Sorry, you need to enable JavaScript to visit this website.

കുമ്മാട്ടി വേഷങ്ങൾ

മുണ്ട് മുറുക്കിയുടുത്താണ് ഇപ്പോൾ കോൺഗ്രസ് കഴിഞ്ഞു പോരുന്നത്. ദാഹവും വിശപ്പും തീർക്കാൻ തക്കവണ്ണം അധികാരമില്ല. ഉള്ളിടത്തൊക്കെ കുറുനരി ശല്യം. എപ്പോൾ എമ്മെല്ലേമാരെ തൂക്കിയെടുത്തുകൊണ്ടുപോകുമെന്ന് ഒരു നിശ്ചയവുമില്ല. കൈവശം ഫണ്ടില്ല. ഫണ്ട് നൽകേണ്ടവരൊക്കെ മറുകണ്ടം ചാടി ഷാജിയുടെയും മോഡിയുടെയും ദാസ്യപ്പണി ചെയ്യുന്നു. ഒത്താൽ തോളിൽ കൈയിയിടുവാനും മടിക്കുന്നില്ല. 'മുന്നിൽ പെരുവഴി മാത്രം, കൈവന്നതു വേദന മാത്രം' എന്ന ഗാനം പാടാത്ത ഒറ്റ ഖദർധാരിയെപ്പോലും കാണാൻ കഴിയില്ല. ഈ ഘട്ടത്തിൽ ഒരു 'ടാലന്റ് ഹണ്ട്' നടത്താൻ തോന്നിച്ച ബുദ്ധി ആരുടേതായാലും വാഴ്ത്തപ്പെടട്ടെ! 


കൊച്ചിയിൽ യൂത്ത് നേതൃത്വത്തിനായി ഒരെണ്ണം സംഘടിപ്പിച്ചു. എല്ലാം കംപ്യൂട്ടറൈസ്ഡ് ആയതിനാൽ ഫോറം പൂരിപ്പിച്ച് അപേക്ഷ നൽകുന്ന കാര്യം ഓട്ടോ റിക്ഷയിൽ കയറുന്നതു പോലെ ലളിതം. നെഹ്‌റു കുടുംബം കേരളത്തിനു പുറത്തായതിനാൽ അതിൽനിന്നും അപേക്ഷകളൊന്നും കണ്ടില്ല. ഒരാൾ വയനാട്ടിൽ എം.പിയാണെങ്കിലും പാർട്ടിയിൽ വനവാസമായതുകൊണ്ട് കൊച്ചിയിൽ കക്ഷിയുടെ ഫോട്ടോ മാത്രമാണുണ്ടായിരുന്നത്. കേരള ലോട്ടറി നറുക്കെടുപ്പ്, പ്രവാസിച്ചിട്ടി നറുക്കെടുപ്പ്, ഹുണ്ടായ് ബൈക്കിന്റെ ഭാഗ്യക്കുറി തുടങ്ങിയവിൽനിന്നുള്ള പ്രചോദനം സഹിക്കാൻ വയ്യാഞ്ഞിട്ടാകാം 'യൂത്ത് ഹണ്ടിനു' പുറപ്പെട്ടത് എന്നു കരുതാം. കഷ്ടിച്ച് എഴുനൂറു പേർക്കാണ് പ്രവേശനം. ഇനി അതിൽ നിന്നും ഫണ്ട് അടിച്ചു മാറ്റുന്നതിൽ കഴിവു തെളിയിക്കുന്നവർക്കാകും മുൻഗണനയെന്നും കരുതാം. 'ഗ്രീൻ എമ്മെല്ലേ'മാർ എന്നൊരു പുതിയ ജീവിയിനം പ്രത്യപ്പെട്ടിട്ടിട്ടുള്ളതിനാൽ അവയ്ക്കു ചുറ്റും വണ്ടുകൾ പോലെ സദാ മൂളിപ്പിക്കുന്നവർക്കും ആൺപെൺ ഭേദമില്ലാതെ പരിഗണന കിട്ടും. വനിതാ വിമോചന കാലമായതിനാൽ ഭൂരിപക്ഷം അവർ നേടുമെന്നു കരുതുന്നവർക്കു തെറ്റി. എട്ടു പേർ മാത്രമാണ് സാഹസത്തിന് ഇറങ്ങിയത്. തിരികെ എപ്പോൾ വീട്ടിലെത്തണമെന്നു നിർബന്ധമില്ലാത്തവർക്കാണ് മേപ്പടി 'ഹണ്ടി'ൽ മുൻതൂക്കം ലഭിക്കുക. ഏതായാലും കോൺഗ്രസ് തറവാട്ടിൽ അനന്തരാവകാശികളില്ലാതെയാകുന്നത് ചെറുക്കാൻ അവർക്കു കഴിയും. പ്രതീക്ഷ നൽകുന്ന പെണ്ണുങ്ങൾക്കേ സംഘടനയിൽ ഇടമുള്ളൂ' എന്ന പഴഞ്ചൊല്ല് കോൺഗ്രസ് വകയായി പണ്ടേ പ്രസിദ്ധീകരിച്ചിട്ടുണ്ടല്ലോ. 
