കോടതി സമുച്ചയത്തിനകത്ത് മകളുടെ ഭര്‍ത്താവിന് മര്‍ദനം
പ്രയാഗ്‌രാജ്- കോടതിയില്‍ ഹാജരാകാനെത്തിയ ബി.ജെ.പി എം.എല്‍.എ രാജേഷ് മിശ്രയുടെ മകളുടെ ഭര്‍ത്താവ് അജിതേഷിനെ കോടതി സമുച്ചയത്തിനകത്ത് മര്‍ദിച്ചു. വിവാഹം അംഗീകരിക്കാത്ത പിതാവില്‍നിന്നും ഗുണ്ടകളില്‍നിന്നും സംരക്ഷണം തേടിയാണ് എം.എല്‍.എയുടെ മകള്‍ സാക്ഷിയും ഭര്‍ത്താവും കോടതിയെ സമീപിച്ചത്.
കോടതിയില്‍ കേസ് വിളിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് രാവിലെ എട്ടരയോടെയാണ് അജിതേഷ് കുമാറിന് മര്‍ദനമേറ്റത്.
കോടതിയിലെ മൂന്നാം നമ്പര്‍ ഗേറ്റിനു പുറത്ത് യുവ ദമ്പതികള്‍ കാത്തിരിക്കുകയായിരുന്നു. ഇവര്‍ക്കു സമീപം ഒരു കറുത്ത എസ്‌യുവിയില്‍ വന്നിറങ്ങിയവര്‍ തോക്കു ചൂണ്ടി ദമ്പതികളെ വാഹനത്തില്‍ വലിച്ചുകയറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ എം.എല്‍.എയുടെ മകളും ഭര്‍ത്താവും ജഡ്ജിയുടെ ചേംബറിലെത്തി സംരക്ഷണം ആവശ്യപ്പെട്ടു.
വീട്ടില്‍നിന്ന് ഒളിച്ചോടിയ ശേഷം വിവാഹിതരായ ഇവര്‍ തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് സമൂഹ മാധ്യമങ്ങളില്‍ നല്‍കിയ വീഡിയോ സന്ദേശം വൈറലായിരുന്നു. കോടതി സമുച്ചയത്തിനകത്ത് അജിതേഷിന് മര്‍ദനമേറ്റ കാര്യം ശ്രദ്ധയില്‍ പെട്ട ജഡ്ജി എം.എല്‍.എക്കെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടുമെന്നാണ് കോടതി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മകള്‍ സാക്ഷിയും മരുമകനും പ്രായപൂര്‍ത്തിയായവരാണെന്നും ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാന്‍ ഇരുവര്‍ക്കും അവകാശമുണ്ടെന്നും ജസ്റ്റിസ് സിദ്ധാര്‍ഥ വര്‍മ ബി.ജെ.പി എം.എല്‍.എ രാജേഷ് മിശ്രയെ ഓര്‍മിപ്പിച്ചു. ദമ്പതികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു.
ഹരജിയില്‍ വാദം കേട്ടതിനു പിന്നാലെ അലഹബാദ് കോടതി സമുച്ചയത്തില്‍നിന്ന് ദമ്പതികളെ തട്ടിക്കൊണ്ടു പോയതായി അഭ്യൂഹം പരന്നെങ്കിലും അത് അജിതേഷും സാക്ഷിയുമല്ലെന്നും മറ്റൊരു ദമ്പതികളാണെന്നും പിന്നീട് സ്ഥിരീകരിച്ചു.
ആക്രമണത്തിനു പിന്നില്‍ താനാണെന്ന ആരോപണം എം.എല്‍.എ നിഷേധിച്ചു. മകള്‍ക്ക് സ്വന്തം തീരുമാനമെടുക്കാന്‍ അവകാശമുണ്ടെന്നും താന്‍ ആരേയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ബറേലിയിലെ ബിതാരി ചെയിന്‍പുരില്‍നിന്നുള്ള എം.എല്‍.എ ആയ രാജേഷ് മിശ്ര പറഞ്ഞു.