മലപ്പുറം- മന്ത്രി കെ.ടി ജലീലിനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുകയും ചെയ്ത കേസിൽ മുഖ്യ പ്രതിയടക്കം രണ്ടു ലീഗ് പ്രവർത്തകരെ കൂടി കൽപകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. വാഹനത്തിൽ കയറാൻ പോകുന്ന മന്ത്രി ജലീലിനെ തടഞ്ഞ കേസിൽ പെരുമണ്ണ താളിക്കാടൻ മുഹ്‌സിനെയും (24), വ്യാജ വാർത്ത സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച കേസിന് വെന്നിയൂർ കല്ലിങ്ങഞ്ഞൊടി ഇല്യാസ് (40) എന്നിവരെയാണ് കൽപകഞ്ചേരി എസ്.ഐ എസ്.കെ.പ്രിയനും സംഘവും അറസ്റ്റ് ചെയ്തത്.
കേസിൽ ഒന്നാം പ്രതിയായ മുഹ്‌സിൻ സംഭവത്തിനു ശേഷം സേലത്ത് ഒളിച്ചു താമസിക്കുകയായിരുന്നു. വിവരമറിഞ്ഞ പോലീസ് പ്രതിയെ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ചെട്ടിയാംകിണറിൽ വെച്ചാണ് കൈേയറ്റശ്രമം നടന്നത്. പുറത്തൂരിൽ നിന്നു കരിപ്പൂരിലേക്ക് പോകുന്നതിനിടെ ചെട്ടിയാംകിണറിൽ റോഡിൽ ബൈക്കിൽ നിന്നു വീണ യുവാക്കളെ മന്ത്രി രക്ഷപ്പെടുത്താനിറങ്ങിയപ്പോൾ മുഹ്‌സിന്റെ നേതൃത്വത്തിൽ മന്ത്രിയെ കയ്യേറ്റത്തിനു ശ്രമിക്കുകയും സംഭവം ഫോണിൽ ചിത്രീകരിച്ച് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു.
മന്ത്രിയെ തടഞ്ഞു നിർത്തിയതു മുഹ്‌സിനാണെന്ന് പോലീസ് പറഞ്ഞു. ഈ സമയം കാറിലെത്തിയ ഇല്യാസ് മൊബൈൽ ഫോണിൽ പകർത്തി മുസ്‌ലിം ലീഗിന്റെ ഗ്രൂപ്പിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇല്യാസ് വാളക്കുളത്തെ യൂത്ത് ലീഗ് നേതാവും മുഹ്‌സിൻ ലീഗ് പ്രവർത്തകനുമാണ്. കേസിൽ വാളക്കുളം സ്വദേശി ലീഗ് പ്രവർത്തകനായ അയ്യൂബിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.






