റിയാദ് - ബിനാമി ബിസിനസ് സ്ഥാപനം നടത്തിയ കേസിൽ സൗദി പൗരനെയും സിറിയക്കാരനെയും റിയാദ് ക്രിമിനൽ കോടതി ശിക്ഷിച്ചതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു.
റിയാദിൽ നിയമം ലംഘിച്ച് സ്വന്തം നിലക്ക് കോൺട്രാക്ടിംഗ് സ്ഥാപനം നടത്തിയ സിറിയക്കാരൻ ഹിശാം ബിൻ സ്വാലിഹ് അൽഅലിക്കും ഇതിനു ഒത്താശ ചെയ്ത സൗദി പൗരൻ ഹമദ് ബിൻ സ്വാലിഹ് ബിൻ ഹമദ് അൽനാസിറിനുമാണ് ശിക്ഷ. ഇരുവർക്കും കോടതി 80,000 റിയാൽ പിഴ ചുമത്തി. സ്ഥാപനം അടപ്പിക്കുന്നതിനും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കുന്നതിനും കോടതി ഉത്തരവിട്ടു.
ഇതേ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽനിന്ന് സൗദി പൗരന് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. ശിക്ഷ അനുഭവിച്ച ശേഷം സിറിയക്കാരനെ നാടുകടത്തും. സൗദി പൗരന്റെയും സിറിയക്കാരന്റെയും പേരുവിവരങ്ങളും ഇരുവരും നടത്തിയ നിയമലംഘനവും ഇതിനുള്ള ശിക്ഷയും രണ്ടു പേരുടെയും ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടു.
സിറിയക്കാരൻ നടത്തുന്ന കോൺട്രാക്ടിംഗ് സ്ഥാപനം ബിനാമിയാണെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന് സംശയം തോന്നുകയായിരുന്നു. സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ മറ്റു സ്ഥാപനങ്ങളുമായും വ്യക്തികളുമായും ഭീമമായ തുകയുടെ സാമ്പത്തിക ഇടപാടുകൾ സിറിയക്കാരൻ നടത്തുന്നതിന്റെ തെളിവുകളും വേതനത്തിന് യോജിക്കാത്ത ഭീമമായ തുകകൾ ഇയാൾ വിദേശത്തേക്ക് അയച്ചതിന്റെ രേഖകളും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ സൗദി പൗരനും സിറിയക്കാരനും എതിരായ കേസ് വാണിജ്യ, നിക്ഷേപ മന്ത്രാലയം നിയമ നടപടികൾക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. സർവേയർ വിസയിലാണ് സിറിയക്കാരൻ സൗദിയിലെത്തിയത്.
സൗദിയിൽ ബിനാമി ബിസിനസ് കേസ് പ്രതികൾക്ക് പത്തു ലക്ഷം റിയാൽ വരെ പിഴയും രണ്ടു വർഷം വരെ തടവു ശിക്ഷയുമാണ് നിയമം അനുശാസിക്കുന്നത്. ബിനാമി സ്ഥാപനങ്ങൾ നടത്തുന്ന വിദേശികൾക്കും അവരെ സഹായിക്കുന്ന സൗദികൾക്കും ഒരുപോലെ ശിക്ഷ ലഭിക്കും. നിയമലംഘകരായ വിദേശികളെ നാടുകടത്തും. കുറ്റക്കാരായ സൗദി പൗരന്മാർക്ക് അതേ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽനിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്യും. ബിനാമി ബിസിനസ് സ്ഥാപനങ്ങളെക്കുറിച്ച് വിവരം നൽകുന്നവർക്ക് നിയമലംഘകരിൽനിന്ന് ഈടാക്കുന്ന പിഴ സംഖ്യയുടെ 30 ശതമാനം വരെ പാരിതോഷികം നൽകും. രാജ്യത്ത് പ്രവർത്തിക്കുന്ന ബിനാമി ബിസിനസ് സ്ഥാപനങ്ങൾ ദേശീയ സമ്പദ്‌വ്യവസ്ഥക്ക് പ്രതിവർഷം 30,000 കോടി റിയാൽ മുതൽ 40,000 കോടി റിയാലിന്റെ വരെ നഷ്ടമുണ്ടാക്കുന്നുണ്ടെന്നാണ് കണക്ക്.