Sorry, you need to enable JavaScript to visit this website.

ജപ്പാനിൽ പ്രണയവും വാർധക്യവും

ഗോകുലം ഗോപാലൻ ഒരു ബഹുമുഖ പ്രതിഭയാണെന്നു പറഞ്ഞാൽ അത് സൂര്യൻ നമുക്ക് വെളിച്ചം തരുന്നു എന്നു പറയുന്നതു പോലിരിക്കും. അദ്ദേഹം ചിട്ടി നടത്തും, ഹോട്ടൽ തുറക്കും, ആശുപത്രിയും മെഡിക്കൽ കോളേജും സ്വന്തമാക്കും, സിനിമ പിടിക്കും, അനാഥാലയം ഏർപ്പെടുത്തും, ധർമപരിപാലനം നയിക്കുകയും വെള്ളാപ്പള്ളി നടേശനുമായി കോർക്കുകയും ചെയ്യും. അതിനെല്ലാം പുറമെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ  മികച്ച കടലാസിൽ ഇറങ്ങുന്നു ഒരു മാസിക, ഗോകുലം ശ്രീ. 
മാസികയുടെ മുഖ്യപത്രാധിപർ ഗോകുലം ഗോപാലൻ. അലങ്കാരവും അടയാളവുമായി സ്വന്തം പേരിൽ അദ്ദേഹം ആഴമുള്ള വിഷയങ്ങളെപ്പറ്റി മുഖപ്രസംഗം എഴുതുന്നു, പതിവായി. ഈയിടെ എന്റെ കൗതുകമുണർത്തിയ രണ്ടു കാര്യങ്ങളിൽ ഒന്ന് അദ്ദേഹത്തെപ്പറ്റി വന്നിരിക്കുന്ന ഒരു കുറിപ്പാണ്.  നല്ല നല്ല കാര്യങ്ങൾ. ഇത്രയും
സംരംഭങ്ങൾ വിജയകരമായി തുടങ്ങുകയും ആസ്തികൾ ഒരുക്കൂട്ടുകയും ചെയ്ത ഒരാളുടെ രീതികളും ലക്ഷ്യങ്ങളും അറിയാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല, അദ്ദേഹം എഡിറ്റർ ആയുള്ള ഒരു പത്രികയിൽ തന്നെ വേണോ ആ സ്‌തോത്രം എന്നു തോന്നി. അവിടെ വയ്യെങ്കിൽ വേറെ എവിടെ എന്നും തോന്നി, ഉടനെ.  
എന്നെ രസിപ്പിച്ച രണ്ടാത്തെ കാര്യം ലോകാവസാനം അടയാളപ്പെടുത്തുന്ന ഒരു ഘടികാരം ജപ്പാനിലെ ഗവേഷകർ തയാറാക്കിയിരിക്കുന്നുവെന്നതത്രേ.  ആ വിവരത്തേക്കാൾ കുതൂഹലം ഉണർത്തുന്നതാണ് ജനസംഖ്യാ പഠനവുമായി ബന്ധപ്പെട്ട അതിലെ ഉള്ളടക്കം.
ആ കുറിപ്പിലെ ആദ്യ ഖണ്ഡിക ഉദ്ധരിക്കട്ടെ:
'ജപ്പാനിലെ ഗവേഷകർ അടുത്തിടെ ഒരു ലോകാവസാന ക്ലോക്കിനു രൂപം നൽകി. ഇതനുസരിച്ച് ആ നാട്ടിലെ ജനസംഖ്യ 3776 ഓഗസ്റ്റ് 12 ന് പൂജ്യമായി മാറും. യുദ്ധങ്ങളോ മഹാമാരികളോ പ്രകൃതിക്ഷോഭങ്ങളോ ഒന്നുമല്ല കാരണം. ജനനനിരക്ക് കുറയുന്നു. മരണനിരക്ക് കൂടുന്നു. ഓരോ വർഷവും ജനസംഖ്യ കുറഞ്ഞു കുറഞ്ഞു വരുന്നു. കുട്ടികൾ കുറയുന്നതിനുള്ള കാരണം അന്വേഷിച്ചുപോയ ശാസ്ത്രജ്ഞർ കണ്ടെത്തിയത് ജപ്പാൻകാർ കല്യാണം കഴിക്കാൻ മടിക്കുന്നു, ലൈംഗിക ബന്ധത്തിനു മടിക്കുന്നു, കുട്ടികളുണ്ടാകാൻ മടിക്കുന്നു, എന്തിന്, പ്രണയിക്കാൻ പോലും മടിക്കുന്നു എന്നാണ്.  രാജ്യത്ത് കഴിഞ്ഞ വർഷം 5,86,438 വിവാഹങ്ങളാണ് നടന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് 20,000 കുറവ്. അതേ വർഷം 2,08,333 വിവാഹ മോചനങ്ങൾ നടന്നു.'
