ജ്വല്ലറിയില്‍ തോക്കു ചൂണ്ടി കവര്‍ച്ച; ഒരാള്‍ പിടിയില്‍-video

മുക്കം- ഓമശ്ശേരിയില്‍ ജ്വല്ലറിയില്‍ തോക്കു ചൂണ്ടി കവര്‍ച്ച. അങ്ങാടിയില്‍ മുക്കം റോഡില്‍ ഷാദി ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ വൈകുന്നേരം ഏഴരയോടെ മൂന്നംഗ ഇതര സംസ്ഥാന സംഘം ജ്വല്ലറിയിലെത്തി ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ആഭരണങ്ങള്‍ കവരുകയായിരുന്നു. മുഖം മൂടിയും കയ്യില്‍ ഗ്ലൗസും  ധരിച്ചെത്തിയ സംഘത്തിലെ ഒരാള്‍ ഒരു ജീവനക്കാരനെ തോക്കിന്‍ മുനയില്‍ നിര്‍ത്തി മറ്റുള്ളവര്‍ കാഷ് കൗണ്ടറിലെത്തി പണവും ആഭരണങ്ങളും കവരുകയായിരുന്നു. മറ്റ് ജീവനക്കാര്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചതോടെ രക്ഷപ്പെടാന്‍ സംഘം ശ്രമിക്കുകയും ഇതിനിടയില്‍ ഒരാള്‍ പിടിയിലാവുകയും ചെയ്തു. പിടിയിലായ ആളെ നാട്ടുകാരുടെ സഹായത്തോടെ ബന്ധിച്ച ശേഷം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
15 വളകള്‍ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. സാധാരണ നിലയില്‍ ഏഴ് മണിയോടെ ജ്വല്ലറി അടക്കാറുണ്ടെങ്കിലും ഒരു ഇടപാടുകാരന്‍ പണം നല്‍കാനുള്ളതിനാല്‍ ഷട്ടര്‍ പാതി താഴ്ത്തി ഇയാളെ കാത്തിരിക്കുന്നതിനിടെയാണ് സംഘമെത്തിയത്. പിടിയിലായയാള്‍ പശ്ചിമ ബംഗാള്‍ സ്വദേശിയാണ്. രക്ഷപ്പെട്ട രണ്ട് പേരും പശ്ചിമ ബംഗാള്‍ സ്വദേശികളാണെന്നാണ് സൂചന.
നാട്ടുകാരുമായും ജീവനക്കാരുമായുമുള്ള മല്‍പിടിത്തത്തിനിടയില്‍ പരിക്കേറ്റ മോഷ്ടാവിന് ബോധം നഷ്ടപ്പെട്ട നിലയിലാണ്. സ്ഥലത്തെത്തിയ തിരുവമ്പാടി പോലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. തോക്ക്, കത്തി, മൊബൈല്‍ ഫോണ്‍ എന്നിവ ഇയാളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. തോക്ക് ലോഡ് ചെയ്ത നിലയിലായിരുന്നു. പിടിവലിക്കിടയില്‍ തോക്ക് പൊട്ടാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. മല്‍പിടിത്തത്തിനിടെ മൂന്ന് ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. രക്ഷപ്പെട്ട മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.

 

 

Latest News