തൊടുപുഴ- വീടിന്റെ റൂഫിംഗ് ജോലികള്‍ ചെയ്തതിന്റെ പണം കൊടുക്കാത്തതിന് നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവച്ചതിനെ തുടര്‍ന്ന് ഒമ്പതു വയസ്സുകാരിയടക്കം കുടുംബത്തിലെ നാല് പേര്‍ക്ക് പരിക്ക്. തട്ടക്കുഴ നെടിയപാറയില്‍ രതീഷ് (34), മാതാവ് ശാരദ (62), ഭാര്യ സജിത (32), മകള്‍ ആര്‍ച്ച (9) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിയുതിര്‍ത്ത പന്നൂര്‍ മാതാളിക്കുന്നേല്‍ റിജോ ജോര്‍ജ് (39) സംഭവശേഷം പോലീസില്‍ കീഴടങ്ങി. ഇയാള്‍ക്ക് തോക്ക് നിര്‍മിച്ച് നല്‍കിയ ചീനിക്കുഴി കുരുവിക്കാട്ടില്‍ സജിയെ (42) കരിമണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി 9.30ന് തട്ടക്കുഴ രണ്ടുപാലം മരക്കൊമ്പിലുള്ള രാജിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു സംഭവം. പോലീസ് പറയുന്നത്: തൊടുപുഴയില്‍ ഭര്‍ത്താവിനൊപ്പം താമസിക്കുന്ന രാജിയുടെ അമ്മയും സഹോദരനുമാണ് തട്ടക്കുഴയിലെ വീട്ടില്‍ താമസിച്ചിരുന്നത്. രാജിയുടെ ആവശ്യപ്രകാരം വീടിന്റെ കുളിമുറിയുടെ റൂഫിംഗ് ചെയ്തത് റിജോയായിരുന്നു. രാജി താമസിക്കുന്ന വീടാണെന്ന് കരുതിയാണ് റിജോ പണികള്‍ ചെയ്തത്. എന്നാല്‍ റൂഫിംഗ് ചെയ്ത് പല തവണ ചോദിച്ചിട്ടും പണിക്കൂലിയായ 16,000 രൂപ രാജി നല്‍കിയില്ല. ദിവസങ്ങള്‍ക്ക് മുമ്പ് മരക്കൊമ്പിലെ വീട്ടില്‍ വന്ന് റിജോ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റടക്കമുള്ളവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പണം നാളെ നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഞായറാഴ്ച രാത്രി മദ്യപിച്ചെത്തിയ റിജോ തന്റെ കാറില്‍ മരക്കൊമ്പിലെ വീട്ടിലെത്തി രതീഷിനോട് പണം നല്‍കാത്തതിനെ ചൊല്ലി കയര്‍ത്തു. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം ഉന്തിലും തള്ളിലുമെത്തി. റിജോയെ വീടിന് പുറത്താക്കി രതീഷ് കതകടച്ചു. ഇതിനിടെ പ്രകോപിതനായ റിജോ തന്റെ കാറിലുണ്ടായിരുന്ന ഒറ്റക്കുഴലുള്ള നാടന്‍ തോക്കെടുത്ത് പാതി തുറന്ന് കിടന്നിരുന്ന ജനല്‍ പാളി ലക്ഷ്യമാക്കി വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ ജനലിന്റെ പട്ടയിലിടിച്ച് വെടിയുണ്ട ചിതറി ഹാളില്‍ നില്‍ക്കുകയായിരുന്ന വീട്ടുകാരുടെ ദേഹത്ത് പതിച്ചു. വെടിയുണ്ടയിലുണ്ടായിരുന്ന മെറ്റല്‍ ചീളുകള്‍ ശരീരത്ത് തറച്ച് കയറിയാണ് നാല് പേര്‍ക്കും പരിക്കേറ്റത്. രതീഷിന്റെ തല, ഹൃദയം, വയറ് എന്നിവിടങ്ങളില്‍ മുറിവ് പറ്റി. ശബ്ദം കേട്ട അയല്‍പക്കത്തുള്ള സ്ത്രീയാണ് മറ്റുള്ളവരെ വിവരം അറിയിച്ചത്. എസ്.ഐ പി.ടി ബിജോയുടെ നേതൃത്വത്തില്‍ പോലീസ് സംഭവസ്ഥലത്തെത്തിയപ്പോഴേക്കും റിജോ കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തോക്ക് നിര്‍മിച്ച് നല്‍കിയ ചീനിക്കുഴി സ്വദേശി സജിയെ പോലീസ് പിടികൂടുന്നത്. റിജോയുടെ പണിക്കാരന്‍ കൂടിയായ സജിയുടെ കൈയില്‍ നിന്ന് ആറ് മാസം മുമ്പാണ് 30,000 രൂപയ്ക്ക് തോക്ക് വാങ്ങുന്നത്. ഇയാളുടെ ആലയില്‍ നിന്ന് തോക്ക് നിര്‍മിക്കാനുള്ള ഉപകരണങ്ങളും മറ്റും പിടികൂടി. കോടതിയില്‍ ഹാജരാക്കിയ രണ്ട് പ്രതികളെയും റിമാന്‍ഡ് ചെയ്തു.

	
	




