Tuesday , November   19, 2019
Tuesday , November   19, 2019

വാട്‌സ്ആപ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ:  സി.പി.എം പ്രവർത്തകൻ വിവാദത്തിൽ 

കോട്ടയം- യുവതികൾ ഉൾപ്പെട്ട ഡി.വൈ.എഫ്.ഐ വാട്‌സ്ആപ് ഗ്രൂപ്പിൽ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതു വിവാദത്തിൽ. കുമരകം സൗത്ത് ലോക്കൽ കമ്മിറ്റി അംഗമാണ് ഡി.വൈ.എഫ്.ഐ റെഡ് ആർമി, മിറാഷ് കുമരകം എന്നീ ഗ്രൂപ്പുകളിൽ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതായാണ് പരാതി ഉയർന്നത്. വീഡിയോ ഡിലീറ്റ് ചെയ്‌തെങ്കിലും പാർട്ടി വൃത്തങ്ങളിൽ ഇതിനോടകം തന്നെ സംഭവം ചർച്ചയായി. യുവതികൾ ഗ്രൂപ്പു വിട്ടു. ഇതോടെയാണ് സംഭവം വീണ്ടും ചർച്ചയായി മാറിയത്.

ഇന്നലെ ഉച്ചക്കാണ് രണ്ടു ഗ്രൂപ്പിലും ഒരേ സമയം കുമരകം സൗത്ത് ലോക്കൽ കമ്മിറ്റി അംഗം അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തത്. സി.പി.എം നേതാവ് ധനരാജിന്റെ അനുസ്മരണ ദിനമായിരുന്നു ഇന്നലേ. അനുസ്മരണത്തിന്റെ ഭാഗമായുള്ള വീഡിയോ അയച്ചതിനു പിന്നാലെയാണ് അശ്ലീല വീഡിയോകൂടി പാർട്ടി ഔദ്യോഗിക ഗ്രൂപ്പിൽ എത്തിയത്. ഇതിനെതിരെ കടുത്ത വിമർശനമാണ് വിവിധ കോണുകളിൽ നിന്നും ഉയർന്നത്. വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ ഇതു സംബന്ധിച്ചുള്ള ചർച്ചകളും ഗ്രൂപ്പിൽ നടന്നു. 

ഇതോടെ ഇരുപത് മിനിറ്റിന് ശേഷം ലോക്കൽ കമ്മിറ്റി അംഗം വീഡിയോ ഡിലീറ്റ് ചെയ്തു. എന്നാൽ, പലരും ഈ സമയത്തിനിടെ വീഡിയോ ഡൗൺലോഡ് ചെയ്തിരുന്നു. സംഭവം വിവാദമായതോടെ ലോക്കൽ കമ്മിറ്റി അംഗം മാപ്പു പറഞ്ഞിട്ടുണ്ട്. എന്നാൽ, മാപ്പ് പറച്ചിലിൽ കാര്യമില്ലെന്നും സുരേഷിനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നുമാണ് പാർട്ടിയിലെ ഒരു വിഭാഗം ഇപ്പോൾ ആവശ്യപ്പെടുന്നത്.