തോക്ക് ചൂണ്ടിയ സംഭവത്തില്‍ പി.സി. ജോര്‍ജിനെതിരെ കേസെടുത്തു

മുണ്ടക്കയം- തോട്ടം തൊഴിലാളികള്‍ക്കുനേരെ തോക്കുചൂണ്ടിയ സംഭവത്തില്‍ പി.സി. ജോര്‍ജ് എം.എല്‍.എക്കെതിരെ കേസെടുത്തു. കൊലപാതക ശ്രമം, ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി മുണ്ടക്കയം പോലീസാണ് കേസെടുത്തത്. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിയുടെ മേല്‍നോട്ടത്തില്‍ മുണ്ടക്കയം എസ്.ഐ പ്രസാദ് എബ്രഹാം വര്‍ഗീസാണ് കേസ് അന്വേഷിക്കുന്നത്. എം.എല്‍.എക്കെതിരെ പരാതി നല്‍കിയ ഹാരിസണ്‍ എസ്റ്റേറ്റിലെ തൊഴിലാളികളുടെ മൊഴി പോലീസ് രേഖപ്പെടുത്തും.
മുണ്ടക്കയം വെള്ളനാടി ഹാരിസണ്‍ പ്ലാന്‍േറഷന്‍ റബര്‍ എസ്‌റ്റേറ്റില്‍ വ്യാഴാഴ്ച ആയിരുന്നു നാടകീയരംഗങ്ങള്‍. എസ്‌റ്റേറ്റിനോടുചേര്‍ന്ന് മണിമലയാര്‍ തീരത്ത് താമസിക്കുന്ന 53 കുടുംബങ്ങള്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള  തോട്ടം ഭൂമി കൈയേറിയെന്ന് ആരോപിച്ച് ബുധനാഴ്ച മാനേജ്മന്റെ് പ്രതിനിധികളും തോട്ടം തൊഴിലാളികളും ചേര്‍ന്ന്, വേലികെട്ടിയത് പൊളിച്ചിരുന്നു. എന്നാല്‍, തങ്ങള്‍ തോട്ടത്തിലല്ല, പുറമ്പോക്കാണെന്നു വിവരാവകാശ നിയമപ്രകാരം കണ്ടെത്തിയ സ്ഥലത്താണ് വേലികെട്ടിയതെന്നുകാണിച്ച് പുറമ്പോക്ക് നിവാസികള്‍ പി.സി. ജോര്‍ജ് എം.എല്‍.എക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയതായിരുന്നു എം.എല്‍.എ.
പുറമ്പോക്ക് നിവാസികളുമായി എം.എല്‍.എ സംസാരിച്ചുനില്‍ക്കെ അവിടേക്ക് കൂട്ടത്തോടെ തൊഴിലാളികള്‍ എത്തി. തങ്ങള്‍ക്കെതിരെ എം.എല്‍.എ സഭ്യമല്ലാതെ സംസാരിച്ചതായി ആരോപിച്ച് തൊഴിലാളികള്‍ ബഹളം വെച്ചു. വേലിപൊളിക്കാന്‍ വരുന്ന തൊഴിലാളികള്‍ക്കുനേരെ ആസിഡ് ഒഴിക്കാന്‍ പുറമ്പോക്ക് നിവാസികളോട് എം.എല്‍.എ ആഹ്വാനം ചെയ്തതോടെ തൊഴിലാളികള്‍ മുദ്രാവാക്യം വിളിച്ചു. ഇതോടെ എം.എല്‍.എ കൈയില്‍ സൂക്ഷിച്ച തോക്ക് തൊഴിലാളികള്‍ക്കുനേരെ ചൂണ്ടുകയായിരുന്നു.
പാവപ്പെട്ട തൊഴിലാളികളുടെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചവര്‍ക്കു നേരെയാണ് തോക്കെടുത്തതെന്ന് പി.സി. ജോര്‍ജ് വിശദീകരിച്ചു. കൈയിലുള്ളത് ലൈസന്‍സുള്ള തോക്കാണെന്നും വേണ്ടിവന്നാല്‍ വെടിയുതിര്‍ക്കാന്‍ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

 

Latest News