സംഘടനാ പുനഃസംഘടനയുടെ പേരിൽ തുടങ്ങിയ ഈ മഹത്തായ യത്‌നത്തിൽ മുല്ലപ്പള്ളി വരെ ശുഭവിശ്വാസിയായാണ് കാണപ്പെട്ടത്. അല്ല, അദ്ദേഹം പണ്ടും അങ്ങനെ ആയിരുന്നുവല്ലോ! 'ഹണ്ട്' കൊച്ചിയിലായതിനാൽ കെ.വി. തോമസ് മാഷും പി.ജെ. കുര്യൻ മാഷുമൊക്കെ വീണ്ടും യുവാക്കളായി മാറുമോ എന്നേ സംശയിക്കാനുള്ളൂ.
****                  ****                ****


പണ്ട് 'കുമ്മാട്ടി'വേഷം കെട്ടി അനുസരണയില്ലാത്ത കുട്ടികളെ വിരട്ടുന്ന ചില വിരുതന്മാരുണ്ടായിരുന്നു. സംസ്ഥാനത്ത് പത്തു ദിവസം കഴിഞ്ഞാൽ 'പവർകട്ട്' എന്നു പറഞ്ഞ് നാട്ടുകാരെ വിരട്ടുന്ന കുമ്മാനിട്ട വേഷമാണ് നമ്മുടെ വൈദ്യുത മന്ത്രി മണിയാശാന്. നിരക്കും നിക്ഷേപത്തുകയും ഒന്നിച്ചുകൂട്ടി. അതുകൊണ്ടരിശം തീരാഞ്ഞിട്ടാപുരയുടെ ചുറ്റും മണ്ടിനടന്നു വെന്ന് നമ്പ്യാരാശാൻ പാടിയിട്ടുള്ളത് മന്ത്രിക്കും റെഗുലേറ്റി ചെയർമാൻ പിള്ള സാറിനും അറിയുമായിരിക്കും. 'കൊല്ലുന്ന പടനായർക്ക് തിന്നുന്ന അച്ചിസംബന്ധം' എന്നു പറഞ്ഞതു പോലെയാണ് മന്ത്രിയും റെഗുലേറ്ററിയും. ഇനിയും വല്ലതും ഈടാക്കിയേ തീരൂവെന്ന് രണ്ടാം കക്ഷി. ആറായിരം കോടിയോളം പിരിഞ്ഞുകിട്ടാനുണ്ടെന്ന പഴയ പ്രഖ്യാപനം ഇപ്പോൾ ഉപ്പു മാങ്ങാ ഭരണയിലിട്ടു സക്ഷിക്കുകയാവാം. മറുചോദ്യം ചോദിക്കുന്നവരെ വർഗ ശത്രു, കുലംകുത്തി, അവൻ, ഇവർ, ശുംഭൻ എന്നൊക്കെ മറ്റു വല്ലതും കൂട്ടിച്ചേർത്തു വിളിക്കുമോ എന്നു ഭയന്ന് ആരും കമാന്നു മിണ്ടുന്നില്ല. ഇപ്പോൾ ഭരണം യു.ഡി.എഫിനായിരുന്നെങ്കിലോ? എത്ര വണ്ടികൾ അകാല ചരമമടഞ്ഞേനേയെന്ന് കണക്കെടുക്കാനാകുമോ? സന്ധ്യ മയങ്ങിയാൽ സൈക്കിൾ ടയറുകൾക്ക് വേഷം മാറി തീപ്പന്തമായി എരിഞ്ഞു ജീവിതം കഴിയുമായിരുന്നില്ലേ? ഒരാശ്വാസമുള്ളത് കോൺഗ്രസ് തൽക്കാലം നിലവിലില്ല. യു.ഡി.എഫിൽ നേതാക്കളായി ഉണ്ടായിരുന്നുവരെ മുഴുവനും എം.പിമാരാക്കി വടക്കോട്ടയച്ചു. ഇനി അവരെ കാണണമെങ്കിൽ ഒരു ഉപതെരഞ്ഞെടുപ്പെങ്കിലും നടക്കണം. ചുരുക്കത്തിൽ വൈദ്യുതി വർധന എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. ട്രാൻസ്‌പോർട്ട് ബസുകൾ കല്ലേറും തീവെയ്പുമില്ലാതെ തന്നെ ശിഷ്ട ശ്വാസം വലിക്കുമെന്നും ഉറപ്പായി. ഈ ഘട്ടത്തിൽ എ.ഐ.വൈ.എഫ് എന്തുകൊണ്ടോ പുറത്തു ചാടി. വർധന ദ്രോഹമാണത്രേ! പി.എസ്.