Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചന്ദ്രയാൻ 2 ഈ മാസം തന്നെ

ചന്ദ്രയാൻ 2 വിക്ഷേപണം വീക്ഷിക്കാനെത്തിയവർ വിക്ഷേപണം മാറ്റിയതറിഞ്ഞ് സതീഷ് ധവാൻ സ്‌പേസ് സെന്ററിൽനിന്ന് മടങ്ങുന്നു.

ശ്രീഹരിക്കോട്ട - സാങ്കേതിക തകരാർ മൂലം അവസാന നിമിഷം വിക്ഷേപണം മാറ്റിവെച്ച ചന്ദ്രയാൻ-2 ന്റെ വിക്ഷേപണം ഈ മാസം തന്നെ ഉണ്ടായേക്കും. തിങ്കളാഴ്ച പുലർച്ചെ 2.51 നാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 2 കുതിച്ചുയരേണ്ടിയിരുന്നത്. എന്നാൽ വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്റും ബാക്കിനിൽക്കേ ദൗത്യം നിർത്തിവെക്കാൻ തീരുമാനിക്കുകയായിരുന്നു. 
വിക്ഷേപണ വാഹനമായ ജി.എസ്.എൽ.വിയിൽ ചില സാങ്കേതിക തകരാറുകൾ കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിയത്. ചന്ദ്രയാൻ പേടകത്തിന് സാങ്കേതിക പ്രശ്‌നങ്ങൾ ഇല്ല. ജി.എസ്.എൽ.വിയിലെ തകരാർ കൂടുതൽ പ്രശ്‌നങ്ങളിലേക്ക് നയിക്കാതിരിക്കാനാണ് വിക്ഷേപണം മാറ്റിയതെന്നാണ് പ്രാഥമിക നിഗമനം. ജി.എസ്.എൽ.വി മാർക്ക് 3 വിക്ഷേപണ റോക്കറ്റിൽനിന്നാണ് ചന്ദ്രയാൻ 2 വിക്ഷേപിക്കാനിരുന്നത്. സെപ്റ്റംബർ ഏഴിനു പുലർച്ചെ ചന്ദ്രയാൻ 2 ചന്ദ്രോപരിതലത്തിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
പുതുക്കിയ വിക്ഷേപണ തീയതിയെക്കുറിച്ച്  ഐ.എസ്.ആർ.ഒ അറിയിപ്പൊന്നും നൽകിയില്ലെങ്കിലും ഈ മാസം തന്നെ വിക്ഷേപണം നടക്കുമെന്ന് ഐ.എസ്.ആർ.ഒ വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച പുലർച്ചെ 2.51 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് ചന്ദ്രയാൻ 2 വിക്ഷേപണത്തിന് ഒരുങ്ങിയതാണ്. ഞായറാഴ്ച പുലർച്ചെ 6.51 ന് 20 മണിക്കൂർ നീണ്ട കൗണ്ട് ഡൗൺ തുടങ്ങിയിരുന്നു. എന്നാൽ അവസാന നിമിഷമാണ് ഇന്ത്യൻ ശാസ്ത്രലോകത്തെ നിരാശയിലാക്കി വിക്ഷേപണം മാറ്റിവെച്ചത്.
വിക്ഷേപണത്തിലെ ഏറ്റവും പ്രധാനമായ ക്രയോജനിക് ഘട്ടത്തിലാണ് അവസാന നിമിഷം ശാസ്ത്രജ്ഞർ അപാകം കണ്ടെത്തിയത്. ഒരു നിമിഷം പോലും പാഴാക്കാതെ റോക്കറ്റിൽനിന്ന് തീപ്പിടിക്കാൻ അത്യന്തം ശേഷിയുള്ള ദ്രവീകൃത ഹൈഡ്രജനും ദ്രവീകൃത ഓക്‌സിജനും മാറ്റി അവർ റോക്കറ്റിന്റേയും ഉപഗ്രഹത്തിന്റേയും സുരക്ഷിതത്വം ഉറപ്പു വരുത്തിയിരുന്നു. 'അസാധാരണമായ സംയമനവും ആത്മവിശ്വാസവുമാണ് ശാസ്ത്രജ്ഞരിൽ കണ്ടത്. അവർ തികഞ്ഞ പ്രൊഫഷണലുകളാണ്. തീർച്ചയായും ഈ ദൗത്യം അവർ വിജയിപ്പിക്കുക തന്നെ ചെയ്യും' -വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാൻ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെത്തിയ ധവാന്റെ മകൾ ജ്യോത്സ്‌ന ധവാൻ പറഞ്ഞു.
ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളിൽ നാഴികക്കല്ലായി മാറിയ ചന്ദ്രയാൻ ഒന്നിന്റെ പിൻഗാമിയായ ചന്ദ്രയാൻ 2 ആദ്യ ദൗത്യത്തിന്റെ ഗവേഷണ ഫലങ്ങളെ കൂടുതൽ മുന്നോട്ടു കൊണ്ടുപോകാൻ ഉദ്ദേശിച്ചാണ് രൂപകൽപന ചെയ്തത്. ചന്ദ്രോപരിതലത്തിൽ ജലസാന്നിധ്യം കണ്ടെത്തിയതായിരുന്നു ചന്ദ്രയാൻ 1 ന്റെ പ്രധാന നേട്ടം. 14 ഭൗമ ദിവസങ്ങൾ ചന്ദ്രനിൽ ചെലവഴിച്ച് കൂടുതൽ ജലശേഖരം കണ്ടെത്താനുള്ള ദൗത്യമായിരുന്നു രണ്ടിന്റേത്. 
120 ദശലക്ഷം ഡോളർ ചെലവഴിച്ചാണ് ഐ.എസ്.ആർ.ഒ ഈ ദൗത്യത്തിന് തയാറെടുത്തത്. ചന്ദ്രയാൻ 1 വിജയിക്കുന്നതുവരെ ചന്ദ്രോപരിതലത്തെ സ്പർശിക്കാൻ ഇതുവരെ യു.എസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ ബഹിരാകാശ വാഹനങ്ങൾക്ക് മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. 

 

Latest News