ഇന്ത്യന്‍ തീര്‍ഥാടകര്‍ അരലക്ഷം കവിഞ്ഞു

ജിദ്ദ- ഹജ് തീര്‍ഥാടനം തുടങ്ങി പതിനൊന്ന് ദിവസം പിന്നിടുമ്പോള്‍ മദീനയിലും മക്കയിലുമായെത്തിയ ഇന്ത്യന്‍ ഹാജിമാരുടെ എണ്ണം അരലക്ഷം കടന്നു. ഹജ് കമ്മിറ്റി വഴി  40,866 തീര്‍ഥാടകര്‍  എത്തിയപ്പോള്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴി 14,212 ഹാജിമാരാണ് എത്തിയത്. ഹജ് കമ്മിറ്റി വഴിയെത്തിയ ഹാജിമാരില്‍ 34,841 തീര്‍ഥാടകര്‍ മദീനയിലും അവശേഷിക്കുന്നവര്‍ മക്കയിലുമാണുള്ളത്. ഇവരെല്ലാം മദീന വിമാനത്താവളം വഴിയെത്തിയവരാണ്.
കേരളത്തില്‍നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം ഇന്ന് ഉച്ചക്കു ശേഷം മക്കയിലെത്തും. സ്വകാര്യ ഗ്രൂപ്പുകള്‍ വഴി ഇതുവരെ എത്തിയ 14,212 തീര്‍ഥാടകരില്‍ അധികപേരും മലയാളികളാണ്. ഇവരില്‍ ഭൂരിഭാഗം പേരും മക്കയിലാണ്. ദല്‍ഹി, ഗയ, കോഴിക്കോട്, കൊച്ചി, ഗുവാഹതി, മുംബൈ, ശ്രീനഗര്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഹാജിമാരാണ് ഇതുവരെ എത്തിയിട്ടുള്ളത്.
ഇന്ത്യന്‍ തീര്‍ഥാടക സംഘത്തില്‍ ഇതാദ്യമായി ഒരു മരണമുണ്ടായി. ഉത്തര്‍പ്രദേശിലെ ബിജുനൂരില്‍നിന്നുള്ള 58 കാരനായ റഹ്മത്തലിയാണ് കഴിഞ്ഞ ദിവസം മദീനയില്‍ മരിച്ചത്. രണ്ടു തീര്‍ഥാടകര്‍ മദീനയിലെത്തിയ ശേഷം പ്രസവിച്ചു. ഇവര്‍ ഇരുവരും ഉത്തര്‍പ്രദേശില്‍നിന്നുള്ളവരാണ്.
ഹാജിമാരെ  പ്രധാനമായും അലട്ടുന്നത് കാലാവസ്ഥയാണ്. മദീനയിലും മക്കയിലും നല്ല ചൂടാണ് അനുഭവപ്പെടുന്നത്. ഇന്ത്യന്‍ ഹജ് മിഷനു കീഴിലെ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലുമായി ഇതുവരെ 4,864 പേര്‍ ചികിത്സ തേടിയെത്തി. ഹജ് മിഷന്റെ മൊബൈല്‍ ടീം വഴി 1,790 പേര്‍ക്കും ചികിത്സയെത്തിച്ചു.

 

Latest News