സി നിയമന ഉത്തരവ് നേരിട്ടു വാങ്ങണമെന്ന പുതിയ തീരുമാനം സി.പി.എമ്മിൽ ആളെ ചേർക്കാനുള്ള തന്ത്രമാണത്രേ! സി.പി.ഐ അറിഞ്ഞുകൊണ്ടല്ല ഈ കുട്ടിക്കളി. ഇതു തീ കൊണ്ടുള്ള കളിയാണെന്നു  വല്യേട്ടൻ. സി.പി.ഐ ശോഷിച്ചു ശോഷിച്ച് ഭൂതക്കണ്ണാടിയുടെ സഹായത്തോടെ മാത്രമേ കാണാൻ കഴിയൂ എന്ന നിലയിലുമാണ്. ഇന്ത്യാ ഭൂപടത്തിൽ എൽ.ഡി.എഫ് ഭരണം അവശേഷിക്കുന്ന ഏക സംസ്ഥാനത്ത് കൊച്ചേട്ടന്റെ പിള്ളേർ കളിക്കണ്ട. ഇവിടെനിന്നു പുറപ്പെട്ടാൽ റഷ്യയിൽ പോലും ചെന്നു കയറാനാകാത്ത കാലമാണ്. കുട്ടികൾ കുട്ടികളുടെ നിലയ്ക്കു നിൽക്കണം എന്നാണ് ഏട്ടന്മാരുടെ തീരുമാനം. അത് അടിച്ചേൽപിച്ചു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

****                           ****                     ****
പ്ലാവില കണ്ടാൽ പിന്നാലെ ചെല്ലുന്ന ആടിനെപ്പോലെയാണ് കോൺഗ്രസ് എന്ന മുഖ്യമന്ത്രി പിണറായിയുടെ ഉപമ നന്നായി. ഇത്രയും കാലം സഖാവ് ഇരട്ടച്ചങ്കനെന്നു മാത്രമാണ് അറിയപ്പെട്ടിരുന്നത്. ഈ മനസ്സിൽ ഒരു കുഞ്ചൻ നമ്പ്യാർ കുടിപാർക്കുന്ന വിവരം പുറത്തു വന്നല്ലോ. അവസരം കിട്ടുന്നിടത്തെല്ലാം കോൺഗ്രസിനു രണ്ടു വീക്കു കൊടുക്കുന്നത് സഖാവിനൊരു ഹരമാണ്. പഴയ അടിയന്തിരാവസ്ഥക്കാലത്ത് കണങ്കാലുകളിൽ കിട്ടിയതിനൊക്കെ ഇപ്പോൾ മധുരമുള്ള പ്രതികാരം ചെയ്യുകയാവാം. 'ശവത്തിൽ കുത്തരുത്' എന്നു ഇതുവരെ ആരും പറഞ്ഞതുമില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ് കണ്ണുനീർ ആരും കാണാതെ തുടച്ച ശേഷം  മാധ്യമങ്ങളെ നേരിട്ടപ്പോഴും സഖാവ് എട്ടു മിനിട്ടോളം കോൺഗ്രസിന്റെ പരാജയങ്ങൾ എണ്ണിപ്പറയുകയായിരുന്നു. അങ്ങ് ആന്ധ്രയിൽ, പിന്നെ ബംഗാളിൽ, തമിഴ്‌നാട്ടിൽ എന്നു വേണ്ട, അന്നേരം ഓർമയിൽ ഓടിയെത്തിയ സംസ്ഥാനങ്ങളിൽ 1947 മുതൽ തോറ്റ കോൺഗ്രസിന്റെ ചരിത്രം മുഴുവൻ മുഖ്യമന്ത്രി വിളിച്ചു പറഞ്ഞു. അത് സംക്ഷിപ്തമായി ഒരു പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച് കോൺഗ്രസുകാർക്ക് വായിക്കാൻ നൽകേണ്ടതാണ്. മറ്റു സംസ്ഥാനങ്ങളിലെ സ്വന്തം പാർട്ടിയെക്കുറിച്ച് ഇവിടുത്തെ കോൺഗ്രസുകാർക്ക് പഠിക്കാൻ അങ്ങനെയെങ്കിലും ഒരു അവസരമുണ്ടാകും. എന്നാൽ മേൽപടി വാഗ്‌ധോരണിക്കടിയിൽ സ്വന്തം പാർട്ടിക്കേറ്റ കാര്യമോ, കോൺഗ്രസിന്റെ സൗജന്യത്തിലും ഡി.എം.