ഇരിട്ടി- യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍, ക്വട്ടേഷന്‍ നല്‍കിയ മൂന്നു പേര്‍ കൂടി പിടിലായി. ഇതോടെ അസ്റ്റിലായവരുടെ എണ്ണം എട്ടായി. ഉളിക്കലില്‍ ഇന്റീരിയര്‍ സ്ഥാപനം നടത്തുന്ന ഷൈന്‍ മോനെ (30) ജോലിക്കെന്നു പറഞ്ഞ് വിളിച്ചുവരുത്തി ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
തില്ലങ്കേരി പള്ളിയം വീട്ടില്‍ കണ്ണന്‍ എന്ന നിധിന്‍ (30), ഉളിക്കല്‍ കാലാങ്കിയിലെ വേങ്ങരപ്പള്ളില്‍ മനു തോമസ് (31), ഇരിട്ടി മാട്ടറയിലെ പ്രിയേഷ് (30) എന്നിവരെയാണ് ഇരിട്ടി ഡിവൈ.എസ്.പി സജേഷ് വാഴവളപ്പിലും സംഘവും ഇന്നലെ അറസ്റ്റു ചെയ്തത്. കൃത്യം നടത്തിയ ശിവപുരം മുരിക്കിന്‍ വീട്ടില്‍ പ്രവീണ്‍ (27), ആയിത്തര മമ്പറത്തെ വടക്കേ കാരമ്മല്‍ ഷിബിന്‍ രാജ് (24), ശിവപുരം നന്ദനത്തില്‍ പി.പി.ജനീഷ് (30), ശിവപുരം ലിജിന്‍ നിവാസില്‍ എം.ലിജിന്‍ (26), പടിക്കച്ചാലില്‍ ലിജിത്ത് എന്ന ഇത്തൂട്ടി (29) എന്നിവര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇവര്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളാണ്.
ഇക്കഴിഞ്ഞ ജൂണ്‍ 11 നായിരുന്നു സംഭവം. ഷൈന്‍മോനെ, ഒരു വാടക വീടിന്റെ ഇന്റീരിയര്‍ ചെയ്യാനുണ്ടെന്നു പറഞ്ഞ് ഇരിട്ടി എടക്കാനത്തേക്കു വിളിച്ചു വരുത്തിയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കൈകാലുകള്‍ തല്ലിയൊടിക്കുകയും സ്വര്‍ണമാലയും പണവും മൊബൈലുകളും തട്ടിയെടുക്കുകയുമായിരുന്നു. പിന്നീട് റോഡരുകില്‍ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു.
ഇപ്പോള്‍ അറസ്റ്റിലായ മനു തോമസും ഷൈന്‍ മോനും ചേര്‍ന്ന് നേരത്തെ ഇന്റീരിയര്‍ സ്ഥാപനം നടത്തിയിരുന്നു. പിന്നീട് ഇരുവരും ഷെയര്‍ പിരിഞ്ഞ് സ്വന്തമായി സ്ഥാപനങ്ങള്‍ ആരംഭിച്ചു. വര്‍ക്കുകള്‍ കൃത്യമായി ചെയ്ത ഷൈന്‍ മോന് കൂടുതല്‍ ബിസിനസ് ഓര്‍ഡറുകള്‍ ലഭിച്ചതോടെയാണ് ഇയാളോട് മനുവിന് വിരോധം തോന്നിയത്. തുടര്‍ന്ന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. തന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കണ്ണന്‍, പ്രിയേഷ് എന്നിവര്‍ക്കാണ് 1.80 രൂപയ്ക്കു ക്വട്ടേഷന്‍ നല്‍കിയത്. ഇരുവരും ചേര്‍ന്നാണ് മറ്റുള്ളവരെ ഒപ്പം കൂട്ടിയത്. സംഘം ബാറില്‍ വെച്ച് പരിചയപ്പെട്ട ഒരാളില്‍ നിന്നു മോഷ്ടിച്ച സിം കാര്‍ഡ് ഉപയോഗിച്ചാണ് ഷൈന്‍ മോനെ വിളിച്ചത്. കൃത്യം നിര്‍വഹിച്ച ശേഷം ഇവര്‍ ഈ ഫോണ്‍ ഉപേക്ഷിച്ചു. ക്വട്ടേഷന്‍ സംഘാംഗങ്ങളായവര്‍ തങ്ങളുടെ മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്ത് വിവിധ സ്ഥലങ്ങളില്‍ വെച്ച ശേഷമാണ് അക്രമം നടത്തിയത്. അക്രമത്തിനിരയായ ഷൈന്‍ മോന് തന്നെ ആക്രമിച്ചവര്‍ ആരെന്നോ, എന്തിനാണ് അക്രമിച്ചതെന്നോ അറിയില്ലായിരുന്നു. തുടര്‍ന്ന് ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.
മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡു ചെയ്തു. ചോദ്യം ചെയ്യുന്നതിനും തെളിവെടുക്കുന്നതിനുമായി ഇവരെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണ സംഘം അറിയിച്ചു.