ഭൂമിയിൽ മനുഷ്യന്റെ ഇടം അടയാളപ്പെടുത്തുന്ന പല വിവരവും നൽകുന്നതാണ് ഈ ജനസംഖ്യാ പഠനം. മരണം അവധിയെടുക്കുകയും ജീവിതം നൃത്തമാടുകയും ചെയ്യുന്ന സ്ഥിതി നമ്മൾ ഗവേഷണം വഴി തെളിയിച്ചിട്ടുള്ളതല്ല. എന്നാലും ഉണ്ടായത് ഇല്ലാതാവുക എന്ന ലോകോത്തര പ്രക്രിയയെപ്പറ്റി പൂർവസൂരികൾ എന്നേ ബോധവാന്മാരായിരുന്നു. 
ആ പ്രക്രിയ മുടങ്ങുമ്പോൾ തകരുന്ന തുലനാവസ്ഥ, സത്യത്തിന്റെ ഏതു മുഖത്തെയും ചിരിച്ചുകൊണ്ട് കണ്ടിരുന്ന കുഞ്ചൻ നമ്പ്യാർ ഒരിടത്ത് ചിത്രീകരിച്ചിരുന്നു. കാലനില്ലാത്ത കാലത്തിന്റെ ആ ചിത്രണവും രസമായി.
മനുഷ്യന്റെ പെരുമാറ്റത്തിലും കഴിവുകളിലും കാലാകാലമായി വന്നു കൂടിയ  അവ്യത്യാസമായിരുന്നോ  നമ്പ്യാരുടെ വിഷയം എന്നറിയില്ല. ഭാവനയായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണ മാർഗം. എന്തായാലും സ്വന്തം ഇടപെടലോടു കൂടിയും അല്ലാതെയും മനുഷ്യനിൽ സംഭവിക്കുന്ന രാസ പരിണാമം മനുഷ്യനെത്തന്നെ അന്തം വിട്ടിരുത്തും. യുഗാന്തരങ്ങളായി നടക്കുന്നതാണ് മരണം മാറ്റിവെക്കാനും തടയാനുമുള്ള സപര്യ. മരണത്തിന്റെ അജണ്ടയിൽ നേരിയൊരു മാറ്റം വരുത്തിക്കൊടുക്കാമോ എന്ന നാറാണത്ത് ഭ്രാന്തന്റെ വെല്ലുവിളിക്കു മുന്നിൽ ഭദ്രകാളി പോലും തോറ്റോടിയെന്നാണ് പുരാണം  പോലും.
