കൊച്ചി- മദ്യപിച്ച് പാമ്പായി എന്ന് സമൂഹമാധ്യമങ്ങളിൽ അപമാനിക്കപ്പെട്ട അങ്കമാലി സ്വദേശി എൽദോക്ക് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) 2000 രൂപയുടെ യാത്രാ പാസ് സമ്മാനിച്ചു.
ഭിന്നശേഷിക്കാരനായ എൽദോ മെട്രോയിൽ യാത്ര ചെയ്യുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നത്. മെട്രോയിൽ ക്ഷീണിതനായി കിടന്ന എൽദോ, മെട്രോയിൽ മദ്യപിച്ച് ഉറങ്ങുന്നുവെന്നായിരുന്നു പ്രചാരണം.
കൊച്ചി മെട്രോയുടെ പാലാരിവട്ടം സ്‌റ്റേഷനിൽ നടന്ന ചടങ്ങിൽ കെഎംആർഎൽ എംഡി ഏലിയാസ് ജോർജ് എൽദോക്ക് യാത്രാ പാസ് സമ്മാനിച്ചു. പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടുനീങ്ങിയ എൽദോയെ സമൂഹമാധ്യമങ്ങളിലെ കള്ളപ്രചാരണം വല്ലാതെ ഉലച്ചിരുന്നു.
സംഭവ ദിവസം നെഞ്ചുവേദനയെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അനുജൻ നോമിയെ കാണാൻ കുടുംബത്തോടൊപ്പം പോയതായിരുന്നു അദ്ദേഹം. അനുജനെ വെന്റിലേറ്ററിൽ കണ്ടതോടെ നിലവിളിച്ച എൽദോയെ ബന്ധുക്കൾ നിർബന്ധിച്ചാണു വീട്ടിലേക്കു തിരിച്ചയച്ചത്. 11 മണിയോടെ പാലാരിവട്ടത്ത് എത്തിയപ്പോൾ മകൻ ബേസിലാണു മെട്രോയിൽ പോകാമെന്ന് പറഞ്ഞത്.
ബസിൽ നിന്നിറങ്ങിയ എൽദോയും കുടുംബവും ആലുവയിലേക്കു പോകുന്നതിനു മെട്രോയിൽ കയറി. സീറ്റിൽ കിടന്നു മയങ്ങിയ എൽദോയുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ തെറ്റായ അടിക്കുറിപ്പോടെ ചിലർ പ്രചരിപ്പിച്ചത്.






