Sorry, you need to enable JavaScript to visit this website.

പീഡനം; വളാഞ്ചേരി നഗരസഭാ കൗൺസിലറെ  ഉടനെ അറസ്റ്റു ചെയ്യരുതെന്ന് കോടതി

മഞ്ചേരി- വിവാഹ വാഗ്ദാനം നൽകി പതിനേഴുകാരിയെ പീഡനത്തിനിരയാക്കിയെന്ന കേസിൽ ഒളിവിൽ കഴിയുന്ന വളാഞ്ചേരി നഗരസഭാ കൗൺസിലറെ ഉടൻ അറസ്റ്റ് ചെയ്യരുതെന്ന് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതിയുടെ ചാർജുള്ള ജില്ലാ സെഷൻസ് ജഡ്ജി സുരേഷ് കുമാർ പോൾ പോലീസിനു നിർദേശം നൽകി. 
കേസിലെ പ്രതിയും വളാഞ്ചേരി നഗരസഭയിൽ 32 ാം ഡിവിഷനിൽ നിന്നുള്ള ഇടതു കൗൺസിലറുമായ തൊഴുവാനൂർ കാളിയാല നടക്കാവിൽ ഷംസുദ്ദീന്റെ ഹരജിയിലാണ് ഉത്തരവ്. ഷംസുദ്ദീൻ ജില്ലാ പോക്‌സോ കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇക്കഴിഞ്ഞ ജൂൺ ഒന്നിനു ജഡ്ജി എ.വി.നാരായണൻ തള്ളിയിരുന്നു. തുടർന്നു ഷംസുദീൻ മേൽക്കോടതിയെ സമീപിച്ചുവെങ്കിലും കീഴ്‌ക്കോടതിയിൽ വീണ്ടും അപേക്ഷ സമർപ്പിക്കാനായിരുന്നു ഹൈക്കോടതി നിർദേശം.  
ഇതിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതിയിൽ സമർപ്പിക്കുകയായിരുന്നു. ഹരജി ഫയലിൽ സ്വീകരിച്ച കോടതി മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകുന്നതു വരെ അറസ്റ്റ് വിലക്കുകയായിരുന്നു.  വിവാഹ വാഗ്ദാനം നൽകി 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പിന്നീട് പ്രതി വിവാഹ വാഗ്ദാനത്തിൽനിന്നു പിൻമാറിയതോടെ കുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. കൗൺസിലർ പോക്‌സോ കേസിൽ ഉൾപ്പെട്ടത് വലിയ രാഷ്ട്രീയ വിവാദമായിട്ടുണ്ട്. പ്രതിക്കു വേണ്ടി അഡ്വ. ബി.എ.ആളൂരാണ് ഹാജരായത്.  


 

Latest News