അറാര്‍- ഏഴു മാസം മുമ്പ് സൗദിയിലെത്തിയ മലയാളി വീട്ടുവേലക്കാരിയെ കാണാനില്ലെന്ന് പരാതി. പെരുമ്പാവൂര്‍ വെങ്ങോല പാപ്പനേത്ത് രജനി ഷൈനിയെയാണ് കാണാതായത്. ആശുപത്രിയില്‍ ജോലിക്കാണെന്നും പറഞ്ഞ് കൊല്ലം സ്വദേശി കബീര്‍ എന്നയാള്‍ നല്‍കിയ വിസയിലാണ് ഷൈനി സൗദിയിലെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുമായിരുന്നു സൗദിയിലേക്കുള്ള യാത്ര.
സൗദിയുടെ വടക്കന്‍ അതിര്‍ത്തിയിലെ അല്‍ജൗഫ് വിമാനത്താവളത്തിലാണ് രജനി വന്നിറങ്ങിയത്. അവിടെ നിന്നും വിമാനത്താവളത്തിന്റെ മുന്‍ഭാഗം മൊബൈലില്‍ പകര്‍ത്തിയത് മകള്‍ക്ക് അയച്ച് കൊടുത്തതുകൊണ്ട് മാത്രമാണ് ഇറങ്ങിയ വിമാനത്താവളം മകള്‍ക്കറിയാനായത്.
വന്നിറങ്ങിയ ശേഷം രണ്ട് മാസത്തെ ശമ്പളം രജനി മകളുടെ പേരില്‍ നാട്ടിലേക്കയച്ചിട്ടുണ്ട്. ഇടക്കിടെ ഫോണില്‍ ബന്ധപ്പെടാറുമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ നാലു മാസമായി വീടുമായി യാതൊരു ബന്ധവുമില്ലെന്ന് മകള്‍ രേഷ്മ പറയുന്നു. അവസാനമായി ഫോണ്‍ ചെയ്യുമ്പോള്‍ വീട്ടില്‍ നിന്നും മര്‍ദനമേല്‍ക്കുന്ന കാര്യം പറഞ്ഞ് അമ്മ കരയുമായിരുന്നെന്നും രേഷ്മ പറഞ്ഞു. എങ്ങനെയെങ്കിലും അമ്മയെ കണ്ട് പിടിച്ച് നാട്ടിലയക്കണമെന്നാണ് പൊതു പ്രവര്‍ത്തകരോട് രേഷ്മയുടെ അപേക്ഷ.
എന്നാല്‍ ഒരു വിമാനത്താവളത്തിന്റെ ചിത്രം വെച്ച് മാത്രം എങ്ങനെ ഷൈനിയെ കണ്ടെത്താനാവും എന്ന ആശങ്കയിലാണ് സാമൂഹ്യ പ്രവര്‍ത്തകര്‍.
ഇന്ത്യന്‍ എംബസിയിലും മുഖ്യമന്ത്രിക്കും പരാതി നല്‍കുകയും സൗദിയിലെ ജീവകാരുണ്യ, സാമൂഹിക പ്രവര്‍ത്തകരെ ആശ്രയിക്കുകയും ചെയ്ത് ഏതെങ്കിലും വിധേന അമ്മയെ കണ്ടെത്താന്‍ കഴിയുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.
രണ്ട് മക്കളുടെ അമ്മയായ രജനി ഭര്‍ത്താവില്‍നിന്നും അകന്നാണ് ജീവിക്കുന്നത്.
മകളുടെ വിവാഹം കഴിച്ചയച്ച ബാധ്യതകള്‍ തീര്‍ക്കുകയായിരുന്നു പ്രവാസ ജീവിതത്തിന്റെ ലക്ഷ്യം. അതാകട്ടെ ഒരു കുടുംബത്തിന്റെയാകെ കണ്ണീരായി മാറിയിരിക്കുകയാണ്.