Sorry, you need to enable JavaScript to visit this website.

യൂനിവേഴ്‌സിറ്റി കോളേജ് പ്രിൻസിപ്പലിന് വീഴ്ച പറ്റിയെന്ന് പോലീസ്‌

തിരുവനന്തപുരം - യൂനിവേഴ്‌സിറ്റി കോളേജിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നതിൽ പ്രിൻസിപ്പലിന് വീഴ്ച പറ്റിയെന്ന് പോലീസ്. കോളേജിൽ റാഗിംഗ് വിരുദ്ധ സ്‌ക്വാഡ് പ്രവർത്തിക്കുന്നില്ലെന്നും കാമ്പസിൽ അക്രമ സംഭവമുണ്ടായിട്ടും വിവരം സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. നേരത്തെ കോളേജിൽ ഒരു വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കന്റോൺമെന്റ് സി.ഐ യു.ജി.സിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. 
സംസ്ഥാനത്തെ മുഴുവൻ കോളേജുകളിലും റാഗിംഗ് വിരുദ്ധ സ്‌ക്വാഡ് വേണമെന്നും അതിൽ സ്ഥലത്തെ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ അംഗമായിരിക്കണമെന്നുമാണ് വ്യവസ്ഥ. എന്നാൽ, ഇന്നുവരെ അങ്ങനെയൊരു കാര്യം യൂനിവേഴ്‌സിറ്റി കോളേജിനിന്ന് പോലീസിനോട് ആവശ്യപ്പെട്ടിട്ടില്ല. റാഗിംഗ് വിരുദ്ധ സ്‌ക്വാഡ് കോളേജിൽ ഇല്ലെന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. പോലീസിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ എല്ലാ മാസവും കോളേജുകളിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കണമെന്നും സർക്കുലറുണ്ട്. ഇക്കാര്യവും യൂനിവേഴ്‌സിറ്റി കോളേജിൽ നടപ്പാക്കാറില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. 
കോളേജ് വിദ്യാർഥിയായ അഖിലിന് കുത്തേൽക്കുകയും കാമ്പസിനുള്ളിൽ അക്രമം നടക്കുകയും ചെയ്തിട്ടും പോലീസിനെ അറിയിക്കാൻ പ്രിൻസിപ്പൽ തയാറായില്ല. ഇത് ഗുരുതര വീഴ്ചയാണ്. വിവരമറിഞ്ഞ് പോലീസെത്തിയ ശേഷമാണ് കുത്തേറ്റ് ചോര വാർന്നു കിടന്ന അഖിലിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്നും പോലീസ് പറയുന്നു. പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് എസ്.എഫ്.ഐക്കാർ തെറ്റിദ്ധരിപ്പിച്ചതാണ് പ്രശ്‌നം വലുതാകാൻ കാരണമെന്ന് പ്രിൻസിപ്പൽ കെ.വിശ്വംഭരൻ പ്രതികരിച്ചു. 
യൂനിവേഴ്‌സിറ്റി കോളേജിലുണ്ടായ കൊലപാതക ശ്രമത്തിലെ പ്രതികളെ ഇനിയും പോലീസിന് പിടികൂടാനായിട്ടില്ല. എസ്.എഫ്.ഐ നേതാക്കളായ ആറു പ്രതികളും ഒളിവിലാണ്. ഇവർക്കായി പോലീസ് അന്വേഷണം ഊർജിതപ്പെടുത്തി. കോളേജ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റി ഓഫീനുള്ളിൽ നിന്നും മദ്യക്കുപ്പിയും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യൂനിവേഴ്‌സിറ്റി കോളേജ് എസ്.