Sorry, you need to enable JavaScript to visit this website.

വനിതാ ഡ്രൈവിംഗ് നിലവിൽ വന്നെങ്കിലും ഹൗസ് ഡ്രൈവർ നിയമനം കൂടിയെന്ന്‌


റിയാദ്- വനിതകൾക്ക് ഡ്രൈവിംഗ് അനുമതി നിലവിൽ വന്നിട്ടും പുരുഷ ഹൗസ് ഡ്രൈവർമാരെ നിയമിക്കാനാണ് സൗദി പൗരന്മാർ താൽപര്യം കാണിക്കുന്നതെന്ന് റിപ്പോർട്ട്. അഞ്ഞൂറോളം വനിതാ ഡ്രൈവർമാരെ മാത്രമാണ് സൗദിയിലേക്ക് റിക്രൂട്ട് ചെയ്തതെന്ന് കണക്കുകൾ പറയുന്നു. അതേസമയം, പുരുഷ ഹൗസ് ഡ്രൈവർമാരുടെ എണ്ണം രാജ്യത്ത് വർധിച്ചതായാണ് ഏറ്റവും പുതിയ കണക്കുകൾ. ഈ വർഷം ആദ്യ മൂന്നു മാസത്തെ കണക്കുകൾ പ്രകാരം രാജ്യത്ത് 15,38,870 പുരുഷ ഹൗസ് ഡ്രൈവർമാരുണ്ട്. 
2018 ലെ ആദ്യ മൂന്നു മാസത്തിൽ പുരുഷ ഹൗസ് ഡ്രൈവർമാർ 13,63,324 ആയിരുന്നു. ഒരു വർഷത്തിനിടെ ഹൗസ് ഡ്രൈവർമാരുടെ എണ്ണം 12.8 ശതമാനം തോതിൽ വർധിച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു.
വീടുകളിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങൽ, ശുചീകരണ, റിപ്പയറിംഗ് ജോലികൾ നിർവഹിക്കൽ അടക്കം മറ്റു പല ഉത്തരവാദിത്തങ്ങളും ജോലികളും നിർവഹിക്കുമെന്നതാണ് വനിതകൾക്ക് ഡ്രൈവിംഗ് അനുമതി പ്രാബല്യത്തിൽ വന്നിട്ടും പുരുഷ ഹൗസ് ഡ്രൈവർമാരുടെ റിക്രൂട്ട്‌മെന്റ് വർധിക്കുന്നതിന് കാരണം. കുടുംബത്തിൽ ഏതെങ്കിലും ഒരു വനിതക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചാലും ഇത്തരം ജോലികളൊന്നും അവർ നിർവഹിക്കില്ല. ജോലിക്കാരിയായ വീട്ടമ്മക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചാൽ തന്നെ മക്കളെ സ്‌കൂളുകളിലാക്കുന്നതിനും തിരിച്ചുകൊണ്ടുവരുന്നതിനും അവർക്ക് സാധിക്കില്ല. രാജ്യത്തെ ജനസംഖ്യാ വർധനവും ഹൗസ് ഡ്രൈവർമാരുടെ എണ്ണം വർധിക്കുന്നതിന് കാരണമാണ്. വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി നിലവിൽവന്ന് വർഷങ്ങൾ പിന്നിട്ടാൽ മാത്രമേ ഹൗസ് ഡ്രൈവർമാരെ ജോലിയിൽ നിന്ന് ഒഴിവാക്കുന്ന കാര്യത്തിൽ പ്രകടമായ വ്യത്യാസം കാണുന്നതിന് കഴിയുകയുള്ളൂവെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. വർഷങ്ങൾ പിന്നിടുന്നതോടെ വനിതകൾ ഡ്രൈവിംഗിൽ കൂടുതൽ നൈപുണ്യം നേടുകയും ഒരു കുടുംബത്തിൽ തന്നെ ഡ്രൈവിംഗ് ലൈസൻസുള്ള വനിതകളുടെ എണ്ണം വർധിക്കുകയും ചെയ്യുന്നതോടെ മാത്രമേ ഹൗസ് ഡ്രൈവർ നിയമനത്തിൽ കുറവുണ്ടാകൂ എന്ന് സ്‌കൂൾ, ഗതാഗത സുരക്ഷാ മേഖലയിൽ പ്രവർത്തിക്കുന്ന അൽമുസ്തശാറൂൻ ഗ്രൂപ്പ് ചെയർമാൻ റാമി യഗ്മൂർ പഞ്ഞു. 
ചില കുടുംബങ്ങൾ പുരുഷ ഹൗസ് ഡ്രൈവർമാരെ അപേക്ഷിച്ച് വനിതകളെ റിക്രൂട്ട് ചെയ്യുന്നതിന് താൽപര്യം കാണിക്കുന്നതായി അദ്ദേഹം പറഞ്ഞു. പുരുഷ ഹൗസ് ഡ്രൈവർമാർ കുട്ടികളെ ഉപദ്രവിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ഇടക്കിടക്ക് പുറത്തു വരുന്നതാണ് ഒരു കാരണം. ഈ വർഷം ആദ്യ മൂന്നു മാസം 459 വനിതാ ഹൗസ് ഡ്രൈവർമാരെയാണ് റിക്രൂട്ട് ചെയ്തതെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു. 
രാജ്യത്തെ നിയമം അനുസരിച്ച് വേലക്കാരി പ്രൊഫഷനിൽ റിക്രൂട്ട് ചെയ്യുന്നവർക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കില്ല. അതിനാൽ വനിതാ ഡ്രൈവർമാരെ വേണമെന്നുള്ളവർ അതിനായി പ്രത്യേകം റിക്രൂട്ട്‌മെന്റ് തന്നെ നടത്തണം.

 

Latest News