Sorry, you need to enable JavaScript to visit this website.

ദിവസം 30 സൈബര്‍ ആക്രമണം; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കര്‍ശന നിയന്ത്രണം

ന്യൂദല്‍ഹി- ഓഫീസുകളിലെ കമ്പ്യൂട്ടറുകളില്‍നിന്നും മൊബൈല്‍ ഫോണുകളില്‍നിന്നും സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.

സര്‍ക്കാര്‍ പോര്‍ട്ടലുകള്‍ ആക്രമിക്കാനും ചോര്‍ത്താനും വിദേശ രാജ്യങ്ങളില്‍നിന്ന് ദിവസം ശരാശരി 30 ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് മന്ത്രാലയത്തിലെ സൈബര്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി വിഭാഗം മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം ഇന്റര്‍നെറ്റ്, സമൂഹ മാധ്യമ ഉപയോഗത്തെ കുറിച്ച് 24 പേജ് നിര്‍ദേശം നല്‍കിയത്.

ഔദ്യോഗിക ആവശ്യത്തിനുള്ള കംപ്യൂട്ടര്‍, മൊബൈല്‍ഫോണ്‍ തുടങ്ങിയവ വഴി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കരുത്. ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന കംപ്യൂട്ടറുകളില്‍ രഹസ്യസ്വഭാവമുള്ള ജോലികള്‍ ചെയ്യരുത്. പകരം നെറ്റുമായി കണക്ട് ചെയ്യത്ത സിസ്റ്റങ്ങള്‍ ഉപയോഗിക്കണം.  


ഉദ്യോഗസ്ഥരായാലും കരാര്‍ ജീവനക്കാരായാലും ഔദ്യോഗികവിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കരുത്. ഔദ്യോഗിക ജോലികള്‍ക്കു വീട്ടിലെ വൈ ഫൈ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളും കുറിപ്പിലുണ്ട്. ഒട്ടേറെ ഉദ്യോഗസ്ഥര്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും കംപ്യൂട്ടറുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകളുള്ള വെബ്‌സൈറ്റുകളില്‍ അറിയാതെ പ്രവേശിക്കുന്നുണ്ടെന്നും മന്ത്രാലയം പറയുന്നു.

ഗൂഗിള്‍ ഡ്രൈവ് പോലുള്ള സ്വകാര്യ സേവനങ്ങളില്‍ സര്‍ക്കാരിന്റെ രഹസ്യവിവരങ്ങള്‍ സൂക്ഷിക്കരുതെന്നം  പെന്‍ഡ്രൈവ്, സി.ഡി. പോലുള്ള സംഭരണ ഉപകരണങ്ങളിലേക്ക് രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ പകര്‍ത്തുമ്പോള്‍ അവ എന്‍ക്രിപ്റ്റ് ചെയ്തിരിക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.  

 

Latest News