ഇപ്പോഴിതാ മരണത്തെ കബളിപ്പിക്കനും വാർധക്യം പിന്നെയും തള്ളിമാറ്റാനും പുതിയ യന്ത്രങ്ങളും മന്ത്രങ്ങളും ഇറങ്ങിയിരിക്കുന്നു. കാലദേവനുമായി കോർത്തുനോക്കിയ മുനികുമാരന്മാരായ മാർക്കണ്ഡേയനും നചികേതസ്സും ഓർമയുടെ അറകളിലിരുന്ന് ഊറിച്ചിരിക്കുന്നുണ്ടാവും. അറുപതുകൊല്ലം മുമ്പ് എന്റെ കുട്ടിക്കാലത്ത് ഇന്ത്യയിലെ ശരാശരി ആയുസ്സ് അമ്പത്തൊന്നു കൊല്ലമായിരുന്നു. ഇപ്പോഴത് രണ്ടു പതിറ്റാണ്ടു കൂടി കൂടിക്കാണും. അപ്പോൾ പിന്നെ വൃദ്ധരുടെ എണ്ണം കൂടാതിരിക്കുമോ? വീണ്ടും ഗോകുലം ശ്രീയിലെ ജപ്പാൻ വൃത്താന്തം ഉദ്ധരിക്കട്ടെ.
'കുട്ടികളുടെ ഡയപ്പറിനേക്കാൾ പ്രായമായവർക്കുള്ള ഡയപ്പറുകൾ വിറ്റഴിയുന്ന രാജ്യമാണ് ജപ്പാൻ. ജനസംഖ്യയുടെ 26.7 ശതമാനവും മുതിർന്ന പൗരന്മാരാണ്. ഏകാന്തത സഹിക്ക വയ്യാതെ പ്രായമായവർ എങ്ങനെയെങ്കിലും ജയിലിൽ കയറിപ്പറ്റാൻ ശ്രമിക്കുന്നുവെന്നത് കുറച്ചു മുമ്പ് ജപ്പാനിൽനിന്നുള്ള കൗതുക വാർത്തയായിരുന്നു. 
അവിടെ കുറ്റകൃത്യങ്ങളുടെ അഞ്ചിലൊന്നും ചെയ്യുന്നത് പ്രായമായവരാണ്. കടകളിലെ മോഷണം പോലുള്ള നിസ്സാര കുറ്റങ്ങളാണ് അവയിലേറെയും. നിസ്സാര കുറ്റങ്ങൾ ചെയ്ത് പിടി കൊടുത്ത് തടവു ശിക്ഷ വാങ്ങും. പിന്നീടവർക്ക് കുറച്ചുകാലം ജയിലിൽ കഴിയാം. അവിടെ പുതിയ ചുറ്റുപാട് പരിചയപ്പെടാം. പുതിയ കൂട്ടുകാരെ കണ്ടെത്താം. വാ തോരാതെ സംസാരിക്കാം.'
ചുറ്റുപാടും മെയ്യിലും മനസ്സിലും ഉണ്ടാവുന്ന മാറ്റം നോക്കൂ. അഞ്ചു പതിറ്റാണ്ടു മുമ്പ് ആ മാറ്റം ശ്രദ്ധിച്ച ആൽവിൻ ടോഫ്‌ലർ കാലം കടന്നുവരുന്ന വേഗത്തെപ്പറ്റി ഉപന്യസിക്കുകയുണ്ടായി. നാളെ ഇന്നലെയാകുമ്പോൾ എല്ലാം തകിടം മറിയുന്നു.. 
ഇഷ്ടങ്ങളും സാധനങ്ങളും മാറുന്നു. വാക്ക് മാറുന്നു, നോക്ക് മാറുന്നു. താമരയിലയിൽ പ്രേമത്തിന്റെ കുറിമാനം എഴുതിയയക്കാൻ ശകുന്തളമാരെയാരെയും കിട്ടാതാകും, കൗമാരത്തിന്റെ ഭാവം ബാല്യത്തിൽ അനുഭവപ്പെടാം. വാർധക്യം യൗവനമാക്കിയെടുക്കാം, നമ്മുടെ യയാതി ചെയ്തതു പോലെ. യൗവനത്തിൽ വാർധക്യം
കേറുന്നതും ടോഫ്‌ലർ പരാമർശിക്കുന്നുണ്ട്. ആ രോഗത്തിനു പറയുന്ന പേർ പ്രൊജേറിയ. 
