Sorry, you need to enable JavaScript to visit this website.

ബിനോയ് കോടിയേരിയ്ക്ക് വയ്യ,  രക്ത സാമ്പിള്‍ പിന്നെ തരാം 

മുംബൈ-ലൈംഗിക പീഡനക്കേസില്‍ ബിനോയി കോടിയേരിയുടെ ഡിഎന്‍എ പരിശോധന നടന്നില്ല. അസുഖമായതിനാല്‍ രക്തസാമ്പിള്‍ നല്‍കാന്‍ കഴിയില്ലെന്ന് ബിനോയി ഇന്ന് അറിയിച്ചു. ഇതു സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി. അടുത്ത തിങ്കളാഴ്ച്ച ഹാജരാകുമ്പോള്‍ രക്തസാംപിള്‍ നല്‍കണമെന്ന് ഓഷിവാര പൊലീസ് ആവശ്യപ്പെട്ടു.
30 മിനിറ്റോളം സ്‌റ്റേഷനില്‍ കാത്തിരുന്ന ശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ബിനോയിയെ വിളിപ്പിച്ചത്. ഡി.എന്‍.എ ടെസ്റ്റിനായി ഇന്ന് രക്ത സാമ്പിള്‍ നല്‍കണമെന്നായിരുന്നു കഴിഞ്ഞാഴ്ച പൊലീസ് ആവശ്യപ്പെട്ടിരുന്നത്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ബിനോയും അഭിഭാഷകനും വ്യക്തമാക്കി. രക്ത സാമ്പിള്‍ നല്‍കണമെന്ന് കോടതിയും പറഞ്ഞിരുന്നു.
ഒരുമാസം എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും ഒന്നിനുമിടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശമുണ്ടായിരുന്നു. ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും തനിക്ക് ബിനോയില്‍ ഒരു കുട്ടിയുണ്ടെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ തവണ ഹാജരായപ്പോള്‍ ബിനോയ് ഡി.എന്‍.എ ടെസ്റ്റിന് തയ്യാറാണെന്ന് അറിയിച്ചതായി പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു.ആദ്യം ഡി.എന്‍.എ പരിശോധനയ്ക്ക് സമ്മതമല്ലെന്ന് അറിയിച്ചിരുന്ന ബിനോയ് പിന്നീട് സമ്മതം അറിയിക്കുകയായിരുന്നു.
ബിഹാര്‍ സ്വദേശിയായ യുവതി ഉന്നയിച്ച ലൈംഗിക പീഡന കേസിലാണ് ഡി.എന്‍.എ പരിശോധന നടത്തുന്നത്. മറ്റു തടസ്സങ്ങളില്ലെങ്കില്‍ ഇന്ന് ജുഹുവിലെ കൂപ്പര്‍ ആശുപത്രിയില്‍ എത്തിച്ച് രക്തസാമ്പിള്‍ എടുക്കുമെന്നായിരുന്നു കരുതിയിരുന്നത്.

Latest News