Saturday , July   20, 2019
Saturday , July   20, 2019

യുവാവിനെ കൊന്ന് ചതുപ്പിൽ താഴ്ത്തിയ  അഞ്ച് പേർ അറസ്റ്റിൽ 

കൊച്ചി- കുമ്പളം സ്വദേശിയായ യുവാവിനെ തല്ലിക്കൊന്ന് ചതുപ്പിൽ താഴ്ത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്തയാൾ അടക്കം അഞ്ചുപേർ അറസ്റ്റിൽ. കുമ്പളം മാന്നനാട്ട് എം.എസ്.വിദ്യന്റെ മകൻ എം.വി. അർജുന്റെ (20) മൃതദേഹമാണ് കാണാതായി എട്ടാം ദിവസം നെട്ടൂരിൽ കണ്ടൽക്കാടുകൾ നിറഞ്ഞ ചതുപ്പിൽനിന്ന് കഴിഞ്ഞ ബുധനാഴ്ച കണ്ടെടുത്തത്. ചവിട്ടി താഴ്ത്തിയ ശേഷം കോൺക്രീറ്റ് കല്ല് പുറത്തുവച്ച നിലയിലായിരുന്നു മൃതദേഹം. അഴുകിയ നിലയിലായിരുന്നു മൃതദേഹം. പ്രതികളായ കുമ്പളം തട്ടാശേരിൽ അജിത് കുമാർ (22), നെട്ടൂർ കളപ്പുരയ്ക്കൽ അനന്തു (21), കുമ്പളത്ത് വാടകക്ക് താമസിക്കുന്ന നെട്ടൂർ മാളിയേക്കൽ നിബിൻ പീറ്റർ (20), നെട്ടൂർ കുന്നലക്കാട് റോണി (23), പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെ പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെല്ലാം ലഹരി വിൽപ്പന സംഘാംഗങ്ങളാണ്. ഇവരെ കോടതിയിൽ ഹാജരാക്കി.
അതേസമയം പോലീസ് കേസെടുത്ത് അന്വേഷിക്കാൻ വൈകിയെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു. യുവാവിനെ കാണാതായെന്ന പരാതി പനങ്ങാട് പോലീസിന് നൽകി ഒരാഴ്ച്ച കഴിഞ്ഞ ശേഷമാണ് പോലീസ് സംഭവം അന്വഷിക്കാൻ തയാറായത്.
ജൂലൈ രണ്ടാം തീയതി രാത്രിയായിട്ടും അർജുൻ വീട്ടിലെത്താതിരുന്നതിനാൽ തൊട്ടടുത്ത ദിവസം തന്നെ വീട്ടുകാർ പനങ്ങാട് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിനിടെ വീട്ടുകാർ സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിനിടയിൽ, അർജുനെ കാണാതായതായ ദിവസം വീട്ടിൽനിന്ന് വിളിച്ചുകൊണ്ടുപോയ യുവാവിനെക്കുറിച്ചും നെട്ടൂർ പാലത്തിന്റെ ഭാഗത്തേക്ക് ഇവർ പോയതായി കിട്ടിയ വിവരവും പോലീസിന് കൈമാറിയിരുന്നു. എന്നാൽ പോലീസ് വീട്ടുകാർ ചൂണ്ടിക്കാണിച്ചവരെ വിശദമായി ചോദ്യം ചെയ്യാതെ വിട്ടയച്ചതാണ് വിവാദമായത്. 