എഫ്.ഐ യൂനിറ്റ് പിരിച്ചുവിട്ടു. എസ്.എഫ്.ഐ സംസ്ഥാന നേതാക്കൾ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് തീരുമാനം. കഴിഞ്ഞ ദിവസം അഖിലേന്ത്യാ അധ്യക്ഷൻ വി.പി സാനു ഇക്കാര്യം പറഞ്ഞിരുന്നു. സംഭവത്തിൽ പ്രതിപ്പട്ടികയിലുൾപ്പെട്ട എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്, സെക്രട്ടറി നസീം, അമർ, അദൈ്വത് മണികണ്ഠൻ, ആരോമൽ, ഇബ്രാഹിം എന്നിവരെ സംഘടനയിൽ നിന്ന് പുറത്താക്കി.
യൂനിവേഴ്‌സിറ്റി കോളേജിൽ നിരന്തരമായുണ്ടാകുന്ന പ്രശ്‌നങ്ങൾ പക്വതയോടെ കൈകാര്യം ചെയ്യുന്നതിനോ വിദ്യാർഥികളുടെ പൊതു സ്വീകാര്യത ഉറപ്പാക്കി പ്രവർത്തിക്കാനോ എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റിക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യൂനിറ്റ് പിരിച്ചുവിട്ടത്. യൂനിവേഴ്‌സിറ്റി കോളേജിൽ നടന്ന സംഭവം ദൗർഭാഗ്യകരമെന്ന് വിലയിരുത്തിയ ജില്ലാ കമ്മിറ്റി അക്രമം ഒരു കാരണവശാലും ഒരു കാമ്പസിലും പ്രോത്സാഹിപ്പിക്കില്ലെന്നും കുറ്റക്കാരായ ആരെയും സംരക്ഷിക്കില്ലെന്നും വ്യക്തമാക്കി.
വിദ്യാർഥിക്കു കുത്തേറ്റ സംഭവം ദൗർഭാഗ്യകരമാണ്. പ്രശ്‌നം പറഞ്ഞു തീർക്കാമെന്ന് വിദ്യാർഥികൾ ഉറപ്പു നൽകിയിരുന്നു. അത് വിശ്വസിച്ചതു കൊണ്ടാണ് പ്രശ്‌നത്തിൽ ഇടപെടാഞ്ഞത്. മുൻ വർഷങ്ങളിൽ ചില പ്രശ്‌നങ്ങളൊക്കെയുണ്ടായിരുന്നു. എന്നാൽ ശാന്തമായ അന്തരീക്ഷമാണ് കോളേജിലുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീൽ പറഞ്ഞു. 
വെള്ളിയാഴ്ച രാവിലെ പത്തരയോടെ കോേളജ് കാമ്പസിലെ മരച്ചുവട്ടിൽ ഇരിക്കുകയായിരുന്ന അഖിലിന്റെ സുഹൃത്ത് ഉമൈർ ഖാനോട് ക്ലാസിൽ പോകാൻ എസ്.എഫ്.ഐ നേതാക്കൾ ആവശ്യപ്പെട്ടു. പിന്നീട് പരസ്യമായി ചീത്ത വിളിച്ചു. ഉമൈർ ഖാൻ ഇത് ചോദ്യം ചെയ്തപ്പോൾ നാലാം പ്രതി അദൈ്വത് മുഖത്തടിച്ചു. ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു കീറി. പത്ത് മിനിറ്റിനു ശേഷം പ്രതിഷേധവുമായി എത്തിയ ഉമൈർ ഖാനെയും കൂട്ടുകാരെയും ഒന്ന്, രണ്ട് പ്രതികളായ ശിവരഞ്ജിത്തും നസീമും മുപ്പതോളം സുഹൃത്തുക്കളും കോളേജ് ഗേറ്റിന്റെ ഭാഗത്ത് തടഞ്ഞുവെച്ചു. നസീം അവരെ ചീത്ത വിളിച്ചു. ഇതു കണ്ട് ഭയന്നു ഓടിമാറി യൂനിറ്റ് റൂമിന് മുന്നിൽ വന്നുനിന്ന അഖിലിനെ ഒന്നാം പ്രതി ശിവരഞ്ജിത്തും അഞ്ചാം പ്രതി ആരോമലും ഓടിച്ചെന്ന് ഷർട്ടിൽ വലിച്ചു തടഞ്ഞുനിർത്തി കുത്തുകയായിരുന്നെന്നും എഫ്.ഐ.ആർ വിശദമാക്കുന്നു.

 

Latest News