Sorry, you need to enable JavaScript to visit this website.

ബീഫ് കൊലകൾക്കെതിരെ മുസ്‌ലിം ലീഗ് പാർലമെന്റ്  മാർച്ച് നടത്തും

ന്യൂദൽഹി- ബീഫിന്റെ പേരിലും വർഗീയതയുടെ പേരിലും വർധിച്ചു വരുന്ന കൊലപാതകങ്ങൾക്കെതിരെ മുസ്‌ലിം ലീഗ് ഈ മാസം 18 നു പാർലമെന്റ് മാർച്ച് നടത്തും. വിവിധ മതേതര, സാമൂഹിക കൂട്ടായ്മകളുമായി ചേർന്നായിരിക്കും പ്രക്ഷോഭം. മറ്റു കക്ഷകളുമായി കൂടിയാലോചിച്ചു വിഷയം മഴക്കാല സമ്മേളനത്തിലും അവതരിപ്പിക്കും. കന്നുകാലികളുമായി ബന്ധപ്പെട്ടു ആക്രമണത്തിനിരയാവുന്ന പിന്നോക്ക, ദളിത് വിഭാഗങ്ങളുമായി ആലോചിച്ചു പ്രക്ഷോഭം രാജ്യവ്യാപകമാക്കും. 
ജുനൈദിന്റെ കൊലയാളികൾക്കു കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിന് നിയമ നടപടികൾ സ്വീകരിക്കും. പ്രോസിക്യൂഷനെ സഹായിക്കാനാകുമോയെന്ന് നിയമ വിധഗ്ധരുമായി ആലോചിക്കും. അടുത്തു തന്നെ ചേരുന്ന ലീഗിന്റെ  ദേശീയ കമ്മിറ്റിയിൽ ഭാവി പരിപാടികൾ ആലോചിക്കുമെന്നും  നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ട്രെയിൻ യാത്രക്കിടെ അക്രമികൾ കൊലപ്പെടുത്തിയ ജുനൈദിന്റെ വീട്ടുകാർക്ക് ജീവിതോപാധി എന്ന നിലയിൽ പുതിയ വാഹനം വാങ്ങി നൽകും. 
പാർട്ടി ദേശീയ വക്താവ് ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ദേശീയ ഖജാൻജി പി.വി. അബ്ദുൽ വഹാബ് എം.പി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ജുനൈദിന്റെ വീട്ടുകാരെ സന്ദർശിച്ചാണ് ഇക്കാര്യം അറിയിച്ചത്. ജുനൈദിന്റെ പിതാവ് ജലാലുദ്ദീനും മൂത്ത സഹോദരൻ ഇസ്മായിലും ടാക്‌സി ഡ്രൈവർമാരാണ്. വാടകക്കെടുത്താണ് ഇവർ കാറോടിക്കുന്നത്. ഇതുമൂലമുള്ള സാമ്പത്തിക ബാധ്യത ഇല്ലാതിരിക്കാനാണ് പുതിയ കാർ വാങ്ങുന്നതെന്നും ഇന്നലെ ബല്ലഭ്ഗഢിലെ ജുനൈദിന്റെ വീട്ടിൽനിന്നു മടങ്ങിവരുന്നതിനിടെ മാരുതി സുസുക്കി എക്കോ വാൻ ബുക്ക്‌ചെയ്തതായും ലീഗ് നേതാക്കൾ അറിയിച്ചു. വാഹനം ഈ മാസം 18 ന് കുടുംബത്തിനു നൽകും. ഇതോടൊപ്പം ആവർക്കാവശ്യമായ സാമ്പത്തിക സഹായവും വിതരണം ചെയ്യുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
ഇത് ഒറ്റപ്പെട്ട പ്രശ്‌നമല്ല. രാജ്യത്ത് എവിടെയും എന്തും സംഭവിച്ചേക്കാവുന്ന അവസ്ഥയാണുള്ളത്. പശുവിന്റെ പേരിൽ മനുഷ്യരെ കൊല്ലാൻ പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസംഗിച്ചതിനു പിന്നാലെയാണ് ജാർഖണ്ഡിൽ ഒരാളെ കൊന്നത്. പ്രധാനമന്ത്രിയുടെ വാക്കിനു യാതൊരു വിലയുമില്ല. അദ്ദേഹത്തിന് ആത്മാർത്ഥതയില്ല. അദ്ദേഹത്തിന്റെ പാർട്ടി പ്രവർത്തകർ തന്നെയാണ് ആക്രമണം അഴിച്ചുവിടുന്നത്. ആക്രമണം നടത്തുന്നവരെ പാർട്ടി സംരക്ഷിക്കില്ലെന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ അവർ ആക്രമിക്കില്ല. മാത്രവുമല്ല, പ്രകോപനപരമായ പ്രസ്താവനകളാണ് ബി.ജെ.പി നേതാക്കളിൽ നിന്നുണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരൊറ്റ നികുതി, ഒരൊറ്റ ഇന്ത്യ എന്നതാണ് ജി.എസ്.ടിയിലൂടെ കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നതെന്നും എന്നാൽ, അതിനൊപ്പം ഒരൊറ്റ നീതി കൂടിയാണ് ഞങ്ങൾ ആവശ്യപ്പെടുന്നതെന്നും പി.വി അബ്ദുൽ വഹാബ് പറഞ്ഞു. ട്രെയിനിലെ സീറ്റ് തർക്കത്തെച്ചൊല്ലിയുള്ള കൊലപാതകം എന്ന നിലയിലാണ് കേസ് മുന്നോട്ടു കൊണ്ടുപോവുന്നത്. അതു തെറ്റാണ്. മതവിദ്വേഷ കൊലയാണിത്. മുസ്‌ലിം അടയാളങ്ങളാണ് കൊലയ്ക്കു കാരണം. എന്നാൽ ഇതൊന്നും എഫ്‌ഐആറിൽ ഇല്ലെന്നാണ് മനസ്സിലാകുന്നതെന്നും വഹാബ് പറഞ്ഞു.ആശുപ്രത്രിയിൽനിന്നു വീട്ടിലേക്കു കൊണ്ടുവന്ന ഗുരുതരമായി പരിക്കേറ്റ ജുനൈദിന്റെ സഹോദരൻ ഷാക്കിറിനെയും സംഘം കണ്ടു. യൂത്ത് ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി സി.കെ. സുബൈർ, വൈസ് പ്രസിഡന്റ് അഡ്വ. ഫൈസൽ ബാബു, എംഎസ്എഫ് അഖിലേന്ത്യാ പ്രസിഡന്റ് ടി.പി അഷറഫലി, ലീഗ് ദൽഹി ഘടകം സെക്രട്ടറി മുഹമ്മദ് ഹലീം എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
 

Latest News