ഫെയ്‌സ് ബുക്കില്‍ ബീഫ് സൂപ്പ് പോസ്റ്റ് ചെയ്തു; മുസ്ലിം യുവാവിന് മര്‍ദനം

നാഗപട്ടണം- തമിഴ്നാട്ടില്‍ ഗോമാംസ സൂപ്പ് കഴിക്കുന്നതിന്റെ ചിത്രം അപ്ലോഡ് ചെയ്ത  മുസ്ലിം യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ചു.  നാഗപട്ടണത്തിനടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
നാഗപട്ടണം പൊറാവച്ചേരിയിലെ മുഹമ്മദ് ഫൈസാനാണ് (24) സൂപ്പിന്റെ രുചി വിവരിച്ചുകൊണ്ട് ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്.
പോസ്റ്റിനെ എതിര്‍ത്ത ഒരു സംഘം ആളുകള്‍ വ്യാഴാഴ്ച രാത്രി മുഹമ്മദ് ഫൈസാന്റെ വീട്ടില്‍ ചെന്ന് ചോദ്യം ചെയ്യുകയായിരുന്നു. വാക്കു തര്‍ക്കത്തിനുശേഷം നാലു പേരും ചേര്‍ന്ന്  യുവാവിനെ മര്‍ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പരിക്കേറ്റ മുഹമ്മദ് ഫൈസാനെ നാഗപട്ടണത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദിനേശ് കുമാര്‍ (28), അഗതിയന്‍, 29, ഗണേശ്കുമാര്‍ (27), മോഹന്‍കുമാര്‍ (28) എന്നിവരെയാണ് ജില്ലാ പോലീസ് സൂപ്രണ്ട് ടി.കെ രാജശേഖരന്റെ നിര്‍ദേശപ്രകാരം അറസ്റ്റ് ചെയ്തതെന്ന്  പോലീസ് പറഞ്ഞു.

 

Latest News