. കൊല്ലം ജില്ലാ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് പോലീസ് കമീഷണര്‍ എം. അനില്‍കുമാര്‍, ഓച്ചിറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. പ്രകാശ് എന്നിവരാണ് മെറിന്‍ ജോസഫിനോടൊപ്പം  ഞായറാഴ്ച റിയാദിലെത്തിയത്.

 

 

 

Latest News