പട്ടാമ്പി- 59 സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായ സംഭവത്തില്‍ സമീപത്തെ ബേക്കറി ഉടമയായ പ്രതി ജില്ല വിട്ടതായി സൂചന. പട്ടിത്തറ പഞ്ചായത്തിലെ കക്കാട്ടിരി ജി.യു.പി സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ് ചൂഷണത്തിന് ഇരയായതായി പരാതിയുള്ളത്. കടയില്‍ മിഠായിയും മറ്റും വാങ്ങാനെത്തുന്ന പെണ്‍കുട്ടികളെയാണ് ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്ത് വന്നിരുന്നത്. വിവരം പുറത്തായതോടെ ബേക്കറി ഉടമ കക്കാട്ടിരി സ്വദേശി പൂലേരി വളപ്പില്‍ കൃഷ്ണന്‍ (57) ഒളിവില്‍ പോയി. ഇയാളുടെ കക്കാട്ടിരിയിലെ വീട്ടിലും പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ശനിയാഴ്ച രാവിലെ പ്രതി മുടവന്നൂര്‍ ഭാഗത്തുള്ളതായി മൊബൈല്‍ ടവര്‍ പരിശോധനയില്‍ കണ്ടെത്തിയെങ്കിലും പിന്നീട് മൊബൈല്‍ സ്വിച്ച് ഓഫായി. ഇയാളെ സമീപ ജില്ലകളിലെയും എറണാകുളത്തെയും ബന്ധുവീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് തൃത്താല അഡീ. എസ്.ഐ പി.മാരിമുത്തു പറഞ്ഞു. രണ്ട് ദിവസത്തിനകം പ്രതി വലയിലാകുമെന്ന് പോലീസ് പറയുന്നു.
അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികളാണ് ഇയാളുടെ ചൂഷണത്തിനിരയായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഒരു കുട്ടിയില്‍ നിന്നും ലൈംഗിക ചൂഷണ ശ്രമം പുറത്തറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ കുട്ടികള്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം അധ്യാപകരോട് പങ്കുവെച്ചു. തുടര്‍ന്ന് അധ്യാപകരും രക്ഷിതാക്കളും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ വിദ്യാലയത്തിലെത്തി കുട്ടികളില്‍ നിന്നും മൊഴി രേഖപ്പെടുത്തി. രക്ഷിതാക്കളുടേയും ചൈല്‍ഡ്‌ലൈനിന്റേയും പരാതിയിലാണ് തൃത്താല പോലീസ് സ്‌കൂളിലെത്തി കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയത്.
വര്‍ഷങ്ങളായി കുട്ടികളെ ഇയാള്‍ ചൂഷണത്തിനിരയാക്കി വന്നിരുന്നതായി സ്‌കൂള്‍ പ്രധാനാധ്യാപിക പറയുന്നു.
കുട്ടികളുടെ ചിത്രങ്ങള്‍ എടുത്തിരുന്നോ എന്ന് ഇയാളുടെ മൊബൈല്‍ കിട്ടിയാല്‍ മാത്രമേ അറിയാന്‍ കഴിയൂ. മൊബൈല്‍ കാട്ടി ഇയാള്‍ കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു എന്നുവേണം കരുതാന്‍. ഇതായിരിക്കണം കാര്യങ്ങള്‍ പുറത്തറിയാന്‍ വൈകിയതും.
പ്രതിക്കെതിരെ പോക്‌സോ നിയമ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അന്വേഷണം ഊര്‍ജിതമാണെന്ന് പോലീസ് പറയുന്നു. നിലവിലുളള എസ്.ഐ പനി ബാധിച്ച് അവധിയിലാണ്.