കൊൽക്കത്ത- മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ടു മുങ്ങിയതിനെ തുടർന്ന് പ്രതീക്ഷയോടെ കടലിൽ ഭക്ഷണമില്ലാതെ അഞ്ചു ദിനം. അതും ഒരു കഷ്‌ണം മുളം തടിയിൽ ലൈഫ് ജാക്കറ്റ് പോലുമില്ലാതെ. ഒടുവിൽ അറ്റം കാണാത്ത കടലിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു കയറൽ. കൂടെയുള്ള 13 പേരും കടലിലെ ആഴിയിലേക്ക് പോകുന്നത് സാക്ഷിയായ യുവാവ് ആത്മധൈര്യം ഒന്ന് കൊണ്ടു മാത്രമാണ് പിടിച്ച് നിന്നത്. ഒടുവിൽ ഇതിലൂടെ കടന്നു പോകുകയായിരുന്ന കപ്പലാണ് മാലാഖയായി രവീന്ദ്ര നാഥ് ദാസ് എന്ന ചെറുപ്പക്കാരന് രക്ഷയായത്. കൊൽക്കത്തയിലെ കക്കദ്വീപ് സ്വദേശിയായ യുവാവ് പതിമൂന്നംഗ സംഘത്തോടൊപ്പം ജൂൺ നാലിനാണ് കടലിൽ മത്സ്യ ബന്ധനത്തിനായി പുറപ്പെട്ടത്. എഫ് ബി നയൻ എന്ന ബോട്ടിലായിരുന്നു യാത്ര. പുറം കടലിൽ എത്തിയതോടെ കനത്ത കാറ്റും മഴയും ബോട്ടിനെ പിടിച്ചുലച്ചു. ഒടുവിൽ അതിശക്തമായ പ്രകൃതി ക്ഷോഭത്തിൽ പിടിച്ചു നിൽക്കാൻ കഴിയാതെ ബോട്ട് തകർന്നതോടെ മൂന്നു പേർ അതിൽ പെട്ടു മരിച്ചു. ബാക്കിയുള്ള പതിനൊന്നു പേർ രണ്ടും കൽപ്പിച്ച് കടലിലേക്ക് എടുത്തു ചാടി ബോട്ടിന്റെ ഡീസൽ ടാങ്ക് ഘടിപ്പിച്ച മുളവടി അഴിച്ചെടുത്ത് അതിൽ രക്ഷ തേടി. എന്നാൽ, ഓരോ ദിവസം കഴിയും തോറും ഇതിൽ പലരും ജീവൻ വെടിഞ്ഞു ആഴിയിലേക്ക് പോകുന്നത് കണ്ടു നിന്ന രവീന്ദ്രനാഥ് തന്റെ ഊഴവും കാത്തെന്ന പോലെ പ്രതീക്ഷയറ്റു കഴിയുകയായിരുന്നു.
ഇതിനിടയിൽ ശക്തമായ തിരമാലയിൽ വിവിധയിടങ്ങളിലേക്ക് എടുത്തെറിയപ്പെട്ടുവെങ്കിലും മുളം തണ്ടിൽ പിടിച്ചു കിടന്നു. ഒടുവിൽ ഇതിലൂടെ കടന്നു പോകുകയായിരുന്ന ബംഗ്ളാദേശ് കപ്പൽ സംഘം ഇദ്ദേഹത്തെ കണ്ടതോടെയാണ് ജീവിതത്തിലേക്ക് തിരിച്ചെത്താൻ കഴിയുമെന്ന പ്രതീക്ഷ ഉടലെടുത്തത്. ജൂലൈ പതിനൊന്നിനാണ് ചിറ്റഗോങ്ങ് തീരത്ത് വെച്ച് കപ്പൽ കാണുന്നത്. കണ്ടെത്തിയിട്ടും രണ്ടു മണിക്കൂറിനു ശേഷമാണു കപ്പലിന് ഇദ്ദേഹത്തിന്റെ അടുത്തെത്താനായത്. കപ്പൽ അടുത്തെത്തിയപ്പോഴേക്കും അതുവരെ കൂടെയുണ്ടായിരുന്ന അനന്തരവനും മരണത്തിലേക്ക് വഴുതി വീണു. ഇതിനിടക്ക് കപ്പൽ ദൃഷ്ടിയിൽ നിന്നും കൺമറഞ്ഞെങ്കിലും ഒടുവിൽ രണ്ടാം ജന്മത്തിലേക്കെന്നപോലെ കപ്പലിൽ കയറ്റി ഇദ്ദേഹത്തെ കരക്കെത്തിച്ചു. ഉടൻ തന്നെ ആശുപത്രയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്.