Sorry, you need to enable JavaScript to visit this website.

പ്രതിസന്ധി പരിഹരിക്കാൻ ശ്രമം തുടരുന്നു;  തിരിച്ചുവന്ന എം.എൽ.എ വീണ്ടും കൂറുമാറി

ബംഗളൂരു- കർണാടകയിലെ ഭരണ പ്രതിസന്ധി പരിഹരിക്കാനുള്ള സഖ്യ സർക്കാരിന്റെ ശ്രമങ്ങൾ തുടരുന്നു. സഹപ്രവർത്തകർ തിരികെയെത്തി 'സർക്കാരിനെ രക്ഷിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാർ പറഞ്ഞു.
ഞങ്ങളുടെ എല്ലാ എം.എൽ.എമാരിലും വിശ്വാസമുണ്ട്. അവർ കോൺഗ്രസിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട് കടുവകളെ പോലെ പോരാടിയവരാണ്. വിശ്വാസ വോട്ടെടുപ്പിൽ സർക്കാരിനെതിരെ അവർക്ക് വോട്ട് ചെയ്യാൻ കഴിയില്ല. നിയമപരമായി ഞങ്ങൾക്ക് മുൻതൂക്കമുണ്ട്. അവർ എതിരായി വോട്ട് ചെയ്താൽ അംഗത്വം നഷ്ടമാകും. അവർ പാർട്ടിയെ വീഴ്ത്തില്ലെന്നാണ് വിശ്വാസം -ശിവകുമാർ പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം കോൺഗ്രസിനൊപ്പം നിൽക്കുമെന്ന് പ്രഖ്യാപിച്ച വിമത എം.എൽ.എ എം.ടി.ബി. നാഗരാജ് ഇന്നലെ മുംബൈയിലെ വിമത ക്യാമ്പിലെത്തി. മറ്റു രണ്ട് പേർ കൂടി വിമതർക്കൊപ്പം ചേർന്നിട്ടുണ്ട്. ഇനിയുള്ള ഏക പ്രതീക്ഷയായ രാമലിംഗ റെഡ്ഡിയുമായി അനുനയ ശ്രമങ്ങൾ തുടരുകയാണ്. മുതിർന്ന നേതാവ് സിദ്ധരാമയ്യ കോൺഗ്രസ് എം.എൽ.എമാരുമായും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും എച്ച്.ഡി. ദേവെഗൗഡയുമായും ചർച്ചകൾ നടത്തുകയാണ്.
കാര്യങ്ങൾ ഏറെക്കുറെ കരക്കെത്തിയെന്ന ആശ്വാസത്തിലായിരുന്നു കോൺഗ്രസും ജെ.ഡി.എസും. എന്നാൽ നാഗരാജ് ഇന്നലെ രാവിലെ ബി.ജെ.പി നേതാക്കൾക്കും ബി.എസ്. യെദിയൂരപ്പയുടെ പി.എ സന്തോഷിനുമൊപ്പം മുംബൈയിലേക്ക് പോയതോടെ വീണ്ടും പ്രതീക്ഷ വറ്റി. സഖ്യ സർക്കാർ വിശ്വാസ വോട്ട് തേടുമ്പോൾ അനുകൂല നിലപാടെടുക്കാത്ത എം.എൽ.എമാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഡി.കെ ശിവകുമാർ പ്രതികരിച്ചു.
രാജിവെച്ചവരിൽ രാമലിംഗ റെഡ്ഡി, ആനന്ദ് സിംഗ്, റോഷൻ ബെയ്ഗ് എന്നിവർ മാത്രമാണ് ഇപ്പോൾ ബംഗളൂരുവിലുള്ളത്. ഇതിൽ രാമലിംഗ റെഡ്ഡിയെ അനുനയിപ്പിക്കാൻ സാധിച്ചാൽ കോൺഗ്രസിന് വീണ്ടും പ്രതീക്ഷകളുണ്ട്. ഇതിനുള്ള ശ്രമങ്ങളാണ് കോൺഗ്രസിന്റെയും ജെ.ഡി.എസിന്റെയും ഭാഗത്ത് ഇപ്പോൾ നടക്കുന്നത്. രാജിവെച്ച 19 പേരിൽ 16 എം.എൽ.എമാരും മുംബൈയിൽ എത്തിക്കഴിഞ്ഞു.
ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നാഗരാജ് രാജി തീരുമാനത്തിൽ പുനഃപരിശോധന നടത്താമെന്ന് പറഞ്ഞത്. ഡി.കെ. ശിവകുമാറും മറ്റു നേതാക്കളും തന്നെ വന്നു കണ്ടുവെന്നും അവരുടെ അഭ്യർഥന മാനിച്ചാണ് രാജിക്കാര്യം പുനഃപരിശോധിക്കാൻ തീരുമാനിച്ചതെന്നും കെ. സുധാകർ റാവുമായി സംസാരിച്ച ശേഷം താൻ ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും നാഗരാജ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
നേരത്തെ എം.എൽ.എ സ്ഥാനം രാജിവെക്കാനുള്ള തീരുമാനം പുനഃപരിശോധിച്ചേക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രാമലിംഗ റെഡ്ഡിയും പറഞ്ഞിരുന്നു. ജൂലൈ 15 വരെ സമയം ഉണ്ട്. അത് വരെ രാഷ്ട്രീയം സംസാരിക്കാൻ താൽപര്യപ്പെടുന്നില്ലെന്നും സംസാരമെല്ലാം കഴിഞ്ഞെന്നും തന്റെ പ്രശ്‌നങ്ങളെല്ലാം മുതിർന്ന കോൺഗ്രസ് നേതാക്കളോട് പറഞ്ഞിട്ടുണ്ടെന്നും രാമലിംഗ റെഡ്ഡി പറഞ്ഞിരുന്നു. ജൂലൈ ആറിനാണ് രാമലിംഗ റെഡ്ഡി രാജി സമർപ്പിച്ചത്.
വിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിന്റെ ഭാഗമായി കോൺഗ്രസ്-ജെ.ഡി.എസ് സഖ്യവും എതിരാളികളായ ബി.ജെ.പിയും തങ്ങളുടെ എം.എൽ.എമാരെ റിസോർട്ടുകളിലേക്ക് മാറ്റിയിരിക്കുകയാണ്. എം.എൽ.എമാരെ ചാക്കിലാക്കുന്നത് തടയാനാണ് ഈ നീക്കം. വിശ്വാസ വോട്ടെടുപ്പിൽ വിജയം സ്വന്തമാക്കാൻ സാധിക്കുമെന്നാണ് മുഖ്യമന്ത്രി കുമാരസ്വാമിയുടെ അവകാശവാദം.

 

Latest News