ടോഫ്‌ലർ അന്ന് പുസ്തകത്തിനു പേരിട്ടത് കാലാഘാതം, എൗൗേൃല ടവീരസ, എന്നായിരുന്നു. നിബന്ധനകൾക്കു വഴങ്ങാതെ കാലം കടന്നു വരുന്നു, പോകുന്നു. സമാന സ്വഭാവമുള്ള വെർനർ സിൻഡ്രം എന്ന അസുഖം ഈയിടെ ജപ്പാനിൽ കണ്ടെത്തിയിട്ടുണ്ട്. നൊബുവാക്കി നാഗഷിമ എന്ന ചെറുപ്പക്കാരൻ പൊടുന്നനവേ വയസ്സനായിരിക്കുന്നു. മുപ്പതുകാരൻ എൺപതുകാരന്റെ ശാരീരികവും മാനസികവുമായ ചേഷ്ടകളോടുകൂടി പെരുമാറുക. ഏതാനും കൊല്ലം മുമ്പ് ഇറങ്ങിയ അത്ഭുതവും ഭയവും ദൈന്യവും ഉളവാക്കുന്ന ഒരു സിനിമയിലും അതിന്റെ ലാഞ്ഛന കാണാം. 
ബട്ടൺ വുഡ് എന്നൊരാളുടെ വിചിത്രമായ കഥ. ജനനത്തിൽ തന്നെ പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടി. വളരുമ്പോൾ പ്രായം കുറയുന്നു. പിന്നെ പ്രസരിപ്പുള്ള യുവത്വം. അതിനിടെ പ്രേമിക്കുകയും കല്യാണം കഴിക്കുകയും ചെയ്യുന്നു. അപ്പോഴാണ് കാലാഘാതത്തിന്റെ മറ്റൊരു ഘട്ടത്തിന്റെ തുടക്കം. യുവത്വം പൊയ്‌പ്പോകുന്നു, അതിന്റെ ഉടമ വീണ്ടും കുട്ടിത്തത്തിലേക്കു മടങ്ങുന്നു. വൃദ്ധയായിക്കഴിഞ്ഞ ഭാര്യ പൈതലായിക്കഴിഞ്ഞ ഭർത്താവിനെ താരാട്ടു പാടിയുറക്കുന്ന രംഗം എന്തു രസമാണ് പുറപ്പെടുവിക്കുക?
പ്രണയവും സന്താന മോഹവും നമ്മുടെ മനുഷ്യ സമൂഹത്തെയും അതിലെ വ്യക്തികളെയും വേർതിരിച്ചു നിർത്തുന്ന ഭാവങ്ങളായിരുന്നു. ജപ്പാനിലെ ഗവേഷകർ ചൂണ്ടിക്കാട്ടുന്നത് കാലം പെട്ടെന്നു കടന്നുവരികയും വാർധക്യം അരങ്ങേറ്റുകയും ചെയ്യുന്നുവെന്നു മാത്രമല്ല, സന്താനത്തിനും കല്യാണത്തിനും പ്രണയത്തിനുമുള്ള വാഞ്ഛയും മുരടിക്കുന്നുവെന്നാണ്. ഈ മാറ്റങ്ങളെല്ലാം പരിണാമത്തിന്റെ മറ്റൊരു ഘട്ടം സൂചിപ്പിക്കുന്നുവെന്നാണ് ബ്രിട്ടനിലെ റോയൽ ഇൻസ്റ്റിറ്റിയൂഷന്റെ ഡയറക്റ്റർ ആയിരുന്ന സൂസൻ ഗ്രീൻ കരുതുന്നത്. 
കല്യാണം വേണ്ടെങ്കിൽ വേണ്ട. കുട്ടികളില്ലാതെയും കഴിയാമെന്നു വെക്കുക. പ്രണയമോ? അതില്ലാതായാൽ പിന്നെ എന്തു ജീവിതം? ജീവിച്ചിരിക്കേ നമ്മൾ നമ്മളല്ലാതായി തോന്നും. അതിന്റെ മുന്നറിയിപ്പാകാം അനോബുവാക്കി നാഗഷിമയെപ്പറ്റിയും മറ്റുമുള്ള പഠനം.

Latest News