Sorry, you need to enable JavaScript to visit this website.

കേരള സർവകലാശാലാ  പരീക്ഷകൾ സംശയനിഴലിൽ

തിരുവനന്തപുരം- കേരള സർവകലാശാലയുടെ പരീക്ഷകളെല്ലാം സംശയത്തിന്റെ നിഴലിൽ.  എസ്.എഫ്.ഐക്ക് ആധിപത്യമുള്ള കോളേജുകളിൽ പരീക്ഷകൾ നടന്നത് സുതാര്യമല്ല എന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ യൂനിവേഴ്‌സിറ്റി കോളേജുമായി ബന്ധപ്പെട്ടു നടന്ന സംഭവങ്ങളിൽ കോളേജിനു പുറത്ത് നിന്നും കണ്ടെടുത്ത പരീക്ഷാ പേപ്പറുകൾ. യൂനിവേഴ്‌സിറ്റി അധികൃതരുടെ കസ്റ്റഡിയിൽ അതീവ സുരക്ഷയോടെ കൈകാര്യം ചെയ്യേണ്ട പേപ്പറുകളാണ് പെട്ടിക്കടയിലെ പേപ്പർ പോലെ കണ്ടെടുത്തത്. കെട്ടുകണക്കിന് പരീക്ഷാ പേപ്പറുകളാണ് യൂനിവേഴ്‌സിറ്റി കോളേജ് എസ്.എഫ്.ഐ മുൻ യൂണിറ്റ് പ്രസിഡന്റും അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതിയുമായ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തത്. ഇത് കൂടാതെ കോളേജിലെ ഇടിമുറിയിൽ നിന്നും ഇന്നലെ കെട്ടുകണക്കിന് പേപ്പർ ബണ്ടിലുകളും കണ്ടെടുത്തു.  
പരീക്ഷാ പേപ്പറുകൾ എസ്.എഫ്.ഐക്കാരുടെ ഓഫീസുകളിലോ വീടുകളിലോ സൂക്ഷിച്ച ശേഷം പരീക്ഷാ സമയങ്ങളിൽ നേതാക്കൾക്കും ഇവരുടെ അഭ്യുദയകാംക്ഷികൾക്കും നൽകി പരീക്ഷ എഴുതിപ്പിക്കുന്നു എന്ന് വ്യക്തം. പരീക്ഷാ കേന്ദ്രങ്ങളിൽ ഇതിന് പ്രത്യേക സംവിധാനം ഉണ്ടെന്നും വ്യക്തമാകുന്നു. നേതാക്കൾക്ക് പുറത്ത് നിന്നും ഉത്തരങ്ങൾ എഴുതി നൽകുകയോ അല്ലെങ്കിൽ ചോദിക്കാവുന്ന ചോദ്യ ഉത്തരങ്ങൾ വീട്ടിൽ നിന്നും എഴുതിക്കൊണ്ടുവന്ന് പരീക്ഷാ ഹാളിൽ വെച്ച് പകർത്തി എഴുതുകയോ ചെയ്യുന്നു.
സർവകലാശാലയാണ് ഇതിന് വഴിതെളിക്കുന്നത്. സർവകലാശാലയുടെ 250 കേന്ദ്രങ്ങളിൽ പരീക്ഷാ സമയം യൂനിവേഴ്‌സിറ്റിയുടെ പരീക്ഷാ പേപ്പറുകൾ എത്തിക്കും. പരീക്ഷാ നടത്തിപ്പ് പൂർണമായ ശേഷം ആവശ്യമുള്ളവ പോയിട്ട് ബാക്കി തിരികെ ഏൽപ്പിക്കണം. എത്ര ഉപയോഗിച്ചു എന്ന് പരിശോധിച്ച് ബാക്കിയുള്ളവ എക്‌സാമിനേഷൻ കൺട്രോളറെ തിരികെ ഏൽപിക്കണം. ഇതിൽ സർവകലാശാല മനഃപൂർവം വിഴ്ച വരുത്തി എന്ന് വ്യക്തം.
ക്ലാസിൽ കയറാതെ കറങ്ങി നടക്കുന്ന നിരവധി എസ്.എഫ്.ഐ നേതാക്കൾ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഇവരുടെ എസ്.എസ്.എൽ.സി. പ്ലസ്.ടു സർട്ടിഫിക്കറ്റുകൾ പരിശോധിച്ചാൽ  മിനിമം മാർക്കിൽ ജയിച്ചവരായിരിക്കും. എന്നാൽ ഉന്നത വിജയം കരസ്ഥമാക്കിയവരേക്കാൾ മുന്നിലായിരിക്കും കേരള സർവകലാശാലാ പരീക്ഷകളിൽ ഇവരുടെ മാർക്ക്. കോളേജുകളിലെ ജീവനക്കാർ കുട്ടു നിൽക്കാതെ പേപ്പറുകൾ പുറത്ത് എത്തിക്കാൻ കഴിയില്ല. അതോടൊപ്പം സർവകലാശാലയിലെ ജീവനക്കാരുടെ ഒത്താശയുമുണ്ടാകും. കോളേജ് സെന്ററുകളിലെ പരീക്ഷാ സമയം പ്രധാന ഉത്തര സൂചികയുടെയും അതിനു പിന്നാലെ തരുന്ന അഡീഷണൽ ഷീറ്റിന്റെയും നമ്പരുകൾ പ്രത്യേകം രേഖപ്പെടുത്തണം. പരീക്ഷ കഴിഞ്ഞ ശേഷം മേൽനോട്ടത്തിന് നിൽക്കുന്ന അധ്യാപകൻ താൻ കൊടുത്ത പേപ്പറുകളാണോ തിരികെ നൽകിയതെന്ന് പരിശോധിക്കണം. എന്തെങ്കിലും വ്യത്യാസം കണ്ടെത്തിയാൽ വിദ്യാർഥിയെ വിളിച്ചു വരുത്തി വിശദീകരണം ചോദിക്കാനും പരീക്ഷയിൽ നിന്ന് മാറ്റിനിർത്താനും മേലധികാരിക്ക് അനുവാദമുണ്ട്. ഇത്രയൊക്കെ സംവിധാനങ്ങൾ ഉണ്ടായിരിക്കെയാണ് പേപ്പറുകൾ പുറത്ത് പോയത്. കാലങ്ങളായി കോളേജിലെയും സർവകലാശാലയിലെയും വലിയൊരു ശൃംഖല ഇതിനായി പ്രവർത്തിക്കുന്നുണ്ടെന്നും ഇതിലൂടെ തെളിയുന്നു
ഇന്നലെ യൂനിവേഴ്‌സിറ്റി കോളേജിലെ ഇടിമുറിയിൽ നിന്നും കെട്ടുകണക്കിന് പേപ്പറുകളാണ് പോലീസ് കണ്ടെടുത്തത്. കോളേജിലെ അധ്യാപകർക്കോ ജീവനക്കാർക്കോ ഇതേക്കുറിച്ച് മിണ്ടാട്ടമില്ല. ഒന്നാം പ്രതിസ്ഥാനത്ത് തങ്ങളാകുമെന്നതിനാൽ സർവകലാശാലയും ഒഴുക്കൻ മട്ടിലുള്ള പ്രതികരണമാണ് നടത്തിയത്.

 

Latest News