അർജുന്റെ മൊബൈൽ ഫോൺ പ്രവർത്തിക്കുന്നുണ്ടെന്ന പ്രതികളുടെ മൊഴി പോലീസ് വിശ്വസിച്ചതാണ് അന്വേഷണം വൈകിപ്പിച്ചത്. ഫോൺ ബെല്ലടിക്കുന്നുണ്ടായിരുന്നു. ഇത് വിശ്വസിച്ച പോലീസ് പ്രതികളെന്നു നാട്ടുകാരും വീട്ടുകാരും ചൂണ്ടിക്കാട്ടിയവരെ വിട്ടയക്കുകയായിരുന്നു. ദിവസങ്ങൾക്കുള്ളിൽ അർജുൻ തിരിച്ചുവരുമെന്നും പോലീസ് പറഞ്ഞിരുന്നു. പ്രതികളാകട്ടെ തന്ത്രപരമായി ദൃശ്യം സിനിമയിലേതുപോലെ അർജുന്റെ മൊബൈൽ ഒരു ലോറിയിൽ ഉപേക്ഷിച്ചതാണ് പോലീസിനെ കബളിപ്പിച്ചത്. ലോറി പോയിടത്തെല്ലാം മൊബൈൽ ടവർ ലൊക്കേഷൻ കാണിച്ചു. ഇതു കണ്ട് പോലീസാകട്ടെ അർജുൻ ജീവിച്ചിരിപ്പുണ്ടെന്ന് ധരിക്കുകയും ചെയ്തു. 
അർജുനെ കാണാതായെന്ന് പരാതി കിട്ടിയ അന്നു തന്നെ എഫ്.ഐ.ആർ എടുത്തിരുന്നുവെന്നും അർജുന്റെ സുഹൃത്തുക്കളും ബന്ധുക്കളും പ്രതികളെ പിടികൂടി പൊലീസിനെ ഏൽപിച്ചെന്ന വാദം തെറ്റാണെന്നും പൊലീസ് വാദിക്കുന്നു. പോലീസാണ് പ്രതികളെ വിളിച്ചു വരുത്തിയത്. പ്രതികൾ മൊബൈൽ ഫോണുകൾ പലയിടത്തായി ഒളിപ്പിച്ചു. ഇതിനാൽ ടവർ ലൊക്കേഷൻ തെറ്റിയെന്നും പോലീസ് ന്യായീകരിക്കുന്നു.
എന്നാൽ, മകനെ കാണാതായി ഒരാഴ്ച പിന്നിട്ടതോടെ വീട്ടുകാർ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജി ഫയൽ ചെയ്തു. കോടതി നിർദേശിച്ചപ്പോഴാണ് പോലീസ് വിശദമായ അന്വേഷണത്തിന് തയാറായത്. തൊട്ടടുത്ത ദിവസം വീട്ടുകാർ ചൂണ്ടിക്കാട്ടിയ പ്രതികളെ പോലീസ് ഒരുവട്ടം കൂടി ചോദ്യം ചെയ്തതോടെ സംഭവത്തിന്റെ ചുരുളഴിയുകയും തല്ലിക്കൊന്ന അർജുന്റെ മൃതദേഹം ഒളിപ്പിച്ച നെട്ടൂരിലെ ചതുപ്പ് നിലം പ്രതികൾ പോലീസിന് കാണിച്ചു കൊടുക്കുകയുമായിരുന്നു. പരാതി നൽകിയ ദിവസം തന്നെ തങ്ങൾ നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് വേണ്ടവിധത്തിൽ അന്വേഷിച്ചിരുന്നെങ്കിൽ ഈയവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്ന് വീട്ടുകാർ ചൂണ്ടിക്കാട്ടി. മുൻ വൈരാഗ്യമാണ് മകന്റെ കൊലക്ക് കാരണമെന്ന് അർജുന്റെ പിതാവ് പറഞ്ഞു. പ്രതികളെല്ലാം അർജുന്റെ കൂട്ടുകാരും സമപ്രായക്കാരുമാണ്. ഇന്നലെ രാവിലെ പുറത്തെടുത്ത അഴുകിയ നിലയിലുള്ള മൃതദേഹം മാംസമെല്ലാം നഷ്ടപ്പെട്ട് എല്ല് മാത്രം അവശേഷിച്ച നിലയിലായിരുന്നു. കാണാതായ സമയത്ത് അർജുൻ ധരിച്ചിരുന്ന ഷർട്ടും ജീൻസും മൃതദേഹത്തിലുണ്ടായിരുന്നു. ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി സംസ്‌കരിച്ചു. അമ്മ: സിന്ധു. ഏക സഹോദരി: അനഘ.

Latest News