കെയുടെ സൗഹാർദത്തിലും തമിഴ്‌നാട്ടിൽ രണ്ടു സീറ്റ് ഒപ്പിച്ചെടുത്ത കാര്യമോ മിണ്ടിയതേയില്ല. കക്ഷി ആരാണ്! പശ്ചിമ ബംഗാളിൽ പ്ലാവിലയും പച്ചപ്പുള്ള തൃണവും കണ്ട് മമതയുടെ പിന്നാലെ പോയ സഖാക്കളുടെ കാര്യവും മിണ്ടിയില്ല. കാലം മാറിയിരിക്കുന്നുവെന്ന് പിണറായിക്കറിയാം. ഇന്നിപ്പോൾ കേന്ദ്ര സംസ്ഥാന ബന്ധം ഒന്നു തേച്ചു മിനുക്കിയെടുക്കണം. അതിനുള്ള ചേരുവകൾ സംഘടിപ്പിക്കാനാണ് സമ്പത്തിനെയും  ബാലഗോപാലിനെയും ദില്ലിയിൽ ക്യാമ്പ് ചെയ്യാൻ പറഞ്ഞുവിടുന്നത്. ബാലഗോപന്മാർ എണ്ണ തേൽപിച്ച് സംസ്ഥാനത്തിനാവശ്യമായ സമ്പത്തു വിഹിതം നേടുമെന്നും പ്രതീക്ഷിക്കാം. പക്ഷേ, ഈ തോറ്റ മാന്യ സഖാക്കളെ അതിലേക്ക് എന്തിനാണു പറഞ്ഞു വിടുന്നതെന്ന് ആർക്കും പിടികിട്ടുന്നില്ല. പാർട്ടിക്കകത്ത് വല്ലതും ഉരുണ്ടുകൂടുന്നുണ്ടാവുമോ? ആർക്കറിയാം!
****                             ****                       ****
കത്രീന, തെരേസ, ലൈസ, മണ്ഡോദരി, പത്മപ്രിയ എന്നിങ്ങനെ പല പേരുകളിലും ചുഴലിക്കാറ്റുകൾ വീശയടിക്കാറുണ്ട്. രാഷ്ട്രീയ ചുഴലിയിൽ പെൺപേരുകൾക്ക് സ്ഥാനമില്ല. ഇപ്പോൾ കർണാടക, ഗോവ, മധ്യപ്രദേശ്, തെലങ്കാന തുടങ്ങി മിക്ക സംസ്ഥാനങ്ങളിലും കറങ്ങിയടിക്കുന്ന ചുഴലിക്ക് അമിത് ഷായുടെ പേരാണ് ഏറ്റവും ഉചിതം. അവിടെയൊക്കെ കൃത്യം എത്ര വിമതരുണ്ടെന്ന് കാറ്റിനു പോലും നിശ്ചയമില്ല. വിമത ശല്യം എന്നു തുടങ്ങി എന്ന വിഷയത്തിൽ ഗവേഷണത്തിന് ഒരുമ്പെട്ടാൽ 1950 വരെ പിന്നോട്ടു നടക്കേണ്ടിവരും. അന്നു മുതൽ ഒളിച്ചും പാത്തും കഴിഞ്ഞുപോരുകയായിരുന്ന ഈ മാന്യ 'വിമതർ' ഇടയ്ക്കിടെ ചൊറിഞ്ഞുകൊണ്ടേയിരിക്കും. വരട്ടു ചൊറിയെന്നും വിളിക്കാം. 
ഈ ചൊറിഞ്ഞു മോഹിപ്പിക്കൽ നിമിത്തം തൊലി പാടേ അടർന്ന് കോൺഗ്രസ് അവശ നിലയിലായിട്ടുണ്ട്. മുമ്പാക്കെ നിയമസഭാംഗങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ 'സബ് കമ്മിറ്റി'യെന്ന പേരിൽ ഉല്ലാസ യാത്രയ്ക്കാണു പോയിരുന്നത്. 
ഇന്നിപ്പോൾ ജീവനിൽ കൊതിയുള്ളവർ സ്വന്തം സംസ്ഥാനം വിട്ടു ഗോവയിലും ബോംബെയിലും കുടിയേറുന്നു. ഗോവയിൽ പ്രാണഭയമുള്ളവർ മധ്യപ്രദേശിൽ. അവിടെ വിഭ്രാന്തിയുള്ളവർ പോണ്ടിച്ചേരിയിൽ. അങ്ങനെ ജീവന്മരണ യാത്രയിലാണ് ജനപ്രതിനിധികൾ. പിന്നാലെ ഷാജിയെന്ന ചുഴലിയും!

Latest News