Sorry, you need to enable JavaScript to visit this website.

ഹിമാചലിൽ കെട്ടിടം തകർന്നു രണ്ടു മരണം; 19 പേർ കുടുങ്ങിക്കിടക്കുന്നു

ഷിംല- ഹിമാചൽ പ്രദേശിൽ ബഹുനില കെട്ടിടം തകർന്നു രണ്ടു മരണം. ഷിംലയിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള സോളനിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. മരിച്ചവരിൽ ഒരാൾ സൈനികനും യുവതിയുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കെട്ടിടത്തിനുള്ളിൽ 12 സൈനികരും 7 പ്രദേശവാസികളും ഉൾപ്പെടെ 19 പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. 23 ഓളം പേരേ സംഭവസ്ഥലത്തു നിന്നു രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. കനത്ത മഴയെ തുടർന്നാണ് കെട്ടിടം തകർന്നുവീണത്. ഭക്ഷണശാല പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ ഭക്ഷണം കഴിക്കാനായി കയറിയവരാണ് അപകടത്തിൽ പെട്ടത്. ഉത്തരാഖണ്ഡിലേക്ക് കുടുംബത്തോടൊപ്പംപോകുംവഴി ഭക്ഷണം കഴിക്കാനാണ് സൈനികർ ഇവിടെ കയറിയത്. കനത്ത മഴയാണ് ഏതാനും ദിവസങ്ങളായി ഇവിടെ അനുഭവപ്പെടുന്നത്. ശനിയാഴ്ച പെയ്ത കനത്ത മഴയിലും മണ്ണിടിച്ചിലിലും മൂലം ചണ്ഡിഗഡ് – ഷിംല ദേശീയപാതയിൽ ഉണ്ടായ ഗതാഗത കുരുക്ക് സോളനിലേക്ക് രക്ഷാപ്രവർത്തകർ എത്തുന്നതിനു തടസ്സമാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഊർജ്ജിതമായി രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഹിമാചൽ മുഖ്യമന്ത്രി ജയറാം താക്കൂർ‌ പറഞ്ഞു.

Latest News