Sorry, you need to enable JavaScript to visit this website.

കമ്പനി പാപ്പരായി; സൗദിയില്‍ ചികിത്സ വഴിമുട്ടിയ ബിഹാര്‍ സ്വദേശിയെ നാട്ടിലെത്തിച്ചു

ദമാം- ജോലി ചെയ്യുന്ന കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് അര്‍ബുദ ചികിത്സക്കായി ഏറെ ബുദ്ധിമുട്ടിയ ഇന്ത്യക്കാരനെ സാമൂഹ്യ പ്രവര്‍ത്തകര്‍ ഇടപെട്ട് നാട്ടിലെത്തിച്ചു. ആയിരക്കണക്കിന് പേര്‍ ജോലി ചെയ്തിരുന്ന അല്‍ അസ്മീല്‍ കമ്പനി ജീവനക്കാരനും ബിഹാര്‍ സ്വദേശിയുമായ മുഹമ്മദ് മുന്ന അന്‍സാരിയാണ് സുമനസ്സുകളുടെയും ദമാം തര്‍ഹീല്‍ അധികൃതരുടെയും സഹായത്തോടെ നാട്ടിലെത്തിയത്. ആറ് വര്‍ഷം മുമ്പാണ് ദമാമിലെ ഒരു പ്രമുഖ കമ്പനിയില്‍ മുഹമ്മദ് മുന്ന ജോലിക്കെത്തിയത്.
രണ്ടു വര്‍ഷം മുമ്പാണ് തൊഴിലാളികള്‍ക്ക് ശമ്പളമോ ജോലിയോ നല്‍കാന്‍ കഴിയാതെ സാമ്പത്തികമായി കമ്പനി തകര്‍ന്നത്. ഇതോടെ നിത്യ ജീവിതത്തിനു പോലും വഴിയില്ലാതെ ബുദ്ധിമുട്ടിയ തൊഴിലാളികള്‍ ലേബര്‍ ഓഫീസില്‍ കേസ് നല്‍കി. കോടതിയില്‍നിന്ന് അനുകൂലമായ വിധി സമ്പാദിച്ചുവെങ്കിലും തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിയാത്ത രൂപത്തില്‍ കമ്പനി പാപ്പരായി മാറി.
ഇതോടെ ഇന്ത്യന്‍ സമൂഹത്തിലെ വിവിധ സംഘടനകള്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചു സഹായമെത്തിച്ചിരുന്നു. ഈ സമയത്താണ് അസുഖ ബാധിതനായ മുഹമ്മദ് മുന്ന അന്‍സാരി ദമാമിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയത്. അസുഖത്തിന് ശമനമില്ലാതായതോടെ വിദഗ്ദ ചികിത്സക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇദ്ദേഹത്തെ ദമാം അല്‍ മുവാസാത് ആശുപത്രിയിലേക്ക് മാറ്റി. ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ളതിനാല്‍ ചികിത്സ തുടര്‍ന്നു കൊണ്ടിരുന്നു.
വിദഗ്ധ പരിശോധനയില്‍ രക്താര്‍ബുദമാണെന്നു കണ്ടെത്തി. ഇഖാമ ആറ് മാസം മുമ്പേ കാലാവധി തീര്‍ന്നെങ്കിലും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിച്ചിരുന്നു. രണ്ടു മാസത്തിന് ശേഷം ഇന്‍ഷുറന്‍സ് പരിരക്ഷയുടെ കലാവധി അവസാനിച്ചതോടെ ആശുപത്രി അധികൃതര്‍ പിന്നീടുള്ള ചികിത്സ നിഷേധിച്ചു. കമ്പനിയിലെ സഹപ്രവര്‍ത്തകരായ നാട്ടുകാരന്‍ അക്രം അന്‍സാരിയും മലയാളിയായ മാത്യു പീറ്ററും അവരുടെ സ്വന്തം ചെലവില്‍ വിദഗ്ദ ചികിത്സക്ക് നാട്ടിലെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പാപ്പരായ കമ്പനിയില്‍ നിന്നും ഒരു സഹായവും ലഭിക്കില്ലെന്ന് മനസ്സിലാക്കിയ ഇവര്‍ മുഹമ്മദ് മുന്നയുടെ ദുരവസ്ഥ സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ ശ്രദ്ധയില്‍ പെടുത്തി. ഇതിനിടെ യാത്രക്കിടയില്‍ പോലീസ് പരിശോധനയില്‍ പിടിക്കപ്പെട്ട മുഹമ്മദ് മുന്ന ദമാം തര്‍ഹീലില്‍ എത്തിപ്പെട്ടു. ഇദ്ദേഹത്തിന്റെ രോഗ വിവരവും കമ്പനിയിലെ വിഷയങ്ങളും നാസ് വക്കം ദമാം തര്‍ഹീല്‍ മേധാവിയുടെ ശ്രദ്ധയില്‍ പെടുത്തിയതോടെ എക്‌സിറ്റ് വിസ ഇഷ്യു ചെയ്തു. ബിഹാര്‍ സ്വദേശി ഷക്കീലും സുഹൃത്തുക്കളും നല്‍കിയ ടിക്കറ്റില്‍  മുഹമ്മദ് മുന്ന അന്‍സാരി കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി. അല്‍ സുഹൈമി കമ്പനിയിലെ ജീവനക്കാരായ അക്രം അന്‍സാരിയും, മാത്യു പീറ്ററും സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ സാനിധ്യത്തില്‍ യാത്രാ രേഖകള്‍ കൈമാറി. സാമൂഹ്യ പ്രവര്‍ത്തകനായ ഇല്യാസ് കൊടുങ്ങല്ലൂര്‍, എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥനായ നവാഫ് ഹാജ്‌രി എന്നിവരും സംബന്ധിച്ചു.
 
കാപ്

നാട്ടിലേക്ക് മടങ്ങിയ മുഹമ്മദ് മുന്ന അന്‍സാരിക്ക് അക്രം അന്‍സാരി യാത്രാ രേഖകളും ടിക്കറ്റും നല്‍കുന്നു.

 

Latest News