കൊല്ലം- കോര്‍പ്പറേഷന്‍ മേയറുടെ കാര്‍ തകര്‍ത്ത ട്രാന്‍സ്‌ജെന്ററായ യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. കോര്‍പ്പറേഷന്‍ മേയറെ കാണണമെന്ന ആവശ്യവുമായി എത്തിയ ട്രാന്‍സ്‌ജെന്ററായ യുവാവിനോടു കാത്തുനില്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതിനെ തുടര്‍ന്നു ക്ഷുഭിതനായ യുവാവ് മേയറുടെ കാറിന്റെ പിന്‍ഭാഗത്തെ കണ്ണാടി ചില്ല് ഇടിച്ച് തകര്‍ക്കുകയായിരുന്നു. ഉടന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ഇയാളെ കീഴ്‌പ്പെടുത്തി പൊലിസിന് കൈമാറി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മേയര്‍ മീറ്റിങ്ങിലാണെന്നും കാത്തു നില്‍ക്കണമെന്നും പറഞ്ഞത് ഇഷ്ടപ്പെടാതെയാണ് ഇയാള്‍ കോര്‍പ്പറേഷന്‍ ഓഫീസിന് താഴെ കാര്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തെത്തി അക്രമം കാട്ടിയത്.
കഴിഞ്ഞ ദിവസം രാത്രി കൊല്ലം എ.ആര്‍ ക്യാംപിന് സമീപം അജ്ഞാത സംഘം ഇയാളെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചിരുന്നു. ജില്ലാ എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയിലെത്തി ഇയാള്‍ തലയിലെ മുറിവില്‍ തുന്നലിട്ടു ചികിത്സ തേടിയിരിന്നുവെന്ന് കോഡിനേറ്റര്‍ ഡോ. സന്തോഷ് കുമാര്‍ പറഞ്ഞു. കാര്‍ തകര്‍ക്കുന്നതിനിടെ എച്ച്.ഐ.വി പോസിറ്റീവായ യുവാവിന്റെ കൈക്കും പരുക്കേറ്റു. പൊതു മുതല്‍ നശിപ്പിച്ചതിനാല്‍ പി.ഡി.പി.പി ആക്ട് പ്രകാരം ട്രാന്‍സ്‌ജെന്ററിനെതിരേ കേസെടുത്തേക്കും. ഇയാള്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നുണ്ടെന്ന് പൊലിസ് പറഞ്ഞു. തന്നെ തന്റെ വിഭാഗത്തില്‍പ്പെടുന്നവര്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും തനിക്കു സമൂഹത്തോടു വെറുപ്പാണെന്നും അതുകൊണ്ട് സുരക്ഷിത ലൈംഗിക ബന്ധത്തിലല്ല താന്‍ ഏര്‍പ്പെടുന്നതെന്നും ഇയാള്‍ നാലു വര്‍ഷം മുമ്പ് സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തിയിരുന്നു. അതിനെത്തുടര്‍ന്ന് സംസ്ഥാന, ജില്ലാ എയിഡ്‌സ് കണ്‍ട്രോളര്‍ സൊസൈറ്റി, ഡി.എം.ഒ. തുടങ്ങിയവരുടെ യോഗം ജില്ലാ കലക്ടര്‍ വിളിക്കുകയും ഇയാളെ കൗണ്‍സിലിംഗിന് വിധേയമാക്കുകയും ചെയ്തിരുന്നു.






