പാസ്‌പോര്‍ട്ടിനു പകരം ഇനി മൊബൈലുമായി യാത്ര; കനഡയില്‍ പരീക്ഷിക്കുന്നു

വിദേശത്തേക്കുള്ള യാത്ര കടലാസ് രഹിതമാക്കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ മുന്നോട്ട്. സമീപഭാവയില്‍ തന്നെ യാത്ര ചെയ്യുമ്പോള്‍ നിങ്ങള്‍ പാസ്‌പോര്‍ട്ട് കരുതേണ്ടി വരില്ല. ലോക സാമ്പത്തിക ഫോറം മുന്നോട്ടുവെച്ച പദ്ധതി വഴിയാണ് രാജ്യാന്തര യാത്ര ഡോക്യുമെന്റ് മുക്തമാക്കുന്നത്.  
അന്താരാഷ്ട്ര എയര്‍പോര്‍ട്ടുകളിലേക്ക് പോസ്‌പോര്‍ട്ട് അടക്കമുള്ള രേഖകളില്ലാതെ പറക്കാന്‍ അവസരമൊരുക്കുന്നതാണ് നോണ്‍ ട്രാവലര്‍ ഡിജിറ്റല്‍ ഐഡന്റിറ്റി (കെ.ടി.ഡി.ഐ) പ്രോഗ്രാം. പദ്ധതിയുടെ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. നിലവില്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് കാനഡക്കും നെതര്‍ലാന്‍ഡ്‌സിനുമിടയില്‍ പാസ്‌പോര്‍ട്ടില്ലാതെ സഞ്ചരിക്കാം. പാസ്‌പോര്‍ട്ടിനു പകരം മൊബൈല്‍ ഫോണ്‍ ആണ് ഉപയോഗിക്കേണ്ടത്.  
യാത്രക്കാരുടെ എണ്ണം ഗണ്യമായി കൂടിവരുന്നതിനാല്‍
ആഗോള തലത്തില്‍, വിമാന യാത്ര വലിയ സമ്മര്‍ദത്തിലാണ്.  വിമാനത്താവളങ്ങളുടെ ശേഷിയേയും മറികടന്നാണ് യാത്രക്കാരുടെ വളര്‍ച്ച.  എയര്‍പോര്‍ട്ടുകളില്‍ യാത്രക്കാരുടെ എണ്ണം സുഗമമാക്കാനും  അതിര്‍ത്തി കടന്നുള്ള ഐഡന്റിറ്റി തട്ടിപ്പുകളുടെ സാധ്യത കുറയ്ക്കാനും കെടിഡിഐ ലക്ഷ്യമിടുന്നു.
2030 ആകുമ്പോഴേക്കും അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ എണ്ണം  108 കോടിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2016 നെ അപേക്ഷിച്ചു നോക്കുമ്പോള്‍ 50 ശതമാനമാണ് വര്‍ധന. നലവില്‍ എയര്‍പോര്‍ട്ടുകളിലുള്ള സംവിധാനങ്ങള്‍ക്ക് ഈ വളര്‍ച്ച താങ്ങാനാവില്ലെന്ന് ലോക സാമ്പത്തിക ഫോറത്തിലെ മൊബിലിറ്റി തലവന്‍ ക്രിസ്റ്റഫ് വോള്‍ഫ് പറയുന്നു. ഇവിടെയാണ് പുതിയ പദ്ധതി പരിഹാരമാകുന്നത്. ഇന്റര്‍ഓപ്പറബിള്‍ ഡിജിറ്റല്‍ ഐഡന്റിറ്റിയും മറ്റു കെ.ടി.ഡി.എ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് യാത്ര കൂടുതല്‍ എളുപ്പവും സുരക്ഷിതവുമാക്കാനാണ് ശ്രമിക്കുന്നത്. പുതിയ സാങ്കേതിക വിദ്യകളാണ് ആകാശ യാത്രയുടേയും സുരക്ഷയുടേയും ഭാവി രൂപപ്പെടുത്തുകയെന്ന് ക്രിസ്റ്റഫ് വോള്‍ഫ്  പറഞ്ഞു.
പദ്ധതിയില്‍ ഉള്‍പ്പെടുന്ന എയര്‍പോര്‍ട്ടുകളില്‍ എത്തുന്ന യാത്രക്കാരെ തിരിച്ചറിയാനുള്ള വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്ത് അവരുടെ മൊബൈല്‍ ഫോണുകളില്‍ ഉണ്ടായിരിക്കും. പാസ്‌പോര്‍ട്ട് മൈക്രോ ചിപ്പില്‍ ഉള്‍പ്പെടുത്തുന്ന വിവരങ്ങളാണ് മൊബൈല്‍ ഫോണിലേക്ക് മാറ്റുന്നത്.
യാത്രക്കാരന്‍ എയര്‍പോര്‍ട്ടില്‍ എത്തുന്നതിനു മുമ്പ് തന്നെ വിവരള്‍ വിമാന കമ്പനികള്‍ക്കും എമിഗ്രേഷന്‍ അധികൃതര്‍ക്കും ലഭിച്ചിരിക്കും. ഡാറ്റ അയക്കുന്നതിന് ഓരോ തവണയും വ്യക്തിയുടെ അനുമതി ആവശ്യമാണ്. ഇത് നിലവിലുള്ള പാസ്‌പോര്‍ട്ട് സംവിധാനത്തേക്കള്‍ വ്യക്തി വിവരങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കും.
ഫിംഗര്‍ പ്രിന്റിംഗ്, ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ തുടങ്ങിയ ബയോമെട്രിക് സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിനാല്‍ യാത്രക്കാരുടെ വരവും പോക്കും കടലാസ് രഹിതമാക്കുന്നതോടൊപ്പം ആയാസ രഹിതവുമാക്കും.

 

 

Latest News