Sorry, you need to enable JavaScript to visit this website.

വെള്ള ട്രെയിനുകള്‍ ചെന്നൈയിലെത്തി  

ചെന്നൈ-കടുത്ത വരള്‍ച്ചയില്‍ ബുദ്ധിമുട്ടുന്ന ചെന്നൈ നിവാസികള്‍ക്ക് ആശ്വാസത്തിന് വെള്ളവുമായി ആദ്യ ട്രെയിന്‍ എത്തി. ജോലര്‍പ്പേട്ട റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് 2.5 മില്യണ്‍ ലിറ്റര്‍ വെള്ളവുമായാണ് ഇന്ന് രാവിലെ ആദ്യ ട്രെയിന്‍ ചെന്നൈയിലേക്ക് പുറപ്പെട്ടത്. ആദ്യ ട്രെയിന്‍ ചെന്നൈയിലെത്തിയതിന് പിന്നാലെ മറ്റൊരു ട്രെയിനും നഗരത്തില്‍ വെള്ളമെത്തിക്കും. 
ചെന്നൈയിലെ വില്ലിവാക്കത്തെ നോര്‍ത്ത് ജഗന്നാഥ് നഗറിലാണ് വെള്ളം എത്തിച്ചേരുക. വെള്ളവുമായി എത്തുന്ന ആദ്യ ട്രെയിനിനെ മന്ത്രി എസ്.പി. വേലുമണിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.  ജോലാര്‍പ്പേട്ടയില്‍ നിന്നും വില്ലിവാക്കത്ത് എത്താന്‍ അഞ്ചുമണിക്കൂറോളം സമയമെടുത്തു.  204 കിലോമീറ്ററോളം ഉണ്ട് ദൂരം. ഒരു ട്രിപ്പിന് റെയില്‍വെ ഈടാക്കുന്നത് 8.5 ലക്ഷം രൂപയാണ്. ഒരു ലിറ്റര്‍ എത്തിക്കുന്നതിന് ഖജനാവില്‍ നിന്ന് ചെലവാകുന്നത് 34 പൈസയാണ്. ഇതിനായി തമിഴ്‌നാട് സര്‍ക്കാര്‍ ആകെ 65 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.
നിലവില്‍ 50 വാഗണുകളില്‍ 2.5 മില്യണ്‍ ലിറ്റര്‍ വെള്ളമാണ് ഒരു ട്രിപ്പില്‍ ചെന്നൈ നഗരത്തിലേക്ക് എത്തിക്കുന്നത്. ഓരോ വാഗണിലും 55000 ലിറ്റര്‍ ജലമാണുള്ളത്. വെല്ലൂര്‍ ശുദ്ധജല വിതരണ പദ്ധതി പ്രകാരം ജോലാര്‍പ്പേട്ടയ്ക്ക് അടുത്തുള്ള മേട്ടുചക്രകുപ്പത്തെ ടാങ്കില്‍ നിന്ന് 2.5 കിലോമീറ്റര്‍ പൈപ്പ് സ്ഥാപിച്ചാണ് വെള്ളം ട്രെയിനിലെ വാഗണുകളിലേക്ക് മാറ്റുന്നത്.

Latest News