തിരുവനന്തപുരം- 32 വർഷത്തെ സ്തുത്യർഹമായ പോലീസ് സേവനത്തിനു ശേഷം ഡോ. ടി.പി.സെൻകുമാർ ഇന്ന് പടിയിറങ്ങും. സർക്കാരിനോട് നിയമ പോരാട്ടത്തിലൂടെ നേടിയെടുത്ത ഡി.ജി.പി തസ്തികയിൽ 55 ദിവസം പൂർത്തിയാക്കി പടിയിറങ്ങുന്ന സെൻകുമാറിന്റെ പേര് ഇന്ത്യൻ പോലീസ് ചരിത്രത്തിൽ ഇടം നേടും.
2015 മാർച്ച് 31ന് കെ.എസ്.ബാലസുബ്രഹ്മണ്യം വിരമിച്ച ശേഷമാണ് ടി.പി.സെൻകുമാർ പോലീസ് മേധാവി സ്ഥാനത്തു വന്നത്. എന്നാൽ ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ സെൻകുമാർ എടുത്ത ശക്തമായ നിലപാടുകൾ സെൻകുമാറിനെ സി.പി.എമ്മിന് അനഭിമതനാക്കി. സി.പി.എമ്മിന്റെ വിശ്വസ്തയായ ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോയുമായുള്ള ഭിന്നതയും കൂടിയായപ്പോൾ പിണറായി വിജയൻ അധികാരത്തിൽ വന്ന ആറാം ദിവസം സെൻകുമാറിനെ ഇറക്കിവിട്ടു. എന്നാൽ 11 മാസം നീണ്ട, സുപ്രീം കോടതി വരെയെത്തിയ നിയമ പോരാട്ടത്തിലൂടെ മെയ് അഞ്ചിന് സെൻകുമാർ വീണ്ടും ഡി.ജി.പിയായപ്പോൾ അത് സർക്കാരിന്റെ രാഷ്ട്രീയ വൈരാഗ്യത്തിനേറ്റ തിരിച്ചടിയായി.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്നു കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ സെൻകുമാർ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നിയമ ബിരുദവും നേടി. ഇന്ത്യൻ ഇക്കണോമിക് സർവീസിൽ നിന്നാണ് സെൻകുമാർ ഐ.പി.എസിലേക്കെത്തുന്നത്. 1983 ലെ കേരള കേഡർ ഉദ്യോഗസ്ഥനായ സെൻകുമാർ തലശ്ശേരി എഎസ്പിയായാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്.
കൊച്ചി കമ്മീഷണർ, വിജിലൻസ് ഐ.ജി, ദക്ഷിണമേഖല ഐ.ജി, കെഎസ്ആർടിസി എം.ഡി, ഗതാഗത കമ്മിഷണർ, കെ.ടി.ഡി.എഫ്.സി എം.ഡി, എഡിജിപി ഇന്റലിജൻസ്, ജയിൽ ഡി.ജി.പി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ലിസ് കേസ്, ചാരക്കേസ്, തേക്ക് മാഞ്ചിയം കേസ്, വിതുര, പന്തളം പെൺവാണിഭക്കേസുകൾ തുടങ്ങിയ സുപ്രധാന കേസുകളുടെ അന്വേഷണച്ചുമതല വഹിച്ചിരുന്നു. രാഷ്ട്രപതിയുടെ സ്തുത്യർഹ സേവനത്തിനുള്ള മെഡൽ ലഭിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ 7.30ന് പേരൂർക്കട എസ്എപി ഗ്രൗണ്ടിൽ നടക്കുന്ന പരേഡിൽ സെൻകുമാർ സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കും.
വൈകുന്നേരം 4 നാണ് അധികാര കൈമാറ്റം. പോലീസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ സെൻകുമാറിൽ നിന്ന് ലോക്‌നാഥ് ബെഹ്‌റ പോലീസ് മേധാവി സ്ഥാനം ഏറ്റെടുക്കും. രാത്രി താജ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ഐ.പി.എസ് അസോസിയേഷൻ സെൻകുമാറിന് യാത്രയയപ്പ് നൽകും.